ജോര്‍ജ് സാറിനെ ചെയ്യാന്‍ മലയാളത്തില്‍ കപ്പാസിറ്റിയുള്ള നടന്‍ അദ്ദേഹമാണ്; പക്ഷേ ഒരേയൊരു പ്രശ്‌നം അതായിരുന്നു: തരുണ്‍ മൂര്‍ത്തി
Entertainment
ജോര്‍ജ് സാറിനെ ചെയ്യാന്‍ മലയാളത്തില്‍ കപ്പാസിറ്റിയുള്ള നടന്‍ അദ്ദേഹമാണ്; പക്ഷേ ഒരേയൊരു പ്രശ്‌നം അതായിരുന്നു: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th May 2025, 6:03 pm

തുടരും എന്ന സിനിമയിലെ ജോര്‍ജ് എന്ന പൊലീസ് കഥാപാത്രം ചെയ്യാന്‍ മലയാളത്തില്‍ നിന്ന് ആലോചിച്ച ചില നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

മലയാളത്തിലെ പല നടന്മാരും തങ്ങളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഒരൊറ്റ കാരണം കൊണ്ടാണ് അവരെയൊന്നും സമീപിക്കാന്‍ കഴിയാതിരുന്നതെന്നും തരുണ്‍ പറയുന്നു. കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍.

‘പ്രകാശേട്ടന്‍ ഒരു മാജിക്കാണ്. ഞാന്‍ ഈ പ്രൊജക്ട് കമ്മിറ്റ് ചെയ്തിട്ട് 40 ദിവസത്തിനുള്ളിലാണ് ഇത് ഷൂട്ട് ചെയ്യുന്നത്. ലാലേട്ടന്‍ ഒരു ഡേറ്റ് തന്നു. ആദ്യം 30 ദിവസമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ലാലേട്ടന്റെ കുറച്ച് തിരക്ക് വന്നതുകൊണ്ട് ഒരു പത്ത് ദിവസം കൂടി നമുക്ക് കിട്ടിയതാണ്.

ഈ ദിവസത്തിനുള്ളിലാണ് ശോഭന വരുന്നതും ബിനു വരുന്നതും മണിയന്‍പിള്ള രാജു ചേട്ടന്‍ വരുന്നതും ഫര്‍ഹാന്‍ വരുന്നതും പൊലീസുകാര്‍ വരുന്നതുമൊക്കെ. അത് ഈസി പ്രോസസേ അല്ല.

അവരെ കണ്ടെത്തി ഓഡീഷന്‍ ചെയ്ത് വര്‍ക്ക് ഔട്ട് ആകുമോ എന്നൊക്കെ നോക്കണം. ലാലേട്ടന്റെ അടുത്ത് കഥ പറയുമ്പോള്‍ അദ്ദേഹവും ആന്റണി ചേട്ടനുമൊക്കെ ആരായിരിക്കും ഈ വില്ലന്‍ എന്ന് ചോദിക്കുന്നുണ്ട്.

സാധാരണ കോര്‍പ്പറേറ്റ് വില്ലനോ ഒന്നുമല്ലല്ലോ. ഇതൊരു ചെറ്റ വില്ലന്‍. ഇവനേക്കാള്‍ വലിയ ചെറ്റ വേറെ ഇല്ല. ആര് ചെയ്യും തരുണേ എന്ന് ചോദിക്കുമ്പോള്‍ കണ്ടെത്താം ചേട്ടാ എന്ന് പലവട്ടം പറയുന്നുണ്ട്.

ഞാനിങ്ങനെ പല രീതിയില്‍ ഇതന്വേഷിക്കുന്നുണ്ട്. ഇതെങ്ങനെ കണ്ടുപിടിക്കാന്‍ പറ്റും. മലയാളം ആര്‍ടിസ്റ്റുകളിലൂടെ ഒരു റൗണ്ട് പോയി. പക്ഷേ ഇവരെയൊക്കെ പ്ലേസ് ചെയ്തുകഴിഞ്ഞാല്‍ ഇത് ഭയങ്കര പ്രഡിക്ടബിള്‍ ആയിപ്പോകും.

മലയാളത്തില്‍ വിജയരാഘവന്‍ ചേട്ടന്‍ ഉണ്ട്. ഉഗ്രന്‍ ആര്‍ടിസ്റ്റാണ്. ഉഗ്രന്‍ പെര്‍ഫോമറാണ്. കിഷ്‌കിന്ധാകാണ്ഡത്തിലൊക്കെ അദ്ദേഹം ഗംഭീരമായി ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ സിദ്ദിഖ് ഇക്ക ഉണ്ട്. അദ്ദേഹവും ഉഗ്രന്‍ പെര്‍ഫോമറാണ്.

