'പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുത്'; ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ വിവാദപരാമര്‍ശവുമായി അലന്‍സിയര്‍
Entertainment news
'പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുത്'; ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ വിവാദപരാമര്‍ശവുമായി അലന്‍സിയര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th September 2023, 8:15 pm

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്ന് നടന്‍ അലന്‍സിയര്‍. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം തരണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്.

അങ്ങനെയൊരു പ്രതിമ തരുന്ന സമയം താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പുരസ്‌കാരം വാങ്ങിയ ശേഷം പറഞ്ഞു. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിനു ശേഷമുള്ള പ്രതികരണത്തിനിടെയാണ് പരാമര്‍ശം.

‘അവാര്‍ഡ് വാങ്ങിയിട്ട് വീട്ടില്‍ പോകാന്‍ വേണ്ടി ഓടിയതാണ്, നല്ല ഭാരം ഉണ്ടായിരുന്നു അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നുവെങ്കില്‍ പറയാമായിരുന്നു. സാംസ്‌കാരിക മന്ത്രിയോട് പറയാം, സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് എനിക്ക് കിട്ടിയത്. നല്ല നടനുള്ള അവാര്‍ഡ് എല്ലാവര്‍ക്കും കിട്ടും. എന്നാല്‍ സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് അത് സ്വര്‍ണത്തില്‍ പൊതിഞ്ഞു തരണം, 25000 രൂപയില്‍ നിന്ന് അവാര്‍ഡ് തുക കൂട്ടണമെന്ന് ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുകയാണ്.

പിന്നെ ഒരു അഭ്യര്‍ത്ഥന കൂടിയുണ്ട് ഈ പെണ്‍പ്രതിമ നല്‍കി ഞങ്ങളെ പ്രലോഭിപ്പിക്കരുത് ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം തരണം, അങ്ങനെ ഒരു പ്രതിമ എന്ന് കിട്ടുന്നോ അന്ന് അഭിനയം നിര്‍ത്തും,’ അലന്‍സിയര്‍ പറഞ്ഞു.

അതേസമയം അലന്‍സിയറിന്റെ പരാമര്‍ശം ഇതിനോടകം തന്നെ വിവാദമായികഴിഞ്ഞു. നിരവധി പേരാണ് നടന്റെ പരാമര്‍ശത്തില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം വ്യാഴാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചടങ്ങുകള്‍ നടന്നത്. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് വേണ്ടി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഏറ്റുവാങ്ങിയത്.

Content Highlight: Don’t give female idols actor Alasiyar made a controversial statement at the kerala State Film Awards