ചെന്നൈ: തമിഴ്നാട്ടില്‍ ദളിത് മുക്കുവ സ്ത്രീകളോട് വിവേചനം. 12 മണിക്കൂറിലധികം ഹാര്‍ബറില്‍ വിവിധ ജോലികള്‍ ചെയ്തിട്ടും ദളിത് സ്ത്രീകള്‍ക്ക് ലഭിക്കുന്ന കൂലി 400 രൂപ മാത്രമാണ്. കുറഞ്ഞ വേതനത്തിന് പുറമെ ഉച്ചഭക്ഷണമായി സ്ത്രീകള്‍ക്ക് കിട്ടുന്നത് പകുതി ഊണും. ഈ സമയം പുരുഷ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് ഒരു മുഴുവന്‍ ഊണുമാണ്. റൂറല്‍ ഇന്ത്യ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
പഴൈയാര്‍ ഹാര്‍ബറില്‍ ജോലി ചെയ്യുന്ന ദളിതരായ മുക്കുവ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളാണ് ലേഖനത്തിന്റെ ഉള്ളടക്കം. മയിലാടുതുറൈ ജില്ലയിലെ സീര്‍കാഴി താലൂക്കിലെ താണ്ടവങ്കുളം ഗ്രാമത്തിലെ അണ്ണാ നഗര്‍ ചേരിയില്‍ നിന്നുള്ള സ്ത്രീകളാണ് കൂടുതലായും പഴൈയാര്‍ ഹാര്‍ബറില്‍ മീന്‍ ഉണക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
തമിഴ്‌നാട്ടിലെ 12 ഫിഷിങ് ഹാര്‍ബറുകളിലൊന്നാണ് പഴൈയാര്‍. കൊല്ലിടം പുഴയും ബംഗാള്‍ ഉള്‍ക്കടലും കൂടിച്ചേരുന്നിടത്താണ് പഴൈയാര്‍ ഹാര്‍ബര്‍ സ്ഥിതി ചെയ്യുന്നത്. കൊല്ലിടം പുഴയിലിറങ്ങി മീൻ പിടിക്കുന്നവരിൽ നിന്ന് വാങ്ങിയ കൊഞ്ച് ഹാർബറിൽ വിറ്റുകൊണ്ട് ജീവിക്കുന്ന മുക്കുവ സ്ത്രീകളാണ് അണ്ണാ നഗറിലുള്ളത്.
അണ്ണാ നഗറിലെ 20ലധികം സ്ത്രീകള്‍ പഴൈയാറില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഗോമതി എന്ന ദളിത് സ്ത്രീ പറയുന്നത്. തമിഴ്നാട്ടിലെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പറയ സമുദായത്തിലാണ് ഗോമതി ജനിച്ചത്.
ചെറിയ പ്രായം മുതലുള്ള തങ്ങളുടെ ജീവിതം പഴൈയാര്‍ ഹാര്‍ബറുമായി ബന്ധപ്പെട്ടത് കിടക്കുകയാണെന്നും ഗോമതി പറഞ്ഞു. എന്നാല്‍ കാലാവര്‍ഷമായാല്‍ മീനിന് വലിയ ക്ഷാമമായിരിക്കും ഇക്കാലയളവില്‍ ജീവിതം വലിയ പ്രതിസന്ധിയിലായിരിക്കുമെന്നും ഗോമതി പറയുന്നു.
ഇപ്പോള്‍ കൊഞ്ചിന്റെ ലഭ്യത വളരെ കുറവാണെന്ന് ഗോമതിയുടെ സഹപ്രവര്‍ത്തകയായ വില്ലമ്പ് പറഞ്ഞു. കാരണം കറുത്ത വാവിന്റേയും പൗര്‍ണമിയുടെയും മുമ്പും ശേഷവുമുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊഞ്ച് ലഭിക്കുക. ഈ സമയത്തെ സീസണ്‍ എന്ന് പറയാമെന്നും ഇക്കാലയളവിലാണ് കടലിലെ മീനുകള്‍ പുഴയിലേക്ക് കയറുകയെന്നും വില്ലമ്പ് വ്യക്തമാക്കി.
പുഴയിലിറങ്ങി മീന്‍ പിടിക്കുന്നവരില്‍ നിന്ന് കൊഞ്ചിനെ വാങ്ങി 50 രൂപ മുതല്‍ 100 രൂപയ്ക്ക് വരെ വില്‍ക്കേണ്ടി വന്നിട്ടുണ്ട്. ചില സമയങ്ങളില്‍ കൊഞ്ചിനെ പേടികൊണ്ട് വാങ്ങാറില്ല. എന്താണെന്ന് വെച്ചാല്‍ ലാഭവിഹിതം കൊടുക്കാന്‍ കൈയില്‍ പണമില്ലെങ്കില്‍ നല്ല ചീത്ത കേള്‍ക്കുമെന്നും വില്ലമ്പ് പറയുന്നു.
കഴിഞ്ഞ 35 വര്‍ഷമായി വില്ലമ്പ് കൊഞ്ച് വ്യാപാരമാണ് നടത്തിയിരുന്നത്. ഇപ്പോള്‍ ഹാര്‍ബറില്‍ മീന്‍ ഉണക്കുന്ന ജോലിയാണ് ചെയ്യുന്നത്. എന്നാല്‍ 2,000 രൂപയ്ക്ക് കൊഞ്ച് വാങ്ങിയാലും 100, 200 രൂപ വരെ നഷ്ടമുണ്ടാകുമെന്നാണ് വില്ലമ്പ് പറയുന്നത്. ഈ സാഹചര്യങ്ങളില്‍ എല്ലാ തരത്തിലുള്ള പണികളും ചെയ്യാറുണ്ടെന്നും വില്ലമ്പ് പറഞ്ഞു.
‘പക്ഷെ 12 മണിക്കൂറിലധികം ജോലി ചെയ്താലും 400 രൂപയാണ് കിട്ടുക. ഉടമസ്ഥര്‍ രണ്ട് ചായയും ഒരുനേരത്തെ ഭക്ഷണവും തരും. സ്ത്രീകള്‍ക്ക് പകുതി ഊണും, ആണുങ്ങള്‍ക്ക് മുഴുവന്‍ ഊണും. കൂടുതല്‍ മീനുള്ള ദിവസമാണെങ്കില്‍ അതൊക്കെ ഞങ്ങള്‍ വൃത്തിയാക്കേണ്ടിയും വരും. പിന്നെ വീട്ടിലെത്തുമ്പോള്‍ രാത്രി 9,10 മണിയാവും. ഹാര്‍ബറില്‍ കൂടുതല്‍ നേരം നിന്നാല്‍ 100 രൂപ കൂടുതലും കിട്ടും,’ വില്ലമ്പ് പ്രതികരിച്ചു.
ഇതിനെല്ലാം പുറമെ ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 14 വരെ തമിഴ്നാട്ടില്‍ ട്രോളിങ് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയം സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും ലഭിക്കുകയില്ലെന്നും ഗോമതിയും വില്ലമ്പും പ്രതികരിച്ചതായും ലേഖനത്തില്‍ പറയുന്നുണ്ട്.
Content Highlight: Discrimination against Dalit fisherwomens in Tamilnadu