ന്യൂഡിറ്റിയുള്ള സിനിമ അംഗീകരിക്കാന്‍ പറ്റില്ലെന്ന് അവര്‍, ബൈബിളിലെ ന്യൂഡിറ്റിയാണ് ഞാന്‍ സിനിമയാക്കിയതെന്ന് തിരിച്ചു പറഞ്ഞു: പി. ചന്ദ്രകുമാര്‍
Entertainment
ന്യൂഡിറ്റിയുള്ള സിനിമ അംഗീകരിക്കാന്‍ പറ്റില്ലെന്ന് അവര്‍, ബൈബിളിലെ ന്യൂഡിറ്റിയാണ് ഞാന്‍ സിനിമയാക്കിയതെന്ന് തിരിച്ചു പറഞ്ഞു: പി. ചന്ദ്രകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd May 2025, 10:31 pm

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് പി. ചന്ദ്രകുമാര്‍. 19ാം വയസില്‍ ആദ്യസിനിമ സംവിധാനം ചെയ്ത ചന്ദ്രകുമാര്‍ നിരവധി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. തടവറ, അധികാരം, ഉയരും ഞാന്‍ നാടാകെ, പി.സി. 369 തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയത് ചന്ദ്രകുമാറായിരുന്നു. ബൈബിളിലെ ആദം ഹവ്വ കഥയെ ആസ്പദമാക്കി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദിപാപം.

1988ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പി. ചന്ദ്രകുമാര്‍. എല്ലാം തകര്‍ന്നിരിക്കുന്ന സമയത്തായിരുന്നു താന്‍ ആദിപാപം ചെയ്യാന്‍ ഇറങ്ങിയതെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു. നായികയായി വന്ന ആര്‍ട്ടിസ്റ്റിനോട് താന്‍ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നെന്നും അവര്‍ എല്ലാം സമ്മതിച്ചെന്നും ചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് അവസാനിച്ചപ്പോള്‍ പലരും പ്രശ്‌നങ്ങളുമായി വന്നെന്നും റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞിരുന്നെന്നും ചന്ദ്രകുമാര്‍ പറയുന്നു. തന്റെ സിനിമയില്‍ ന്യൂഡിറ്റി ഉണ്ടെന്നായിരുന്നു അവരുടെ വാദമെന്നും അത്തരം സിനിമകള്‍ അംഗീകരിക്കില്ലെന്ന് അവര്‍ പറഞ്ഞെന്നും ചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ ദിവസവും വായിക്കുന്ന ബൈബിളിലെ കഥയാണ് താന്‍ സിനിമയാക്കിയതെന്നും തന്റെ സിനിമ അംഗീകരിച്ചില്ലെങ്കില്‍ ബൈബിളിലെ ആ ഭാഗം കീറിക്കളയണമെന്ന് താന്‍ ആവശ്യപ്പെട്ടെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. കാണുന്നവരുടെ ചിന്താഗതിക്കാണ് പ്രശ്‌നമെന്ന് താന്‍ അവരോട് പറഞ്ഞെന്നും അതിന് ശേഷമാണ് ആദിപാപം റിലീസായതെന്നും ചന്ദ്രകുമാര്‍ പറയുന്നു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു പി. ചന്ദ്രകുമാര്‍.

‘മൊത്തം തകര്‍ന്ന് മുന്നോട്ട് ഇനിയെന്ത് എന്ന ചിന്തയുടെ സമയത്ത് ഞാന്‍ ചെയ്ത സിനിമയായിരുന്നു ആദിപാപം. ആ സിനിമ എങ്ങനെയുള്ളതാണെന്ന് അതില്‍ അഭിനയിക്കാന്‍ വന്ന നായികയോട് പറഞ്ഞിരുന്നു. അവര്‍ക്ക് അഭിനയിക്കാന്‍ സമ്മതമായിരുന്നു. അങ്ങനെ ആ സിനിമ ഷൂട്ട് ചെയ്ത ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

‘തന്റെ സിനിമയില്‍ ന്യൂഡിറ്റിയുണ്ട്, അത്തരം സിനിമകള്‍ അംഗീകരിക്കാന്‍ പറ്റില്ല’ എന്നായിരുന്നു അവരുടെ വാദം. ‘ബൈബിളിലുള്ള കഥയാണ് ഞാന്‍ സിനിമയാക്കിയത്. എന്റെ സിനിമ അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ ബൈബിളിലെ ആ ഭാഗം കീറിക്കളയൂ’ എന്ന് ഞാന്‍ അവരോട് പറഞ്ഞു. നിങ്ങളുടെ ചിന്താഗതിക്കാണ് കുഴപ്പമെന്നും ഞാന്‍ അന്ന് പറഞ്ഞു. അങ്ങനെയാണ് ആദിപാപം തിയേറ്ററിലെത്തിയത്,’ പി. ചന്ദ്രകുമാര്‍ പറയുന്നു.

Content Highlight: Director P Chandrakumar about Adipapam movie