മസ്‌കിന്റെ 'വ്യാഴാഴ്ച കൂട്ടക്കൊല'ക്കെതിരെ അണിനിരന്ന് ലോകരാജ്യങ്ങള്‍
World News
മസ്‌കിന്റെ 'വ്യാഴാഴ്ച കൂട്ടക്കൊല'ക്കെതിരെ അണിനിരന്ന് ലോകരാജ്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th December 2022, 9:00 am

സാന്‍ ഫ്രാന്‍സിസ്‌കോ: മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌കിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമുയരുന്നു. വിവിധ രാജ്യങ്ങളുടെ സര്‍ക്കാര്‍ പ്രതിനിധികളും സാമൂഹ്യ സംഘടനകളും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളുമാണ് മസ്‌കിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും മസ്‌കിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് ഫ്രീ സ്പീച്ച് അനുകൂലിയെന്ന് (Free Speech absolutist) അവകാശപ്പെടുന്ന ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നാണ് ഇവരെല്ലാം ചൂണ്ടികാണിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി ഐക്യരാഷ്ട്ര സഭയെ അസ്വസ്ഥതപ്പെടുത്തിയെന്നാണ് യു.എന്‍ വക്താവായ സ്റ്റെഫാനി ദുജാറിക് പ്രതികരിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോമില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ഇതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

‘ലോകം മുഴുവനും മാധ്യമപ്രവര്‍ത്തകര്‍ സെന്‍സര്‍ഷിപ്പും ആക്രമണങ്ങളും ഭീഷണിയുമെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്ത് ഇത്തരത്തിലുള്ള നടപടിയുണ്ടാകുന്നത് അപകടകരമായ മാതൃകയാണ് മുന്നോട്ടുവെക്കുന്നത്,’ സ്‌റ്റെഫാനി പ്രതികരിച്ചു.

ട്വിറ്ററില്‍ നിന്നും കുറച്ച് നാളത്തേക്ക് പിന്‍വാങ്ങുകയാണെന്നാണ് ഫ്രാന്‍സ് വ്യാവസായിക മന്ത്രി റോളണ്ട് ലെസ്‌ക്യുറിന്റെ പ്രതികരണം. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയെ പ്രശ്‌നമായി തന്നെയാണ് കാണുന്നതെന്ന് ജര്‍മന്‍ വിദേശകാര്യ ഓഫീസും ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി.

സൊസൈറ്റി ഫോര്‍ അഡ്‌വാന്‍സിങ് ബിസിനസ് എഡിറ്റിങ് ആന്റ് റൈറ്റിങും ട്വിറ്ററിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അമേരിക്കന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഒന്നാം ഭേദഗതിയുടെ ലംഘനമാണ് ഈ നടപടിയെന്നാണ് സംഘടനയുടെ പ്രതികരണം. പൊതുമധ്യത്തിലുള്ള വിവരങ്ങളുടെ സ്വതന്ത്രമായ വിതരണത്തിന് വഴിയൊരുക്കുമെന്ന സോഷ്യല്‍ മീഡിയയുടെ അടിസ്ഥാന ആദര്‍ശങ്ങളുടെ ലംഘനമാണ് ഇതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഇലോണ്‍ മസ്‌കിന്റെ ‘വ്യാഴാഴ്ച കൂട്ടക്കൊല’

വ്യാഴാഴ്ച കൂട്ടക്കൊല എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത നടപടി ഇപ്പോള്‍ വിളിക്കപ്പെടുന്നത്. ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, സി.എന്‍.എന്‍, വോയ്സ് ഓഫ് അമേരിക്ക, ദ ഇന്റര്‍സെപ്റ്റ് എന്നിവയിലെ ഏഴോളം മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ സസ്പെന്‍ഡ് ചെയ്തത്. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെയായിരുന്നു സസ്പെന്‍ഷന്‍.

