സിനിമക്ക് വേലായുധ പണിക്കര്‍ എന്നതിന് പകരം പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പേരിട്ടതിന് കാരണം ഇതാണ്: വിനയന്‍
Movie Day
സിനിമക്ക് വേലായുധ പണിക്കര്‍ എന്നതിന് പകരം പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പേരിട്ടതിന് കാരണം ഇതാണ്: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th September 2022, 10:10 pm

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് വിനയന്‍. മലയാള സിനിമകള്‍ കൂടാതെ ‘നാളെ നമൈത’ എന്ന ഒരു തമിഴ് ചിത്രവും വിനയന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സിജു വില്‍സണെ നായകനാക്കി വിനയന്റെ സംവിധാന മികവില്‍ ഒരുങ്ങിയ പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിനിമയുടെ പേരിനെക്കുറിച്ചും നങ്ങേലി എന്ന കഥാപാത്രത്തിനായി കയാദു ലോഹറിലേക്ക് എത്തിയതിനെക്കുറിച്ചും റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് വിനയന്‍.

‘ഒരുപാട് ചരിത്രകാരന്മാരുടെ ബുക്കുകള്‍ റെഫര്‍ ചെയ്തിട്ടാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയെടുത്തത്. അഡ്വ. ഇ.രാജന്റെ മാറുമറക്കല്‍ സമര ചരിത്രം എന്ന ബുക്കില്‍ പറയുന്നുണ്ട്, ആറാട്ടുപുഴ വേലായുധ പണിക്കര്‍ ജീവിച്ചിരുന്ന സമയത്ത് തന്നെയാകും നങ്ങേലി ജീവിച്ചിരുന്നത്. പക്ഷേ അതിന് കൃത്യമായ ഡേറ്റ് ഇല്ല.

ആറാട്ട് പുഴ വേലായുധപണിക്കര്‍ 1825ല്‍ ജനിച്ച് 1874ല്‍ മരിക്കുന്നുവെന്ന് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബമുണ്ട് അവിടെ. ഈ പറയുന്ന കൊച്ചുണ്ണിയുടെ മരണത്തിനോ നങ്ങേലിയുടെ ജീവിതത്തിനോ മരണത്തിനോ ഒന്നും രേഖകളില്ല.

അങ്ങനെയാണ് സിനിമകളില്‍ ഇവരുടെ എല്ലാം ജീവിതം പ്രതിപാദിച്ചത്. അതല്ലേ ഒരു കലാകാരന്റെ ബാധ്യത. അതുകൊണ്ടാണ് സിനിമക്ക് വേലായുധ പണിക്കര്‍ എന്ന് പേരുകൊടുക്കാതിരുന്നത്, പകരം പത്തൊമ്പതാം നൂറ്റാണ്ട് എന്ന് കൊടുത്തത്, പത്തൊമ്പതാം നൂറ്റാണ്ടില്‍ അവര്‍ അനുഭവിച്ച വേദനകളും യാതനകളും അധഃസ്ഥിത വര്‍ഗത്തിന്റെ പീഡനങ്ങളുമൊക്കെയാണ്. അതുകൊണ്ടാണ് അങ്ങനൊരു പേര് കൊടുക്കാന്‍ കാരണം.

 

നങ്ങേലിയെന്നാല്‍ വയലേലകളില്‍ പണി ചെയ്യുന്ന ബോഡി ലാഗ്വേജുള്ള കഥാപാത്രമാണ്, എന്നാല്‍ നല്ല സുന്ദരിയാണ്. തന്റേടമുള്ളവളാണ്.

ഈ കഥാപാത്രത്തിനായി സൈസില്‍ ഫിഗറായിട്ടുള്ളവരെ സമീപിക്കുമ്പോള്‍ മാറുമുറിച്ച് ജീവത്യാഗം ചെയ്യുന്ന നങ്ങേലിയുടെ കഥ കേള്‍ക്കുമ്പോള്‍ അവര്‍ ഞെട്ടും. അവരെ ഞാന്‍ നിര്‍ബന്ധിച്ച് ഈ കഥാപാത്രം ചെയ്യിപ്പിച്ചാല്‍ അത് ഇത്ര ഭംഗിയാവണെമെന്നില്ല.

 

കയാദു ലോഹര്‍

ഞാനിത് ചെയ്യാം സാര്‍, നങ്ങേലി എന്ന കഥാപാത്രത്തെ ഞാന്‍ അവതരിപ്പിക്കാമെന്ന് പറയുന്ന ഒരു പെണ്‍കുട്ടിക്ക് കൈ കൊടുക്കുക എന്നതാണ് എന്നെ സംബന്ധിച്ചുള്ള കാര്യം അങ്ങനെയാണ് കയാദു നങ്ങേലിയായി സിനിമയിലെത്തുന്നത്,’ വിനയന്‍ പറഞ്ഞു.

അതേസമയം, പത്തൊമ്പതാം നൂറ്റാണ്ട് മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയണ്. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാതാവ്.