'ഫാന്‍ പോലെ കറങ്ങണിണ്ടല്ലോ'; ഇന്‍സ്റ്റ തല്ല് തീര്‍ന്നില്ല; ഇത്തവണ വീഡിയോയുമായി ടൊവിനോ
Film News
'ഫാന്‍ പോലെ കറങ്ങണിണ്ടല്ലോ'; ഇന്‍സ്റ്റ തല്ല് തീര്‍ന്നില്ല; ഇത്തവണ വീഡിയോയുമായി ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd August 2022, 12:50 pm

ടൊവിനോ തോമസ് നായകനായ തല്ലുമാല തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ തോമസ്, ലുക്മാന്‍ അവറാന്‍, സ്വാതി ദാസ് പ്രഭു, ഓസ്റ്റിന്‍, അദ്രി ജോയ് എന്നിവരുള്‍പ്പെട്ട അഞ്ചംഗ സംഘത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. അഞ്ച് പേരും ഒന്നിച്ചപ്പോള്‍ മികച്ച ഒരു ചിത്രം ഉണ്ടായതിനൊപ്പം മികച്ച സുഹൃത്ത്ബന്ധവും രൂപപ്പെട്ടിരുന്നു.

പള്ളിക്ക് മുമ്പിലുണ്ടായ തല്ലിലൂടെയാണ് ടൊവിനോ അവതരിപ്പിച്ച വസീമും ലുക്മാന്‍ അവതരിപ്പിച്ച ജംഷിയും തമ്മിലുള്ള സൗഹൃദം ഉണ്ടാകുന്നത്. ഈ തല്ലിന്റെ ബി.ടി.എസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ലുക്മാനെ ഫാന്‍ പോലെ വട്ടം കറക്കി മലര്‍ത്തിയടിക്കുന്നുണ്ട് വീഡിയോയില്‍ ടൊവിനോ.

‘ഫാന്‍ പോലെ കറങ്ങണിണ്ടല്ലോ,’ എന്നാണ് ടൊവിനോ വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍. കഴിഞ്ഞ ദിവസം ഇരുവരും തല്ലുമാലയില്‍ പരസ്പരം തല്ലുന്ന ഫോട്ടോകള്‍ ഇട്ട് ഇന്‍സ്റ്റഗ്രാം തല്ലുണ്ടാക്കിയതിന്റെ തുടര്‍ച്ചയാണോ ഇത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

പള്ളിയുടെ മുന്നില്‍ വെച്ച് ജംഷി വസീമിനെ തല്ലുന്ന ഫോട്ടോ ലുക്മാനാണ് ആദ്യം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. വസീമിനെ അടിച്ചുവീഴ്ത്തുന്ന ഫോട്ടോക്ക് ‘ഇതെവിടെ പോകുന്നു ടൊവിനോ തോമസ്’ എന്നാണ് ലുക്മാന്‍ ക്യാപ്ഷന്‍ നല്‍കിത്. ‘ഒന്ന് കുളിച്ചിട്ട് വരാം. ഓകെ ബൈ..’ എന്ന് ഇതിന് ടൊവിനോ കമന്റ് ചെയ്യുകയും ചെയ്തു.

‘എന്റേല് ഒരു ഐറ്റം ഉണ്ട്, ഇടട്ടെ’ എന്ന് മറ്റൊരു കമന്റില്‍ പറഞ്ഞ ടൊവിനോ, ജംഷിയെ നിലത്തിട്ട് പെരുമാറുന്ന വസീമിന്റെ ഫോട്ടോയും തന്റെ ടൈംലൈനില്‍ പങ്കുവെച്ചു.

‘ബാ എണീക്ക്’ എന്നാണ് ലുക്മാനെ മെന്‍ഷന്‍ ചെയ്ത് ടൊവിനോ ഈ ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. ‘ഇല്ല എനിക്കൊന്ന് ഉറങ്ങണെമെന്ന്’ മറുപടി കമന്റുമായി ലുക്മാന്‍ ഉടന്‍ എത്തുകയും ചെയ്തു. ‘നിങ്ങള്‍ ഇതുവരെ തല്ലി തീര്‍ന്നില്ലേ,’ എന്നാണ് ചിത്രത്തിന് മുഹ്‌സിന്‍ പരാരി കമന്റ് ചെയ്തത്.

അതേസമയം റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോള്‍ 40 കോടി നേടിയിരിക്കുകയാണ് ചിത്രം.
ഒമ്പതാം ദിവസം ചിത്രം നേടിയത് 1.75 കോടി രൂപയാണ്. ഇതില്‍ 1.36 കോടി രൂപ കേരളത്തില്‍ നിന്നാണ് നേടിയത്. ചിത്രം ഇതുവരെ കളക്ട് ചെയ്തത് 38.5 കോടി രൂപയാണ്. 20 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. എട്ടാം ദിനം ഒരു കോടി രൂപ കളക്ട് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്ന് 82 ലക്ഷം രൂപയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: tovino thomas shares a bts video of fight with lukman in thallumaala