ശാന്തമീ രാത്രിയില്‍...ഉള്‍പ്പെടെ പാട്ടുകളുടെ റൈറ്റ്‌സിനായി ചിലവഴിച്ച തുക; ഇളയരാജയെ നേരില്‍ പോയി കണ്ടു: തരുണ്‍ മൂര്‍ത്തി
Entertainment
ശാന്തമീ രാത്രിയില്‍...ഉള്‍പ്പെടെ പാട്ടുകളുടെ റൈറ്റ്‌സിനായി ചിലവഴിച്ച തുക; ഇളയരാജയെ നേരില്‍ പോയി കണ്ടു: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 10:42 am

തുടരും എന്ന ചിത്രത്തില്‍ ശാന്തമീ രാത്രിയില്‍ എന്ന പാട്ട് ഉപയോഗിക്കാനുള്ള തീരുമാനത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

ആ സിറ്റുവേഷനില്‍ ശാന്തമീ രാത്രിയില്‍ എന്നതിനേക്കാള്‍ മികച്ച പാട്ട് തന്റെ മനസില്‍ വന്നിരുന്നില്ലെന്നും പക്ഷേ ആ പാട്ടിന്റെ റൈറ്റ്‌സ് കിട്ടാന്‍ കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.

ശാന്തമീ രാത്രിയില്‍ മാത്രമല്ല ഇളയരാജ പാട്ടുകള്‍ പലതും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അതിന്റെയൊക്കെ റൈറ്റ്‌സിനായി വലിയൊരു തുക തന്നെ ചിലവഴിക്കേണ്ടി വന്നിട്ടുണ്ടെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. അതിനൊക്കെ മുന്നില്‍ നിന്നത് നിര്‍മാതാവ് രഞ്ജിത് ആണെന്നും എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ തരുണ്‍ പറഞ്ഞു.

ശാന്തമീ രാത്രിയില്‍ എന്ന പാട്ട് വെച്ചതിന് ശേഷം ഒരു രാത്രിയിലും പിന്നീട് ശാന്തത ഉണ്ടായില്ലല്ലോ എന്ന ചോദ്യത്തിന് അതുകൊണ്ട് തന്നെയാണ് അങ്ങനെ ഒരു പാട്ടുവെച്ചത് എന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ മറുപടി.

‘ ഞങ്ങള്‍ക്ക് അവിടെ ഒരു ആഘോഷ പാട്ട് വേണമെന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു ഇതിനേക്കാള്‍ പെര്‍ഫെക്ട് ആയ ഒരു പാട്ട് വേറെ ഇല്ല. അയാളുടെ ലൈഫില്‍ ശാന്തത ഇല്ലാത്ത രാത്രികള്‍ സംഭവിക്കാന്‍ പോകുകയാണ് എന്ന്.

ആളുകളെ കംപ്ലീറ്റ്‌ലി ഒന്ന് ഉല്ലസിപ്പിക്കാന്‍ ഇതിനേക്കാള് വലിയൊരു പാട്ടില്ലെന്ന് ഉറപ്പായിരുന്നു. ഇതിന് റൈറ്റ്‌സ് ഒക്കെ മേടിക്കണം. നമുക്ക് അങ്ങനെ എപ്പോഴും യൂസ് ചെയ്യാന്‍ പറ്റുന്നതല്ല. വേറൊരു കമ്പനിയുടെ കയ്യിലാണ് റൈറ്റ്‌സ് ഇരിക്കുന്നത്.

രഞ്ജിത്തേട്ടന്‍ അതിന് വേണ്ടി ഭയങ്കര കഷ്ടപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരുപാട് ഇളയരാജ പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു മൂന്ന് ഫൈറ്റ് വേറെ എടുക്കാവുന്നത്രയും ബഡ്ജറ്റ് വേണം ഇതിന്റെയൊക്കെ റൈറ്റ്‌സ് നേടിയെടുക്കാന്‍.

അപ്പോള്‍ നമ്മള്‍ ഇളയരാജ സാറിനെ കോണ്‍ടാക്ട് ചെയ്തു. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ ഇതിന്റെയൊന്നും ടെന്‍ഷന്‍ എന്നെ അറിയിക്കാതെ രഞ്ജിത്തേട്ടനെന്ന മനുഷ്യന്‍ തന്നെ നേരിട്ട് ചെന്നൈയില് പോയി ഇളയരാജ സാറിനെ കാണുന്നു സംസാരിക്കുന്നു, അതിന്റെ മ്യൂസിക്കല്‍ റൈറ്റ്‌സ് കാര്യങ്ങള്‍ എല്ലാം സംസാരിക്കുന്നു.

അതുപോലെ തന്നെയാണ് ശാന്തമീ രാത്രിയില്‍ എന്ന പാട്ടിന്റെ കാര്യവും. പ്രൊഡ്യൂസറെ, റൈറ്റ്‌സ് ഹോള്‍ഡേഴ്‌സിനെ, സംവിധായകനെ, മ്യൂസിക് ഡയരക്ടറെ എല്ലാവരേയും വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു. നമുക്ക് ഈ പാട്ട് ഈ പടത്തില്‍ ഉപയോഗിക്കണമെന്ന് പറഞ്ഞ് പാട്ടുകളുടെ റൈറ്റ്‌സ് വാങ്ങിച്ചു.

അയാളുടെ ലൈഫിലെ ശാന്തത ഇല്ലാത്ത രാത്രി തുടങ്ങാന്‍ പോകുന്നതിന് മുന്‍പ് നമുക്ക് ഇടാന്‍ പറ്റുന്ന ഏറ്റവും പെര്‍ഫെക്ട് പാട്ട് എന്ന നിലയില്‍ തന്നെയാണ് ശാന്തമീ രാത്രിയില്‍ എന്ന പാട്ടിനെ സമീപിച്ചത്,’ തരുണ്‍ പറയുന്നു.

Content Highlight: Director Tharun Moorthy about Shanthamee Rathriyil Song Rights and amount