ബി.ജെ.പി വെറുപ്പ് കൊണ്ട് പരിഭ്രാന്തരാകുന്നു; ഹിന്ദുത്വവാദികളായ അവര്‍ അശാന്തി സൃഷ്ടിക്കുന്നു: രാഹുല്‍ ഗാന്ധി
Kerala News
ബി.ജെ.പി വെറുപ്പ് കൊണ്ട് പരിഭ്രാന്തരാകുന്നു; ഹിന്ദുത്വവാദികളായ അവര്‍ അശാന്തി സൃഷ്ടിക്കുന്നു: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th September 2022, 9:17 pm

തിരുവനന്തപുരം: വെറുപ്പ് കൊണ്ട് ബി.ജെ.പി പരിഭ്രാന്തരാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി അശാന്തി സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

റോഡുകളുടെ അശാസ്ത്രീയ നിര്‍മാണത്തിനെതിരെയും രാഹുല്‍ വിമര്‍ശനമുയര്‍ത്തി. വളവും തിരുവും ഏറെയുള്ള റോഡുകളുടെ ഡിസൈനെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം ദിവസത്തെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കെ-റെയില്‍ സമരത്തിനും രാഹുല്‍ ഗാന്ധി പിന്തുണ അര്‍പ്പിച്ചു. കെ-റെയില്‍ വേണ്ട എന്നാണ് രാഹുലിന്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗൗരവതരമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

സമരസമിതി നേതാക്കളെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ശക്തമായ പ്രതിഷേധമുണ്ടാകണമെന്ന് സമരസമിതി നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആറ്റിങ്ങലില്‍ വെച്ചാണ് കെ-റെയില്‍ വിരുദ്ധ സമര നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാല്‍, ഭാരത് ജോഡോ യാത്ര കേരളത്തില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നെങ്കിലും യാത്രയുടെ റൂട്ടില്‍ വിയോജിപ്പ് അറിയിച്ച് ചില പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നു. യാത്രയുടെ റൂട്ട് മാപ്പില്‍ ഗുജറാത്തിനെ ഒഴിവാക്കിയതിലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വിയോജിപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും യാത്ര ഉള്‍പ്പെടുത്തേണ്ടതായിരുന്നു എന്നാണ് പാര്‍ട്ടി അണികളുടെ ആവശ്യം. ഡെക്കാന്‍ ക്രോണിക്കളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, കാക്കി നിക്കര്‍ കത്തുന്ന പോസ്റ്റര്‍ കോണ്‍ഗ്രസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത് വിവാദമാക്കിയിരിക്കകയാണ് ബി.ജെ.പി. രൂക്ഷമായ വിമര്‍ശനം നടത്തി ബി.ജെ.പി രംഗത്തെത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ആര്‍.എസ്.എസും രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് കാവി നിക്കര്‍ കത്തുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഭാരത് ജോഡോ യാത്രയിലൂടെ ആര്‍.എസ്.എസില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പോസ്റ്റില്‍ കുറിച്ചത്. പടിപടിയായി തങ്ങളുടെ ലക്ഷ്യത്തിലെത്തുമെന്നും ആര്‍.എസ്.എസ് യൂണിഫോമായി കാവി നിക്കര്‍ കത്തുന്ന ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘142 ദിവസം കൂടിയുണ്ട്, വിദ്വേഷത്തിന്റെ ചങ്ങലകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനും ബിജെപിയും ആര്‍എസ്എസും രാജ്യത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ ഇല്ലാതാക്കാനും. പടിപടിയായി ആ ലക്ഷ്യത്തിലേക്കെത്തും’, പോസ്റ്റില്‍ പറയുന്നു.

Content Highlight: Congress Leader Rahul Gandhi’s Statement Against BJP in Bharat Jodo Yatra