ദിലീഷ് പോത്തനെ ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്: മഹേഷ് നാരായണന്‍
Entertainment news
ദിലീഷ് പോത്തനെ ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്: മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th December 2022, 9:17 am

ദിലീഷ് പോത്തന്റെ സിനിമാ രീതിയെ താന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ടെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ താനൊരു ഓള്‍ഡ് സ്‌കൂളാണെന്നും, ചിന്തകള്‍ ഇപ്പോഴും ക്ലാസിക്കാണെന്നും അദ്ദേഹം പറഞ്ഞു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് നാരായണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഞാന്‍ ക്ലാസിക്കായി ചിന്തിക്കുന്ന ഒരാളാണ്. ഒരു എഴുത്തുകാരന്‍ എന്ന രീതിയില്‍ ഞാന്‍ ഒരു ഓള്‍ഡ് സ്‌കൂളാണ്. കാരണം സിനിമ ചെയ്യുന്ന വിഷയം പുതിയതാണെങ്കിലും എല്ലാം എഴുതിക്കൂട്ടിയാണ് ഞാന്‍ ഇപ്പോഴും ചെയ്യുന്നത്. പലപ്പോഴും ഞാനും ദിലീഷുമൊക്കെ തര്‍ക്കിക്കാറുണ്ട്. നിങ്ങള്‍ ഇങ്ങനെ മിനിറ്റും സെക്കന്റും നോക്കിയിട്ടാണോ സിനിമ ചെയ്യുന്നത് എന്നും പറഞ്ഞ്.

എന്നാല്‍ ദിലീഷ് അങ്ങനെയല്ല. ദിലീഷിന് കുറച്ചുകൂടി സ്വാതന്ത്യമുണ്ട് ഇക്കാര്യത്തില്‍. സ്വതന്ത്രമായി ചിന്തിക്കുന്ന, വളരെ പരന്ന് ഷൂട്ട് ചെയ്യുന്ന ഒരാളാണ് ദിലീഷ്. ഞാനൊരിക്കലും അങ്ങനെയല്ല സിനിമ ചെയ്യുന്നത്. എനിക്ക് ആവശ്യമുള്ളത് മാത്രം ഷൂട്ട് ചെയ്യുന്നയാളാണ്. മാലിക് കണ്ടിട്ട് പലരും പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ക്ക് ചില സമയം കണ്ക്ഷന്‍ വിട്ടുപോയി എഡിറ്റിങ്ങില്‍ എന്തെങ്കിലും പറ്റിയതാണോ എന്ന്.

അവരോടൊക്കെ ഞാന്‍ പറയാറുണ്ട് അതൊന്നുമല്ല, എന്റെ തെറ്റ്‌കൊണ്ട് തന്നെ പറ്റിയതാണെന്ന്. കാരണം അതിനുവേണ്ടിയുള്ളത് ഒന്നും ഞാന്‍ എടുത്തിട്ടില്ല. കാണുന്നവര്‍ക്ക് അത് കമ്മ്യൂണിക്കേറ്റാവും എന്ന് ഞാന്‍ കരുതി, എന്നാല്‍ നടന്നില്ല. അപ്പോള്‍ അത് എന്റെ പ്രശ്‌നം തന്നെയാണ്.

അഭിനയിക്കുന്നവര്‍ എത്ര തവണ തിരക്കഥ വായിച്ചാലും, അഭിനയിച്ച് തുടങ്ങുമ്പോള്‍ മാത്രമേ കഥാപാത്രവുമായി തങ്ങള്‍ എത്രമാത്രം റൂട്ടടാണെന്ന് അവര്‍ക്ക് മനസിലാവുകയുള്ളു. തിരക്കഥയെ നന്നായി ആസ്വദിക്കാന്‍ കഴിയുന്നതും അവര്‍ക്ക് തന്നെയാണ്. ദിലീഷൊക്കെ ഷൂട്ട് ചെയ്യുന്നത് ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. കാരണം, അവര്‍ എല്ലാ സിനിമയും ഓറയിലാണ് ഷൂട്ട് ചെയ്യുന്നത്.

എനിക്ക് അതിന് കഴിയാത്തതിന് ചില കാരണങ്ങളുണ്ട്. ഞാന്‍ തെരഞ്ഞെടുക്കുന്ന കഥകള്‍ക്ക് എപ്പോഴും വ്യാപ്തി കൂടുതലായിരിക്കും,’ മഹേഷ് നാരായണന്‍ പറഞ്ഞു.

അറിയിപ്പാണ് മഹേഷ് നാരായണന്റെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്.കെ വേദിയില്‍ അറിയിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം നെറ്റ് പാക് പുരസ്‌കാരവും നേടി ഐ.എഫ്.എഫ്.കെക്ക് പുറമെ നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും ബുസാന്‍ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.

content highlight:director mahesh narayanan talks about dileesh pothen