ലോകഃ സിനിമ കണ്ടെന്നും താന്‍ ചെയ്യണമെന്ന് ആഗ്രഹിച്ച കഥയാണ് അടിച്ചോണ്ട് പോയതെന്നും സംവിധായകന്‍ വിനയന്‍.
ലോകഃ സിനിമ കണ്ടിരുന്നോ എന്ന മീഡിയയുടെ ചോദ്യത്തിന് മറുപടിയായാണ് വിനയന്റെ തമാശ രൂപേണയുള്ള ഈ പ്രതികരണം. അതേസമയം ലോക മികച്ച സിനിമയാണെന്നും ഇനി ലോക പോലുള്ള നിരവധി സിനിമകള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
‘ലോകഃ കണ്ടിരുന്നു. ഞാന്‍ ചെയ്യാന്‍ മനസില്‍ വെച്ചിരുന്ന കഥയാണ് അടിച്ചോണ്ട് പോയത്. ഇനി ലോക പോലുള്ള സിനിമയുടെ കാലമാണ് വരാന്‍ പോകുന്നത്. പഴയ കാലത്തെ വെച്ച് ഹൊറര്‍ കൈകാര്യം ചെയ്യുന്ന രീതികളൊക്കെ മാറിയല്ലോ. അപ്പോള്‍ എനിക്ക് ഇങ്ങനെ ഒരു സിനിമ ചെയ്യണമെന്നുണ്ടായിരുന്നു.
പ്രത്യേകിച്ച് പെണ്‍കുട്ടികളെയൊക്കെ വെച്ച് സിനിമ ചെയ്യുമ്പോള്‍ സൂപ്പര്‍ സ്റ്റാര്‍സിന്റെ പുറകേ ഒന്നും പോകാതെ ചെയ്യാമല്ലോ. ഞാന്‍ മനസില്‍ കണ്ടതുപോലെ ഒരു സബ്ജക്ടായിരുന്നു ലോകയുടേത്. ഇനി വേറൊന്ന് ഞാന്‍ ചെയ്യും,’ വിനയന്‍ പറഞ്ഞു.
താങ്കളാണ് സിനിമ ചെയ്തിരുന്നതെങ്കില്‍ കല്യാണിയെ തന്നെ നായികയാക്കുമോ എന്ന ചോദ്യത്തോടും വിനയന്‍ പ്രതികരിച്ചു. കല്യാണി നമ്പര്‍ വണ്‍ ആര്‍ട്ടിസ്റ്റാണാണെന്നാണ് വിനയന്‍ പറഞ്ഞത്. അവര്‍ ഇപ്പോള്‍ മലയാള സിനിമയിലെ ടോപ്പാണെന്നല്ല താന്‍ പറഞ്ഞതെന്നും പെര്‍ഫോമന്‍സില്‍ നമ്പര്‍ വണ്ണാണെന്നാണ് ഉദ്ദേശിച്ചതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സകല കളക്ഷനും തകര്‍ത്ത് മുന്നേറ്റം തുടരുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക് അരുണ്‍ ഒരുക്കിയ ഈ സിനിമ ആഗോളതലത്തില്‍ 275 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുകയും എമ്പുരാന്റെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തിരുന്നു. തെന്നിന്ത്യയില്‍ ആദ്യമായി ഒരു നായിക കേന്ദ്ര കഥാപാത്രമായി എത്തി 100 കോടി എന്ന റെക്കോര്‍ഡും കല്യാണി ലോകയിലൂടെ സ്വന്തമാക്കി.
Content highlight: Director Vinayan said that he saw the movie Lokah and was drawn to the story he wanted to do