പ്രഖ്യാപനത്തിന് മുമ്പ് പലരും പ്രവചിച്ചതുപോലെ 55ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടു. അര്‍ഹിച്ച പുരസ്‌കാരങ്ങള്‍ തന്നെയായിരുന്നു ഈ വര്‍ഷം ലഭിച്ചതെന്ന് പലരും അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ 2026ലെ സ്റ്റേറ്റ് അവാര്‍ഡില്‍ ആരൊക്കെയാകും തിളങ്ങുകയെന്ന ചര്‍ച്ചകളും ആരംഭിച്ചിരിക്കുകയാണ്.
ഈ വര്‍ഷമാദ്യം പ്രേക്ഷകരിലേക്കെത്തി മികച്ച പ്രതികരണങ്ങള്‍ സ്വന്തമാക്കിയ പൊന്മാനാണ് പലരും സാധ്യത കല്പിക്കുന്നത്. പി.പി. അജേഷായി അതിഗംഭീര പ്രകടനം കാഴ്ചവെച്ച ബേസില്‍ ജോസഫ് അവസാന റൗണ്ടിലുണ്ടാകുമെന്നാണ് പലരും കണക്കാക്കുന്നത്. കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു ബേസില്‍ പൊന്മാനില് കാഴ്ചവെച്ചത്. ഒ.ടി.ടി റിലീസിന് ശേഷം കേരളത്തിന് പുറത്തുനിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു.
താരമായും നടനായും ഈ വര്‍ഷം അതിഗംഭീര പ്രകടനം കാഴ്ചവെച്ച മോഹന്‍ലാലും അടുത്ത വര്‍ഷം സംസ്ഥാന അവാര്‍ഡില്‍ ഫൈനല്‍ റൗണ്ടിലെത്തുമെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നുണ്ട്. തുടരും എന്ന ചിത്രത്തിലെ പ്രകടനം മോഹന്‍ലാലിന് ഏഴാമത്തെ അവാര്‍ഡ് നേടിക്കൊടുക്കുമെന്നാണ് പലരുടെയും പ്രതീക്ഷ.
മോഹന്‍ലാലിനൊപ്പം പ്രണവും അടുത്ത വര്‍ഷം അവസാന റൗണ്ടിലുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഡീയസ് ഈറേയിലെ പ്രകടനം പ്രണവിനെ തുണക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഭൂതകാലത്തില്‍ രേവതിയും ഭ്രമയുഗത്തില്‍ മമ്മൂട്ടിയും സംസ്ഥാന അവാര്‍ഡ് നേടിയപ്പോള്‍ അടുത്ത ഊഴം പ്രണവിന്റേതാകുമെന്നും ചിലര്‍ അനുമാനിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ തന്നെ എല്ലാം തീരുമാനിക്കരുതെന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി ആരാധകര്‍ ഇത്തരം പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നുണ്ട്. അടുത്ത വര്‍ഷവും ഫൈനല്‍ റൗണ്ടില്‍ മമ്മൂട്ടിയുണ്ടാകുമെന്നാണ് ആരാധകര്‍ വാദിക്കുന്നത്. കളങ്കാവല്‍ റിലീസിന് തയാറെടുക്കുകയാണെന്നും അതിലൂടെ അടുത്ത സ്റ്റേറ്റ് അവാര്‍ഡില്‍ മറ്റുള്ളവരോട് മത്സരിക്കാന്‍ മമ്മൂട്ടിയുമുണ്ടാകുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
സര്‍ക്കീട്ടിലെ പ്രകടനത്തിന് ആസിഫ് അലിയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും അവാര്‍ഡിനായി മറ്റുള്ളവരോട് മത്സരിക്കുമെന്നും ചില ചര്‍ച്ചകളില്‍ അഭിപ്രായങ്ങളുയരുന്നുണ്ട്. കോടിക്ലബ്ബുകളെക്കാള്‍ പ്രകടനത്തിന്റെയും അവാര്‍ഡിന്റെയും പേരില്‍ ഇപ്പോള്‍ നടക്കുന്ന ആരോഗ്യപരമായ ഫാന്‍ഫൈറ്റുകളെയും പലരും പിന്തുണക്കുന്നുണ്ട്. എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ച 2025 മോളിവുഡിനെ സംബന്ധിച്ച് മികച്ച വര്‍ഷം തന്നെയാണ്.
Content Highlight: Discussion about 2026 Kerala State Film Awards viral in social media