വലിക്കുന്നത് കഞ്ചാവ് ആണോയെന്ന് സിനിമ കണ്ടാല്‍ മനസിലാകും; പീസ് ട്രെയ്ലര്‍ വിമര്‍ശനത്തില്‍ സംവിധായകന്‍
Entertainment news
വലിക്കുന്നത് കഞ്ചാവ് ആണോയെന്ന് സിനിമ കണ്ടാല്‍ മനസിലാകും; പീസ് ട്രെയ്ലര്‍ വിമര്‍ശനത്തില്‍ സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd August 2022, 3:12 pm

കഴിഞ്ഞ ദിവസമാണ് ജോജു ജോര്‍ജ് നായകനായി എത്തുന്ന പീസ് എന്ന ചിത്രത്തിന്റെ രണ്ടാം ട്രെയ്ലര്‍ പുറത്തുവന്നത്. നവാഗതനായ സന്‍ഫീര്‍. കെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആശാ ശരത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലറില്‍ ജോജുവിന്റെ കഥാപാത്രവും ആശാശരത്തിന്റെ കഥാപാത്രവും പുക വലിക്കുന്ന രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ രംഗത്തില്‍ കഥാപാത്രങ്ങള്‍ വലിക്കുന്നത് കഞ്ചാവ് ആണ് എന്നും ഇത്തരത്തില്‍ ഒരു രംഗം വളരെ ലാഘവത്തോടെ സിനിമയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ വിമര്‍ശനത്തിന് ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ സന്‍ഫീര്‍. സിനിഫിലെ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് സന്‍ഫീര്‍ ഇത് സംബന്ധിച്ച് തന്റെ മറുപടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ട്രെയ്‌ലറില്‍ ഉള്ള ആശാ ശരത്തിന്റെ പുകവലി രംഗം വെച്ച് ഒരു പോസ്റ്റ് ശ്രദ്ധയില്‍ പ്പെട്ടുവെന്നും പുകവലിക്കുന്ന ഒരു രംഗം കഥയ്ക്ക് ആവശ്യമായിരുന്നുവെന്നുമാണ് കുറിപ്പില്‍ സംവിധായകന്‍ പറയുന്നത്.

‘വലിക്കുന്നത് കഞ്ചാവാണോ എന്നൊക്കെ സിനിമ കണ്ടാല്‍ മാത്രമേ മനസ്സിലാകൂ എന്നാണ് തന്റെ വിശ്വാസമെന്നും ട്രെയ്‌ലറില്‍ അവസാനം ആ ഉമ്മാമ പറയണത് ഏഷണി ആയിക്കൂടെ എന്നാണ് സന്‍ഫീര്‍ കുറിപ്പില്‍ പറയുന്നത്.

‘ട്രെയ്‌ലറില്‍ ആശാ ശരത്തിന്റെ പുകവലി രംഗം വെച്ച് ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു. പുകവലിക്കുന്ന ഒരു രംഗം കഥയ്ക്ക് ആവശ്യമായിരുന്നു.

പിന്നെ വലിക്കുന്നത് കഞ്ചാവാണോ എന്നൊക്കെ സിനിമ കണ്ടാല്‍ മാത്രമേ മനസ്സിലാകൂ എന്നാണ് എന്റെ വിശ്വാസം . ട്രെയ്‌ലറിന്റെ അവസാനം ആ ഉമ്മാമ പറയണത് ഏഷണി ആയിക്കൂടെ അത് വിശ്വസിക്കണോ ?

മനുഷ്യജീവിതത്തിന്റെ ഭാഗമായതൊക്കെ, സിനിമയുടെ ഭാഗമാണ്, കലയുടെ ഭാഗമാണ്. അതില്‍ പലതും വന്നേക്കാം. നിങ്ങള്‍ക്കിഷ്ടപ്പെടുന്നതുണ്ടാവാം
ഇഷ്ടപ്പെടാത്തതുണ്ടാകാം. പറ്റുമെങ്കില്‍ സിനിമ കണ്ടിട്ട് അഭിപ്രായം അറിയിക്കു. നിങ്ങളുടെ ചോദ്യം ഉന്നയിക്കുന്ന ആശങ്കകള്‍ക്കുള്ള മറുപടി സിനിമയില്‍ തന്നെ കാണും,’ സന്‍ഫീര്‍ കുറിപ്പില്‍ പറയുന്നു.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായൊരുങ്ങുന്ന ആക്ഷേപഹാസ്യചിത്രമാണ് പീസ്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

തൊടുപുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് പീസിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരന്‍ ആണ്. ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ജോജു ജോര്‍ജിന് പുറമേ സിദ്ധീഖ്, അനില്‍ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം , വിജിലേഷ്, അര്‍ജുന്‍ സിങ്, ആശാ ശരത്, രമ്യാ നമ്പീശന്‍, അതിഥി രവി, പൗളി വിത്സന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Director reply to the criticism against Joju George’s Peace movie smoking scene