മലയാളത്തിലെ ചരിത്രവിജയമായി മാറിയിരിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഇന്‍ഡസ്ട്രിയിലെ സകല റെക്കോഡും സ്വന്തം പേരിലാക്കി ഇപ്പോഴും കുതിക്കുകയാണ് ചിത്രം. 275 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുണാണ്.
കല്യാണിക്കൊപ്പം നസ്‌ലെനും ലോകഃയില്‍ പ്രധാനവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സണ്ണി എന്ന കഥാപാത്രത്തെയാണ് നസ്‌ലെന്‍ ലോകഃയില്‍ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള രംഗങ്ങള്‍ സിനിമയെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. റിലീസിന് മുമ്പ് കല്യാണിയും നസ്‌ലെനും തമ്മിലുള്ള രംഗങ്ങള്‍ എത്രത്തോളം കണ്‍വിന്‍സാകുമെന്ന് ചിലര്‍ സംശയിച്ചെങ്കിലും റിലീസിന് ശേഷം അത് മാറുകയായിരുന്നു.
ഇപ്പോഴിതാ ചിത്രം 1990കളിലാണ് പുറത്തിറങ്ങിയതെങ്കില്‍ കാസ്റ്റിങ് എങ്ങനെയാകുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച ചന്ദ്രയായി ശോഭനയെയാകും താന്‍ കാസ്റ്റ് ചെയ്യുകയെന്ന് ഡൊമിനിക് പറഞ്ഞു.
‘സണ്ണിയായി ലാലേട്ടന്‍. വേറൊരു ഓപ്ഷനുമില്ല. എന്റെ മനസില്‍ സണ്ണിയെന്ന് പറഞ്ഞാല്‍ എപ്പോഴും മോഹന്‍ലാലാണ്. ചിലപ്പോള്‍ അത് മണിച്ചിത്രത്താഴിന്റെ ഇഫക്ടായിരിക്കാം. സണ്ണി എന്ന പേര് എനിക്ക് ഇമ്മീഡിയറ്റ്‌ലി കണക്ടാകുന്നത് ലാലേട്ടനുമായിട്ടാണ്. മൈക്കിളായി കാസ്റ്റ് ചെയ്യുന്നത് കുറച്ച് വിയേര്‍ഡായിട്ട് തോന്നാം. ഭരത് ഗോപിയാണ് എന്റെ മനസില്‍. ചാര്‍ലിയായി സുരേഷ് ഗോപിയെയും കാസ്റ്റ് ചെയ്യും,’ ഡൊമിനിക് അരുണ്‍ പറയുന്നു.
അഞ്ച് ഭാഗങ്ങളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഇന്‍സ്റ്റാള്‍മെന്റാണ് ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഐതിഹ്യമാലയില്‍ കേട്ടുവളര്‍ന്ന കള്ളിയങ്കാട്ട് നീലിയുടെ കഥ ഇന്നത്തെ കാലത്തേക്ക് ബ്ലെന്‍ഡ് ചെയ്ത് അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായി മാറി. ആദ്യഭാഗത്തെക്കാള്‍ ഗംഭീരമാകും രണ്ടാം ഭാഗമെന്ന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ആദ്യഭാഗത്തില്‍ കുറച്ചു നേരം കൊണ്ട് വലിയ ഇംപാക്ടുണ്ടാക്കിയ ടൊവിനോയാണ് രണ്ടാം ഭാഗത്തില്‍ നായകനാവുക. ചാത്തനായി വന്ന് ഗംഭീര കൈയടി നേടിയ ടൊവിനോ അടുത്ത ഭാഗത്തില്‍ ലീഡ് റോളിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്നും അധികം വൈകാതെ ഷൂട്ട് ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
Content Highlight: Dominic Arun Saying he would cast Mohanlal as Sunny in 1990’s in Lokah