ജയിലറിന് മുമ്പ് അദ്ദേഹത്തിന്റെ പ്രായത്തെ വെച്ച് കളിക്കരുതെന്ന് പലരും പറഞ്ഞു, എനിക്ക് ഭയമുണ്ടായിരുന്നു: നെൽസൺ
Entertainment
ജയിലറിന് മുമ്പ് അദ്ദേഹത്തിന്റെ പ്രായത്തെ വെച്ച് കളിക്കരുതെന്ന് പലരും പറഞ്ഞു, എനിക്ക് ഭയമുണ്ടായിരുന്നു: നെൽസൺ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd February 2025, 9:24 am

2023ലെ ഏറ്റവും വലിയ വിജയ ചിത്രമായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍. അണ്ണാത്തെയുടെ വന്‍ പരാജയത്തിന് ശേഷം രജിനികാന്തും ബീസ്റ്റിന് മോശം അഭിപ്രായം കേട്ട ശേഷം നെല്‍സനും ചെയ്യുന്ന സിനിമ എന്ന നിലയില്‍ ജയിലര്‍ സിനിമാലോകം ഉറ്റുനോക്കിയ പ്രൊജക്ടായിരുന്നു. ബോക്സ് ഓഫീസില്‍ 600 കോടിക്ക് മുകളിലാണ് ജയിലര്‍ നേടിയത്.

മലയാളത്തില്‍ നിന്ന് മോഹന്‍ലാലും, കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും, ബോളിവുഡില്‍ നിന്ന് ജാക്കി ഷറോഫും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. സിനിമയുടെ വലിയ വിജയത്തിന് പിന്നാലെ ജയിലറിന് ഒരു രണ്ടാംഭാഗമുണ്ടാവുമെന്ന വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. പിന്നാലെ ഈയിടെ അണിയറപ്രവര്‍ത്തകര്‍ ജയിലര്‍ 2വിന്റെ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടിരുന്നു. ഗംഭീര സ്വീകരണമാണ് വീഡിയോക്ക് ലഭിച്ചത്.

ജയിലറിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നെൽസൺ. ജയിലറിന് മുമ്പ് ഒരുപാട് പേർ തന്നോട് രജിനികാന്തിന്റെ പ്രായത്തെ പരീക്ഷിക്കരുതെന്ന് പറഞ്ഞിരുന്നു എന്നാണ് നെൽസൺ പറയുന്നത്. തനിക്ക് ഒരുപോലെ ആത്മവിശ്വാസവും ഭയവും ആ കാര്യത്തിൽ തോന്നിയിരുന്നുവെന്നും നെൽസൺ പറയുന്നു. മോശമായാൽ കുറ്റങ്ങൾ കേൾക്കാൻ തയ്യാറായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജയിലറിന്റെ സമയത്ത് ഒരുപാട് ആളുകൾ എന്നോട് പറഞ്ഞിരുന്നു. രജിനിസാറിന്റെ പ്രായത്തെ വെച്ച് കളിക്കരുതെന്ന്. അദ്ദേഹം ഇത്‌ വരെ ചെയ്തത് എന്താണോ അത് തന്നെ ചെയ്യട്ടെയെന്ന് ആളുകൾ പറഞ്ഞു. പക്ഷെ എനിക്കൊരു ചെറിയ ആത്മവിശ്വാസമുണ്ടായിരുന്നു. അതുപോലെ തന്നെ അതിനെ കുറിച്ചൊരു ധൈര്യക്കുറവും ഉണ്ടായിരുന്നു. ഇനി അത് പരാജയപ്പെടുകയാണെങ്കിൽ അതെന്റെ പ്രശ്നമാണ്. അതുകൊണ്ടാണ് അത് ചെയ്യാമെന്ന് ഞാൻ തീരുമാനിച്ചത്. മോശമായാൽ കുറ്റങ്ങൾ കേൾക്കാനും ഞാൻ തയ്യാറായിരുന്നു,’നെൽസൺ ദിലീപ് കുമാർ പറയുന്നു.

ഒന്നാംഭാഗം പോലെ നെൽസൺ തന്നെയാണ് ജയിലർ രണ്ടിന്റെ രചന നിർവഹിക്കുന്നത്. മോഹൻലാലും ശിവരാജ്‌കുമാറും വീണ്ടും ജയിലറിന്റെ ഭാഗമാവുമോ എന്നറിയാനാണ് മലയാളികളടക്കം ഇനി കാത്തിരിക്കുന്നത്. ഒന്നാംഭാഗത്തിൽ അനിരുദ്ധ് ഒരുക്കിയ പാട്ടുകളും ബി.ജി.എമ്മുകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാംഭാഗത്തിലേക്ക് വരുമ്പോഴും അനിരുദ്ധ് തന്നെയാണ് സിനിമയുടെ ഭാഗമാവുന്നത്.

മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ പുറത്തുവരും എന്നാണ് കരുതുന്നത്. ഒരു ഇടവേളക്ക് ശേഷം രജിനികാന്ത് ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ജയിലർ. അതുകൂടാതെ ലോകേഷ് കനകരാജിന്റെ കൂലിയും അണിയറിൽ ഒരുങ്ങുന്ന രജിനി ചിത്രമാണ്.

 

Content Highlight: Director Nelson About His Tension’s Before Jailer Movie