ഇവനെ ആരാണ് ബാബറുമായി കമ്പയര്‍ ചെയ്തത്, ടീമിന് തന്നെ ഭാരമാണിവന്‍; പാക് സൂപ്പര്‍ താരത്തിന് ട്രോള്‍
Asia cup 2023
ഇവനെ ആരാണ് ബാബറുമായി കമ്പയര്‍ ചെയ്തത്, ടീമിന് തന്നെ ഭാരമാണിവന്‍; പാക് സൂപ്പര്‍ താരത്തിന് ട്രോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th September 2023, 7:58 pm

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അഞ്ചാം മത്സരത്തില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ നേരിടുകയാണ്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമായിരിക്കും ഫൈനിലല്‍ ഇന്ത്യയുടെ എതിരാളി.

മഴമൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ പാകിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. പാകിസ്ഥാന്റെ സൂപ്പര്‍ ഓപ്പണിങ് ബാറ്റര്‍ ഫഖര്‍ സമാന്‍ വീണ്ടും പരാജയപ്പെടുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. 11 പന്ത് നേരിട്ട് നാല് റണ്‍സാണ് താരം നേടിയത്.

പ്രമോദ് മധുഷന്റെ പന്തില്‍ ബൗള്‍ഡായാണ് സമാന്‍ മടങ്ങിയത്. കഴിഞ്ഞ കുറച്ചുകാലമായി മോശം ഫോമില് തുടരുന്ന സമാന് കരകയറാന്‍ സാധിക്കാത്തത് പാകിസ്ഥാന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലും ലങ്കന്‍ പ്രീമിയര്‍ ലീഗിലും മോശം ഫോമിലാണ് താരം ബാറ്റ് വീശിയത്.

എങ്കിലും സമാനിലുള്ള വിശ്വാസം പാകിസ്ഥാനും ബാബറും കൈവിട്ടില്ലായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ ഉടനീളം മോശം ഫോമിലാണ് താരം ബാറ്റ് വീശുന്നത്. ശ്രീലങ്കക്കെതിരെയുള്ള മത്സരത്തില്‍ താരത്തിന് പകരം മുഹമ്മദ് ഹാരിസായിരിക്കും കളിക്കുക എന്ന് പാകിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചിരുന്നു.

എന്നാല്‍ ഇമാം ഉള്‍ ഹഖിന് പരിക്കേറ്റതോടെ സമാന് വീണ്ടും അവസരം ലഭിക്കുകയായിരുന്നു. താരം വീണ്ടും പരാജയമായതോടെ ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഒരുപാട് ട്രോളുകള്‍ കാണാന്‍ സാധിക്കും.

സമാനെ ബാബറുമായി കമ്പയര്‍ ചെയ്തരവൊക്കെ എവിടെയെന്നും രോഹിത്തിനേക്കാള്‍ മികച്ചവനാണ് ഇവനെന്ന് വാദിച്ചവരൊക്കെ എവിടെയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. താരത്തിനെ ടീമില്‍ നിന്നും ഇറക്കിവിടാന്‍ പറയുന്ന ഒരുപാട് പേരുണ്ട്.

സമാനെ പുറത്താക്കി മറ്റ് ഓപ്പണര്‍മാര്‍ക്ക് അവസരം നല്‍കണമെന്നാണ് ഒരുപാട് പേരുടെ അഭിപ്രായം. ലോകകപ്പ് മുന്നില്‍ നില്‍ക്കെ പാകിസ്ഥാന് ഇക്കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമെടുക്കേണ്ടതുണ്ട്.

Content Highlight: Fakhar Zaman Gets Trolled for His bad performance