ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ വടവാലം പഞ്ചായത്തിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് നേരെ ജാതി വിവേചനമെന്ന് റിപ്പോര്‍ട്ട്. എച്ച്.ആര്‍ ആന്‍ഡ് സി.ഇയുടെ കലിയുഗ മെയ്യ അയ്യനാര്‍ ക്ഷേത്രത്തിലാണ് വിവേചനം നിലനില്‍ക്കുന്നത്. ക്ഷേത്രപ്രവേശനത്തിലും ഭസ്മം അഥവാ വിഭൂതി വിതരണം ചെയ്യുന്നതിലടക്കമുള്ള കാര്യങ്ങളിലാണ് ക്ഷേത്രം അധികൃതര്‍ വിവേചനം കാണിക്കുന്നത്.
ക്ഷേത്രത്തിലെ വാര്‍ഷിക രഥോത്സവത്തിന് മുന്നോടിയായി ജൂലൈ ആറിന് ക്ഷേത്രത്തിന് പുറത്ത് നടന്ന ചടങ്ങില്‍ പൂജാരിമാര്‍ വിഭൂതി ദളിതര്‍ക്ക് നല്‍കാന്‍ വിസമ്മതിച്ചുവെന്നാണ് ആരോപണം. ഇതിനെതിരെ സാംബട്ടിവിദുത്തി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര പൂജാരി വിഭൂതി വിതരണം ചെയ്‌തെങ്കിലും ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം നല്‍കിയില്ല. എന്നാല്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ തരാന്‍ പറ്റില്ലെന്ന് അവരോട് നേരിട്ട് പറയുകയായിരുന്നു. നിങ്ങളെപ്പോലുള്ളവര്‍ക്ക് വിഭൂതി നല്‍കാന്‍ പറ്റില്ലെന്നായിരുന്നു പൂജാരി മറുപടി നല്‍കിയത്.
എന്നാല്‍ ഇത് കേവലം ഭസ്മം വിതരണം ചെയ്യുന്നതിലെ മാത്രം കാര്യമല്ലെന്നും തലമുറകളായി, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ആചാരങ്ങളില്‍ പങ്കെടുക്കുന്നതിനും മറ്റ് ജാതിക്കാരുമായി ഒരേ ഷെല്‍ട്ടറില്‍ ഇരിക്കുന്നതിനുമെല്ലാം തങ്ങള്‍ക്ക് വിലക്കുണ്ടെന്ന് എം. പാണിസ്വാമി പറഞ്ഞു.
അതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ദളിത് വിഭാഗക്കാര്‍ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വിവേചനം കാണിച്ച പൂജാരിമാര്‍ക്കെതിരെ പട്ടികജാതി/പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ക്ഷേത്ര ട്രസ്റ്റി ബോര്‍ഡില്‍ പട്ടികജാതിക്കാര്‍ പ്രാതിനിധ്യം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിവേചനം ചര്‍ച്ചയായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഒരു സമാധാന യോഗം വിളിച്ചിരുന്നു. ഇതില്‍വെച്ച് ഉത്സവ സമയത്ത് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ആരെയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ലെന്നും ഉയര്‍ന്ന ജാതിക്കാരനായ എം. അന്‍പുസെല്‍വം പറഞ്ഞു.
Content Highlight: Discrimination against Dalits in a temple in Pudukottai; No entry into the temple; Allegations that even Vibhuthi will not be given