ഗെയിം ഓഫ് ത്രോണ്‍സ്, അവതാര്‍ പോലെയുള്ളതായിരിക്കും എന്റെ അടുത്ത ചിത്രമായ വേല്‍പാരി: ഷങ്കര്‍
Entertainment
ഗെയിം ഓഫ് ത്രോണ്‍സ്, അവതാര്‍ പോലെയുള്ളതായിരിക്കും എന്റെ അടുത്ത ചിത്രമായ വേല്‍പാരി: ഷങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th July 2025, 12:47 pm

ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ സംവിധായകരിലൊരാളാണ് ഷങ്കര്‍. ജെന്റില്‍മാന്‍ എന്ന ആദ്യചിത്രത്തിലൂടെ തന്നെ തന്റെ റേഞ്ച് എന്താണെന്ന് ഷങ്കര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ ഷങ്കര്‍ സ്ഥാനമുറപ്പിച്ചു. അന്യന്‍, എന്തിരന്‍, മുതല്‍വന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളായി മാറ്റാന്‍ ഷങ്കറിന് സാധിച്ചു.

എന്നാല്‍ ഷങ്കറിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ഇന്ത്യന്‍ 2, ഗെയിം ചേഞ്ചര്‍ തുടങ്ങിയ രണ്ട് ചിത്രങ്ങങ്ങളും വന്‍ പരാജയമായിരുന്നു. ഇപ്പോള്‍ തന്റെ സ്വപ്ന പദ്ധതിയെ കുറിച്ച് സംസാരിക്കുകയാണ് ഷങ്കര്‍. വേല്‍പാരി ആണ് തന്റെ ഡ്രീം പ്രൊജക്ട് എന്ന് ഷങ്കര്‍ പറയുന്നു. വേല്‍പാരി എന്ന നോവലുമായി ബന്ധപ്പെട്ട ഒരു ലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിന്റെ എല്ലാ വശങ്ങളും ഗംഭീരമായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഈ ചിത്രം ഗെയിം ഓഫ് ത്രോണ്‍സ്, അവതാര്‍ പോലെ ആഗോള നിലവാരത്തിലുള്ളതായിരിക്കുമെന്നും ഷങ്കര്‍ പറഞ്ഞു.

‘ഒരിക്കല്‍ എന്റെ സ്വപ്ന പദ്ധതി എന്തിരന്‍ ആയിരുന്നു. ഇപ്പോള്‍ എന്റെ സ്വപ്ന പദ്ധതി ‘വേല്‍പാരി‘ ആണ്. ഒരു വലിയ ബജറ്റ് സിനിമ നിര്‍മിക്കുമ്പോഴെല്ലാം അത് ചന്ദ്രലേഖ പോലെ ഒരു വലിയ സംരംഭമായിരിക്കുമെന്ന് ആളുകള്‍ പറയും. പക്ഷേ സത്യത്തില്‍ വേല്‍പാരി ചന്ദ്രലേഖയെക്കാള്‍ വലുതായിരിക്കും. അല്ലെങ്കില്‍ അത്രയും വലുതായിരിക്കും.

വസ്ത്രധാരണം, കല, അതിന് ആവശ്യമായ നിര്‍മാണ നിലവാരം എന്ന ഘടകങ്ങള്‍ എല്ലാം ഒന്നിച്ച് വന്നാല്‍ ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ സംരംഭങ്ങളില്‍ ഒന്നായിരിക്കാം ഈ സിനിമ. ഗ്രാഫിക്‌സ് അടക്കമുള്ള ചിത്രത്തിലെ ഘടകങ്ങള്‍ കാരണം ഈ സിനിമ ഗെയിം ഓഫ് ത്രോണ്‍സ്, അവതാര്‍ എന്നിവയ്ക്ക് തുല്യമായ ഒരു ആഗോള നിലവാരമുള്ള സിനിമയായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഷങ്കര്‍ പറഞ്ഞു.

Content Highlight: Director Shankar talks about his next movie VelPari