ലാലു അലക്‌സുണ്ട്, മുകേഷേട്ടനുണ്ട് ജഗദീഷേട്ടനുണ്ട്. അങ്ങനെയെങ്ങ് നീളുകയാണ്. എന്നാല്‍ ഇവരെയൊക്കെ ഇട്ടാല്‍ ഇതിനൊരു ഫ്രഷ്‌നെസ് ഉണ്ടാവില്ല. ഈ ക്യാരക്ടര്‍ ഒരു അണ്‍പ്രഡിക്ടബിള്‍ ആണ്.

അടുത്ത സീനില്‍ ഇയാള്‍ എന്ത് പറയുമെന്നോ അയാളുടെ അടുത്ത ലുക്ക് എങ്ങോട്ടായിരിക്കുമെന്ന് പോലോ പ്രേക്ഷകന്‍ ചിന്തിക്കാന്‍ പാടില്ല. സിദ്ദിഖ് ഇക്ക ആണെങ്കിലും വിജയരാഘവന്‍ ചേട്ടന്‍ ആണെങ്കിലും അവര്‍ വെറൈറ്റി ആയിട്ട് ചെയ്താല്‍ പോലും ഇവരൊര് വില്ലനാണോ എന്ന് ആളുകള്‍ ചിന്തിക്കും.

 

ഇയാളുടെ ആദ്യത്തെ ഹലോ വെച്ച് കയറി വരുമ്പോള്‍ തന്നെ ഇയാളെ ജഡ്ജ് ചെയ്യുമോ എന്ന ടെന്‍ഷന്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് ഇതുവരെ കണ്ട് പരിചിതമല്ലാത്ത മുഖം വേണമെന്നുണ്ടായിരുന്നു.

അങ്ങനെയാണ് നമുക്ക് പുതിയ ആളെ കണ്ടെത്താമെന്ന തീരുമാനത്തിലെത്തുന്നത്. ദിവസം കഴിയുകയാണ്. 40, 30 ആയി 25 ആയി 20 ആയി. അപ്പോഴേക്കും ശോഭനാ മാമിന്റെയൊക്കെ കാസ്റ്റിങ് കഴിഞ്ഞു. അപ്പോഴും വില്ലന്‍ നന്നായില്ലെങ്കില്‍ ഈ സിനിമ പാളും.

ഒരു സ്റ്റേജ് എത്തിയപ്പോള്‍ ഹിന്ദിയില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരാം എന്ന് തീരുമാനമായി. എന്നിട്ട് നമുക്ക് ഡബ്ബ് ചെയ്യിക്കാമെന്ന് തീരുമാനിച്ചു. അതിനിടെ മലയാളത്തില്‍ നിന്ന് രണ്ട് മൂന്ന്തിയേറ്റര്‍ ആര്‍ടിസ്റ്റുകളെ കൊണ്ട് ചെയ്യിച്ച് നോക്കി. പക്ഷേ അവര്‍ക്ക് അത് പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്നില്ല.

അവരെ വെച്ച് പോയിക്കഴിഞ്ഞാല്‍ ഇത് നില്‍ക്കില്ലെന്ന ഫീല്‍ വന്നു. അവസാനം ഇതൊരു ഹിന്ദി നടനില്‍ എത്തി. അദ്ദേഹം മലയാളം പഠിക്കാന്‍ റെഡിയാണ്. പുള്ളിക്ക് ഇത് ചെയ്യണമെന്നുണ്ടായിരുന്നു.

അപ്പോഴും സുനില്‍ സാറ്റിസ്‌ഫൈഡ് അല്ല. പ്ലാസ്റ്റിക്കായിപ്പോകുമെന്ന് സുനില്‍ ഇങ്ങനെ പറയുന്നുണ്ട്. അങ്ങനെയാണ് സുനില്‍ ഒരു ദിവസം പ്രകാശേട്ടന്റെ ഫോട്ടോ കാണിക്കുന്നത്.

ഇയാള്‍ അഭിനയിക്കുമോ എന്ന് ഞാന്‍ ചോദിച്ചു. ലുക്ക് വൈസ് പെര്‍ഫെക്ട് ആണ്. അഭിനയിക്കുമെന്ന് പറയുകയാണെങ്കില്‍ ഒന്നും നോക്കേണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ രണ്ടുപേരും പ്രകാശേട്ടനെ നേരിട്ട് കാണാനായി മുംബൈയിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകുന്നത്,’ തരുണ്‍ പറഞ്ഞു.

Content Highlight: Director Tharun Moorthy about a Malayalam actor he wish to do George Sir Character