അച്ഛന്‍ ചാവാന്‍ കിടക്കുമ്പോഴാണോ പൊറോട്ടയും ബീഫും, ഇപ്പോഴല്ലേ കഴിക്കാന്‍ പറ്റൂ എന്ന് അമ്മ പറഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍
Film News
അച്ഛന്‍ ചാവാന്‍ കിടക്കുമ്പോഴാണോ പൊറോട്ടയും ബീഫും, ഇപ്പോഴല്ലേ കഴിക്കാന്‍ പറ്റൂ എന്ന് അമ്മ പറഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th September 2022, 8:36 pm

കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാനിന്റെ അഭിമുഖങ്ങള്‍ക്കെല്ലാം വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

അഭിമുഖങ്ങളിലെല്ലാം തന്റെ കുടുംബ കഥകള്‍ പങ്കുവെക്കുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. എപ്പോഴും തുറന്ന് സംസാരിക്കാറുള്ള ധ്യാന്‍ തന്റെ അച്ഛന്‍ ശ്രീനിവാസന്റെയും സഹോദരന്‍ വിനീത് ശ്രീനിവാസന്റെയും ഒരുപാട് കഥകള്‍ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ബിഹൈന്‍വുഡ്‌സ് ഐസിന് കൊടുത്ത അഭിമുഖത്തില്‍ ധ്യാന്‍ അച്ഛന്‍ ശ്രീനിവാസന്‍ സീരിയസായി ആശുപത്രിയില്‍ കിടക്കുന്ന സമയത്തെ ഒരു അനുഭവം പങ്കുവെച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘അച്ഛന്‍ ഈ അലോപ്പതിക്ക് എതിരാണ്, മൈദക്ക് എതിരാണ്, പൊറോട്ട കഴിക്കില്ല, ഇതൊക്കെ പറയുകയാണെങ്കിലും നന്നായി സിഗരറ്റ് വലിക്കും. ഒരു ദിവസം അച്ഛന്‍ സീരിയസായി ആശുപത്രിയില്‍ കിടക്കുന്ന സമയമാണ്, ഞാന്‍ ഇങ്ങനെ വിഷമിച്ച് നില്‍ക്കുകയായിരുന്നു, അച്ഛന്‍ ഇനി അധികം കാലം ജീവിച്ചിരിക്കില്ല എന്ന സ്ഥിതിയിലൊക്കെ നില്‍ക്കുന്ന സമയമാണത്.

അങ്ങനെ ഇരിക്കുമ്പോള്‍ ആശുപത്രിയില്‍ വെച്ച് ഞാന്‍ അമ്മയോട് ചോദിച്ചു എന്തെങ്കിലും കഴിക്കണ്ടേ എന്ന്, അമ്മ പറഞ്ഞു എന്തെങ്കിലും പറ എന്ന്. അപ്പോള്‍ ഞാന്‍ കാന്റീനില് വിളിച്ച് ചോദിച്ചു എന്താ കഴിക്കാനുള്ളതെന്ന്. അപ്പോള്‍ അവര് പറഞ്ഞു ചപ്പാത്തിയുണ്ട്, പൊറോട്ടയുണ്ട്.

അപ്പോള്‍ അമ്മ രണ്ട് പൊറോട്ടയും ഒരു ബീഫ് റോസ്റ്റും പറയാന്‍ പറഞ്ഞു, സത്യമായിട്ടും രണ്ട് പൊറോട്ട പറയാന്‍ അവര് പറഞ്ഞു. ഞാന്‍ ചോദിച്ചു, എന്റെ അച്ഛന്‍ ചാവാന്‍ കിടക്കുമ്പോഴാണോ നിങ്ങള്‍ക്ക് പൊറോട്ടയും ബീഫും എന്ന്. അപ്പോള്‍ അമ്മ പറഞ്ഞു ഇപ്പോഴല്ലേ കഴിക്കാന്‍ പറ്റൂ എന്ന്.

ആലോചിച്ച് നോക്ക് അപ്പോ എന്തൊരു സ്‌പോട്ടായിരിക്കണം ആ സ്ത്രീ. അന്ന് രാത്രി എന്റെ അമ്മ സന്തോഷത്തോടെ പൊറോട്ട കഴിക്കുന്നത് ഞാന്‍ കണ്ടു,’ ധ്യാന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan talks about his father actor Sreenivasan and his mother