ജോസ് പ്രകാശുമായി ചീട്ട് കളിച്ചതും മോഹന്‍ലാല്‍ തോറ്റു; കാശ് കൊടുക്കാതെ ഒളിച്ചതും അദ്ദേഹം പറഞ്ഞ മറുപടി ഇന്നും ഓര്‍മയിലുണ്ട്: പ്രിയദര്‍ശന്‍
Entertainment
ജോസ് പ്രകാശുമായി ചീട്ട് കളിച്ചതും മോഹന്‍ലാല്‍ തോറ്റു; കാശ് കൊടുക്കാതെ ഒളിച്ചതും അദ്ദേഹം പറഞ്ഞ മറുപടി ഇന്നും ഓര്‍മയിലുണ്ട്: പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 4:30 pm

സിനിമയെന്ന മോഹവുമായി ചെന്നൈയിലേക്ക് വണ്ടികയറിയ കാലത്തെ കുറിച്ചും ചെന്നൈയിലെ സ്വാമീസ് ലോഡ്ജിനെ കുറിച്ചുള്ള ഓര്‍മകളും പങ്കുവെക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ മോഹന്‍ലാലും നിര്‍മാതാവ് ജി. സുരേഷ് കുമാറും.

അന്നത്തെ ബുദ്ധിമുട്ടുകളോ കഷ്ടപ്പാടുകളോ ഒന്നും തങ്ങളെ ബാധിച്ചിരുന്നില്ലെന്നും ഒര്ു മുറിയില്‍ നാലും അഞ്ചും പേര്‍ അഡ്ജസ്റ്റ് ചെയ്ത് താമസിച്ചിരുന്നെന്നും ഇവര്‍ പറയുന്നു.

അടുത്തിടെ താനും സുരേഷ് കുമാറും സ്വാമീസ് ലോഡ്ജില്‍ പോയിരുന്നെന്നും ഒപ്പം തന്റെ മകനും ഉണ്ടായിരുന്നെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഒപ്പം സ്വാമീസ് ലോഡ്ജിലെ ചില രസകരമായ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു.

‘ഈയിടയ്ക്ക് ഞാനും സുരേഷും ഞങ്ങള്‍ താമസിച്ചിരുന്ന സ്വാമീസ് ലോഡ്ജില്‍ പോയിരുന്നു. എന്റെ മോനും കൂടെയുണ്ടായിരുന്നു. ഇവിടെയായിരുന്നു ലാല്‍ മാമന്‍ താമസിച്ചിരുന്നത്. ഇവിടെയായിരുന്നു ഞാനും സുരേഷുമെന്ന് അവനോട് പറഞ്ഞു. ചുമ്മാ ഇരിക്ക് അച്ഛാ, ചുമ്മാ കള്ളം പറയാതെ എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞത് അവന്‍ വിശ്വസിക്കുന്നുണ്ടായിരുന്നില്ല.

അവര്‍ക്കൊന്നും വിശ്വസിക്കാന്‍ ആവില്ല. ഞാന്‍,ലാല്‍, സുരേഷ്, അശോകന്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു റൂമിലാണ്. അങ്ങനെയായിരുന്നു. സ്വാമീസ് ലോഡ്ജ് ഞങ്ങളുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരിടമായിരുന്നു.

എനിക്ക് ഓര്‍മ വരുന്ന മറ്റൊരു കാര്യം. അന്നവിടെ എല്ലാവരും ഉണ്ട്. ഭരതേട്ടന്‍, ജോസ് പ്രകാശ് സാര്‍, ആലുംമൂടന്‍ ചേട്ടന്‍ അങ്ങനെ എല്ലാവരും. ഒരു ദിവസം ലാല്‍ ഇവരുമായി ചീട്ടുകളിച്ചിട്ട് തോറ്റു. അവസാനം ഇവന്‍ ഒളിച്ചപ്പോള്‍ ജോസ് പ്രകാശ് വന്നിട്ട് എന്നെങ്കിലും നീയൊരു സ്റ്റാര്‍ ആകുമ്പോള്‍ ഈ കാശ് എനിക്ക് തിരിച്ചുതന്നേക്കണം എന്ന് പറഞ്ഞു. അതെനിക്ക് ഇന്നും് ഓര്‍മയുണ്ട്,’ പ്രിയദര്‍ശന്‍ പറഞ്ഞു.

അവരുടെയെല്ലാം ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനയും തങ്ങളുടെ വിജയത്തിന് പിറകിലുണ്ടെന്നായിരുന്നു ഇതോടെ മോഹന്‍ലാല്‍ പറഞ്ഞത്. ‘ഇന്നത്തെ കാലത്ത് ആ സ്‌നേഹം ഉണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കാലം മാറി. സ്‌നേഹം ഇല്ലെന്ന് പറയുന്നതില്‍ കാര്യമില്ല. പക്ഷേ അവര്‍ ഞങ്ങളുടെയൊക്കെ കാര്യത്തില്‍ അന്ന് അത്രയും കണ്‍സേണ്‍ഡ് ആയിരുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.

ഇതോടൊപ്പം മറ്റൊരു കഥ സുരേഷ് കുമാറും പങ്കുവെച്ചു. ‘അവിടെ മുകളിലേക്ക് പോകുന്ന ഒരു പടിക്കെട്ടുണ്ട്. അവിടെ ഒരു കസേരയുണ്ട്. ആ കസേരയിലാണ് സത്യന്‍സാര്‍ പണ്ട് ഇരുന്നുകൊണ്ടിരുന്നത്. അവിടെ ഒരു ഓപ്പണ്‍ സ്‌പേസുണ്ട്.

ഒരു ദിവസം ലാല്‍ ഈ കസേര വലിച്ചിട്ടിട്ട് സത്യന്‍സാറിന്റെ സിംഹാസനത്തില്‍ ഒന്ന് ഇരുന്ന് നോക്കട്ടെ എന്ന് പറഞ്ഞ് അതിലിരുന്നു. പില്‍ക്കാലത്ത് അതൊരു വലിയ സംഭവമായി മാറിയില്ലേ,’ സുരേഷ് കുമാര്‍ പറഞ്ഞു.

Content Highlight: Director Priyadarsh share a Funny Incidentwith Mohanlal and Swamys Lodge