ക്രെഡിറ്റ് മൊത്തം ബോളിവുഡ് കൊണ്ടുപോകില്ലേ, ദൃശ്യം 3 റിലീസ് ഒന്നിച്ചാകുമെന്ന സംവിധായകന്റെ പ്രസ്താവനക്ക് പിന്നാലെ സോഷ്യല്‍ മീഡിയ
Entertainment
ക്രെഡിറ്റ് മൊത്തം ബോളിവുഡ് കൊണ്ടുപോകില്ലേ, ദൃശ്യം 3 റിലീസ് ഒന്നിച്ചാകുമെന്ന സംവിധായകന്റെ പ്രസ്താവനക്ക് പിന്നാലെ സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd June 2025, 4:21 pm

മലയാളസിനിമയിലെ സകല റെക്കോഡുകളും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് എല്ലാവരും ഒരുപോലെ കരുതുന്ന ചിത്രമാണ് ദൃശ്യം 3. മോളിവുഡിന്റെ നാഴികക്കല്ലുകളിലാന്നായ ദൃശ്യത്തിന് 2021ലാണ് രണ്ടാം ഭാഗം ഒരുങ്ങിയത്. കൊവിഡ് കാലഘട്ടത്തില്‍ നേരിട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും രണ്ടാം ഭാഗമൊരുങ്ങിയിരുന്നു. തകര്‍ച്ചയുടെ വക്കില്‍ നിന്ന ബോളിവുഡിന് ലഭിച്ച ആശ്വാസം പോലെ അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 വന്‍ വിജയമായി. എന്നാല്‍ മൂന്ന് വര്‍ഷത്തിനിപ്പുറം ജോര്‍ജ് കുട്ടിയുടെ മൂന്നാം വരവ് അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്തപ്പോള്‍ ആരാധകര്‍ക്കിടയിലും വലിയ ആശയക്കുഴപ്പങ്ങളാണ്.

ഈ വര്‍ഷം ഒക്ടോബറില്‍ ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ ഷൂട്ട് ആരംഭിക്കുമെന്നും അടുത്ത വര്‍ഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തുമെന്നും നിര്‍മാതാക്കളായ പനോരമ സ്റ്റുഡിയോസ് അറിയിച്ചിരുന്നു. ഒരാഴ്ചക്ക് ശേഷം ദൃശ്യം 3 മലയാളം പതിപ്പിന്റെ ഷൂട്ടും ഈ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെയാണ് ദൃശ്യം 3 സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഹിന്ദി പതിപ്പും മലയാളം പതിപ്പും ഒരുമിച്ച് റിലീസായാല്‍ അത് മലയാളത്തിന് ക്ഷീണമാകുമെന്നും എല്ലാവരും ഹിന്ദി പതിപ്പ് മാത്രമേ ഏറ്റെടുക്കുള്ളൂവെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഷൂട്ട് ചെയ്ത ദൃശ്യം 2വിന്റെ കാസ്റ്റിങ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. അതേ രീതിയില്‍ തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നതെങ്കില്‍ ചിത്രം ശ്രദ്ധിക്കപ്പെടില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ചിത്രത്തിന്റെ റൈറ്റ്‌സ് മുഴുവനായി ബോളിവുഡിന് നല്‍കിയത് ആശീര്‍വാദ് സിനിമാസ് കാണിച്ച മണ്ടത്തരമെന്നാണ് പലരും പറയുന്നത്. കേരളത്തിന് പുറത്ത് മലയാളം പതിപ്പിന് ഹിന്ദി പതിപ്പാണ് ഒറിജിനല്‍ എന്നാണ് ഭൂരിഭാഗം ആളുകളും ധരിച്ച് വെച്ചിരിക്കുന്നതെന്നത് യാഥാര്‍ത്ഥ്യമാണ്. ദൃശ്യം 3 മലയാളത്തിന് മുമ്പ് ഹിന്ദി പതിപ്പ് പുറത്തിറങ്ങിയാല്‍ അത് ഇന്‍ഡസ്ട്രിക്കും ക്ഷീണമാണെന്നും ചിലര്‍ പറയുന്നു.

മൂന്നാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്നും അത് താന്‍ ബോളിവുഡിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നും ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാകും അവര്‍ ചിത്രീകരിക്കുകയെന്നും മലയാളം, ഹിന്ദി, തെലുങ്ക് വേര്‍ഷനുകള്‍ ഒരുമിച്ചാകും ഷൂട്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഒരുമിച്ച് റിലീസുണ്ടാകില്ലെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Drishyam 3 movie will shoot simultaneously in Malayalam and Hindi