പബ്ലിക് പ്ലാറ്റ്‌ഫോമില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ഇലോണ്‍ജെറ്റ് എന്ന അക്കൗണ്ട് മസ്‌കിന്റെ പ്രൈവറ്റ് ജെറ്റിന്റെ ലൊക്കേഷന്‍ പുറത്തുവിട്ടതാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടികളിലേക്ക് വരെ എത്തിനില്‍ക്കുന്നത്.

ഫ്രീ സ്പീച്ചിന് വില കല്‍പിക്കുന്നതിനാല്‍ ഇലോണ്‍ജെറ്റ് എന്ന അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യില്ലെന്നായിരുന്നു ആദ്യം മസ്‌ക് പറഞ്ഞിരുന്നത്. എന്നാല്‍ തൊട്ടുപിന്നാലെ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യരുത് എന്ന് ട്വിറ്റര്‍ സ്വകാര്യത പോളിസിയില്‍ മാറ്റം വരുത്തി. വ്യാഴാഴ്ചയോടെ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്ന നടപടിക്കും തുടക്കം വെച്ചു.

സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് മസ്‌കും ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ തന്റെ കുടുംബത്തെ അപകടത്തിലാക്കുന്നുവെന്നാണ് മസ്‌ക് ആരോപിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതിനെ അപലപിച്ചുകൊണ്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മസ്‌കിന്റെ ട്വീറ്റ്.

തന്റെ വ്യക്തിപരമായ വിവരങ്ങള്‍ക്ക് പുറമെ കുടുംബത്തെ കുറിച്ചുള്ള രഹസ്യാത്മകമായ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ടു എന്നാണ് മസ്‌കിന്റെ വാദം. ഏഴ് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍ എന്നും മസ്‌ക് പറയുന്നു.

”ദിവസം മുഴുവനും എന്നെ വിമര്‍ശിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല. പക്ഷേ എന്റെ തത്സമയ ലൊക്കേഷന്‍ ഡോക്‌സ് ചെയ്ത് എന്റെ കുടുംബത്തെ അപകടത്തിലാക്കുന്നത് അങ്ങനെയല്ല,” എന്നാണ് മസ്‌ക് പറഞ്ഞത്.

ദുരുദ്ദേശപരമായി ഒരാളെ കുറിച്ചുള്ള വ്യക്തിവിവരങ്ങള്‍ പബ്ലിക് പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കുന്നതാണ് ഡോക്‌സിങ്. എന്നാല്‍ ഇത്തരത്തിലുള്ള ഡോക്‌സിങ് തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് സസ്‌പെന്‍ഷന്‍ നേരിട്ട മാധ്യമപ്രവര്‍ത്തകര്‍ തെളിവുസഹിതം വ്യക്തമാക്കുന്നത്.

ജീവനക്കാരുടെയും വാ മൂടിക്കെട്ടിയ മസ്‌ക്

ഇതിനിടെ ട്വിറ്റര്‍ കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കുന്ന ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം മസ്‌ക് രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് മസ്‌ക് ജീവനക്കാര്‍ക്ക് കത്തയക്കുകയായിരുന്നു.

ഈ മുന്നറിയിപ്പ് അംഗീകരിക്കുന്ന ഒരു രേഖയില്‍ ഒപ്പിടാന്‍ ട്വിറ്റര്‍ ജീവനക്കാരോട് മസ്‌ക് ഉത്തരവിട്ടതായും പ്ലാറ്റ്ഫോര്‍മര്‍ മാനേജിങ് എഡിറ്റര്‍ സോ ഷിഫറിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ട്വിറ്റര്‍ മേധാവിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെയാണ് സി.ഇ.ഒയായിരുന്ന ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെ മസ്‌ക് സ്ഥാനത്ത് നിന്നും പുറത്താക്കിയത്.

‘ചെലവുചുരുക്കല്‍’ നയത്തിന്റെ ഭാഗമായി Twitter Incല്‍ നിന്നും പകുതിയിലധികം തൊഴിലാളികളെയും (3700ഓളം) ഒഴിവാക്കാനുള്ള മസ്‌കിന്റെ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു.

Content Highlight: Nations and UN against Elon Musk over suspending accounts of journalists