വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്, പ്രതീക്ഷക്കൊപ്പമെത്താന്‍ സാധിക്കുമെന്ന് കരുതുന്നു: മാലികിന്റെ ആമസോണ്‍ റിലീസില്‍ മഹേഷ് നാരായണന്‍
Entertainment
വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്, പ്രതീക്ഷക്കൊപ്പമെത്താന്‍ സാധിക്കുമെന്ന് കരുതുന്നു: മാലികിന്റെ ആമസോണ്‍ റിലീസില്‍ മഹേഷ് നാരായണന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st July 2021, 5:28 pm

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമായ മാലിക് ആമസോണ്‍ പ്രൈമില്‍ എത്തുകയാണ്. ജൂലൈ 15നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രം ഒ.ടി.ടി. റിലീസിനെത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ ഇപ്പോള്‍.

ഒ.ടി.ടി. റിലീസിലൂടെ ലോകം മുഴുവനുമുള്ള പ്രേക്ഷകര്‍ക്ക് മുന്‍പില്‍ സിനിമയെത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്നും പ്രേക്ഷകന്റെ പ്രതീക്ഷകള്‍ക്കൊപ്പമെത്താന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നെന്നും മഹേഷ് നാരായണ്‍ പറഞ്ഞു.

‘ആമസോണ്‍ പ്രൈം പോലെ ഇത്രയും പോപ്പുലറായ ഒരു പ്ലാറ്റ്‌ഫോമില്‍ മാലിക് റിലീസ് ചെയ്യാനാകുന്നത് വഴി ലോകം മുഴുവനുമുള്ള പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് സിനിമയെത്തിക്കാനുള്ള വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നി കൊണ്ടുള്ള കഥയാണ് മാലിക്. വ്യത്യസ്തമായ സ്വഭാവ സവിശേഷതകളും വികാരങ്ങളുമുള്ള ഒരുപടി കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. മാലികിന് പ്രേക്ഷകന്റെ പ്രതീക്ഷക്കൊപ്പമെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് വിചാരിക്കുന്നത്,’ മഹേഷ് നാരായണന്‍ പറഞ്ഞു.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

തിയേറ്ററിലെത്തുമെന്ന് അറിയിച്ചിരുന്ന മാലികിന്റെ റിലീസ് കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പല തവണ മാറ്റിവെച്ചിരുന്നു.
2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു.

പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Mahesh Narayanan about Fahadh Faasil movie Malik Amazon Prime release