ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും അന്യഭാഷയിലും സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ദുല്‍ഖര്‍ പിന്നീട് സ്വയം ഒരു ബ്രാന്‍ഡായി മാറി. ബിഗ് എംസിന് ശേഷം മോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ്പുള്ളര്‍ കൂടിയാണ് ദുല്‍ഖര്‍.
കരിയറാരംഭിച്ച് 14 വര്‍ഷമായിട്ടും ഇതുവരെ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല. വ്യത്യസ്ത സിനിമകളിലൂടെയാണ് ഇരുവരും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. എന്നാല്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന വേദികളും കുറവാണ്. വിശേഷദിവസങ്ങളില്‍ ദുല്‍ഖര്‍ പങ്കുവെക്കുന്ന അപൂര്‍വ ഫോട്ടോകളിലൂടെയാണ് ഇരുവരെയും ഒന്നിച്ച് കാണാനാകുന്നത്.
ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നതിന് പുറമെ ദുല്‍ഖറിന്റെ സിനിമകളെ പ്രൊമോട്ട് ചെയ്യുന്നതുപോലും മമ്മൂട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ആദ്യചിത്രമായ സെക്കന്‍ഡ് ഷോ മുതല്‍ ഡി.ക്യുവിന്റെ ഒരൊറ്റ സിനിമ പോലും മമ്മൂട്ടി പ്രൊമോട്ട് ചെയ്യാറില്ല. കുറുപ്പ് മാത്രമാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പ്രൊമോട്ട് ചെയ്തത്. ഇപ്പോഴിതാ മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖര്‍.
‘എനിക്ക് തോന്നുന്നത് ഞാന്‍ ഏറ്റവും ബ്ലെസ്ഡ് ആയിട്ടുള്ള മകനാണെന്നാണ്. കാരണം, ഇന്നേവരെ അദ്ദേഹം എന്റെ കാര്യങ്ങളില്‍ അധികം ഇടപെട്ടിട്ടില്ല. ആകെപ്പാടെ പറഞ്ഞിട്ടുള്ളത് ‘നീ നിനക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വെച്ചാല്‍ ചെയ്‌തോ, അത് നീയായിട്ട് തന്നെ ചെയ്യണം, നീ പരാജയപ്പെട്ടാലും വിജയിച്ചാലും അത് നിന്റേത് മാത്രമായിരിക്കണം’ എന്നാണ്.
എന്തെങ്കിലും വന്നാല്‍ ഒരു ബാക്കപ്പായിട്ട് നില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘സര്‍ക്കസില്‍ വീഴാതെ നമ്മളെ രക്ഷിക്കുന്ന സേഫ്റ്റി നെറ്റ് പോലെ നീ വീഴാതെ നിന്നെ സംരക്ഷിക്കാം’ എന്നും പറഞ്ഞിട്ടുണ്ട്. അദ്ദേഹമാണ് എന്റെ സേഫ്റ്റി നെറ്റ്. എന്നാല്‍ എന്ത് ചെയ്യണമെന്നൊന്നും ഉപദേശിക്കാന്‍ വന്നിട്ടില്ല. അക്കാര്യത്തില്‍ ബ്ലെസ്ഡ് ആണ്,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.
താരം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഐ ആം ഗെയിം റിലീസിന് തയാറെടുക്കുകയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നായകനായി വേഷമിടുന്ന ചിത്രമാണിത്. വന്‍ ബജറ്റിലും ഹൈപ്പിലും ഒരുങ്ങുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ, കയദു ലോഹര്‍, മിഷ്‌കിന്‍, കതിര്‍ തുടങ്ങി നീണ്ട താരനിര പ്രത്യക്ഷപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Dulquer Salmaan about the advice he got from Mammootty