മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിലൊരാളാണ് ദിവ്യാ ഉണ്ണി. നടിയെന്നതിലുപരി നർത്തകിയെന്ന നിലയിലും ശ്രദ്ധേയയായ താരം കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് പ്രണയവർണ്ണങ്ങൾ, ഒരു മറവത്തൂർ കനവ്, ആകാശഗംഗ, ഉസ്താദ്, ഫ്രണ്ട്സ് തുടങ്ങി തൊണ്ണൂറുകളിലെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. പിന്നീട് സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും നൃത്തവേദികളിൽ സജീവമാണ് ദിവ്യാ ഉണ്ണി. ഇപ്പോഴിതാ ആനീസ് കിച്ചണിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം.
വിവാഹശേഷം മലയാള സിനിമ ഉപേക്ഷിച്ചതാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ദിവ്യാ ഉണ്ണി.
‘മലയാള സിനിമ ചെയ്യുന്നത് ഉപേക്ഷിച്ചതൊന്നുമല്ല. ആദ്യമൊക്കെ ഒരു നൃത്താധ്യാപിക എന്ന നിലയിലുള്ള തിരക്കുകളിലായിപ്പോയി. പിന്നെ അമ്മയായപ്പോൾ അതിന്റെ ഉത്തരവാദിത്തങ്ങളിലായി. എങ്കിലും അതിന്റെയിടയിലും കഥകൾ കേൾക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ പ്രധാന പ്രശ്നം തീയതികളാണ്.
ഞാൻ വിദേശത്ത് സെറ്റിൽഡ് ആയതുകൊണ്ടുതന്നെ നാട്ടിൽ ഷൂട്ടിങ്ങിനായി തീയതി നൽകിയ ശേഷം കൃത്യസമയത്ത് എത്തിപ്പെടാൻ സാധിച്ചില്ലെങ്കിൽ അവർക്കെല്ലാം അതൊരു ബുദ്ധിമുട്ടാവുമല്ലോ,’ നടി പറഞ്ഞു.
സ്വയം സിനിമയിൽ നിന്ന് വിട്ടുനിന്നിട്ടില്ലെന്നും സാഹചര്യങ്ങൾ കൊണ്ട് ചില അവസരങ്ങൾ വേണ്ടെന്നുവെക്കേണ്ടി വന്നിട്ടുണ്ടെന്നും പറയുകയാണ് ദിവ്യ ഉണ്ണി. പിന്നീട് ആ സിനിമകൾ കാണുമ്പോൾ അല്പം വിഷമം തോന്നിയിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.
‘ഈ കാര്യങ്ങളൊക്കെ പറയുമ്പോഴും അഭിനയിക്കാതിരിക്കാൻ ഉള്ള വെറും മുടന്തൻ ന്യായങ്ങളല്ലേ ഇതൊക്കെ എന്ന് എന്റെ മനസിൽ തോന്നാറുണ്ട്. പക്ഷെ നമുക്ക് ലഭിക്കേണ്ട അവസരങ്ങളാണെങ്കിൽ അത് ശരിയായ സമയത്തു നടക്കും എന്നാണ് വിശ്വസിക്കുന്നത്. അതല്ലാതെ സിനിമയിലേക്ക് വരുന്നതിൽ നിന്ന് ഞാൻ എന്നെ മാറ്റിനിർത്തിയിട്ടില്ല.
എങ്കിലും ചില അവസരങ്ങൾ ഒഴിവാക്കേണ്ടി വരികയും പിന്നീട് ആ സിനിമകൾ കാണുമ്പോൾ ‘അത് എനിക്ക് വേണ്ടിയുള്ളതായിരുന്നല്ലോ ‘ എന്ന് ചിന്തിക്കുമ്പോൾ ചെറിയ വിഷമം തോന്നിയിട്ടുണ്ട്,’ ദിവ്യ ഉണ്ണി പറഞ്ഞു.