മോഹന്‍ലാലിന്റെ ഒറ്റ ചോദ്യത്തില്‍ നിന്നുമാണ് 'ഇരുപതാം നൂറ്റാണ്ട്' സംഭവിക്കുന്നത്: കെ.മധു
Entertainment news
മോഹന്‍ലാലിന്റെ ഒറ്റ ചോദ്യത്തില്‍ നിന്നുമാണ് 'ഇരുപതാം നൂറ്റാണ്ട്' സംഭവിക്കുന്നത്: കെ.മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th January 2023, 9:08 am

മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാറാക്കി മാറ്റിയ സിനിമകളിലൊന്നാണ് കെ.മധു സംവിധാനം ചെയ്ത ഇരുപതാംനൂറ്റാണ്ട്. ഈ സിനിമ എങ്ങനെയാണ് ആരംഭിച്ചത് എന്ന് പറയുകയാണ് സംവിധായകന്‍ കെ.മധു. നിര്‍മാതാവ് വരെ സിനിമയില്‍ നിന്നും പിന്മാറിയിട്ടും മോഹന്‍ലാലിന്റെ ഒറ്റ ചോദ്യത്തില്‍ നിന്നുമാണ് ആ സിനിമയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

വെറും ഇരുപത്തിരണ്ട് ദിവസംകൊണ്ടാണ് ആ സിനിമ പൂര്‍ത്തിയാക്കിയതെന്നും ഇന്ന് അത്തരത്തിലൊരു സിനിമ ആ സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും കെ.മധു പറഞ്ഞു. മോഹന്‍ലാലിന്റെ വലിയ സംഭാവന ലഭിച്ചതുകൊണ്ടാണ് ചുരുങ്ങിയ സമയംകൊണ്ട് സിനിമ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹമൊരു സംവിധായകന്റെ നടനാണെന്നും കെ.മധു പറഞ്ഞു. അമൃത ടി.വിയില്‍ മോഹന്‍ലാല്‍ അവതാരകനായ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ദിവസം ഞാന്‍ ലാലിനോട് പറഞ്ഞു, എനിക്കൊരു സിനിമ ചെയ്യണമെന്ന്. എനിക്ക് ലാലിനെ വെച്ചാണ് സിനിമ ചെയ്യാന്‍ ആഗ്രഹമെന്നും പറഞ്ഞു. അതിനെന്താ ചേട്ടാ, അതിന് പറ്റിയൊരു കഥ കണ്ടുപിടിക്ക് നമുക്ക് സിനിമ ചെയ്യാമെന്നും ലാല്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ അവിടെ നിന്നും പിരിഞ്ഞു.

അതിനുശേഷം എന്റെ ഒരു സിനിമ ഇറങ്ങി പരാജയപ്പെട്ടു. അതിനെ തുടര്‍ന്ന് ലാലിനെ വെച്ച് ഞാന്‍ ചെയ്യുന്ന സിനിമ നിര്‍മിക്കാമെന്ന് പറഞ്ഞ നിര്‍മാതാവ് അതില്‍ നിന്നും പിന്‍മാറി. അങ്ങനെ ഞാനും മനസ് കൊണ്ട് ആ സിനിമയില്‍ നിന്നും പിറകോട്ട് വലിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം വളരെ യാദൃശ്ചികമായി ലാലിനെ ഞാന്‍ മദ്രാസിലെ രഞ്ജിത് ഹോട്ടലില്‍ വെച്ച് കണ്ടു.

അവിടെ വെച്ച് എന്നോട് ലാല്‍ ചോദിച്ചു അന്ന് പറഞ്ഞ പ്രൊജക്ട് ചെയ്യുന്നില്ലേ എന്ന്. അതിന്റെ നിര്‍മാതാവിന് ഒരു ചെറിയ പ്രശ്‌നമുണ്ട്, അതുകൊണ്ട് ആ സിനിമ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന്. അപ്പോള്‍ ലാല്‍ എന്നോട് ചോദിച്ചു ഞാന്‍ നിര്‍മാതാവിനല്ലല്ലോ ചേട്ടനല്ലേ ഡേറ്റ് തന്നതെന്ന്.

അതിനുശേഷം എം.മണി എന്ന് പറയുന്ന ഒരു നിര്‍മാതാവ് വരുന്നു. ഞങ്ങളുടെ സിനിമയോട് അദ്ദേഹം സഹകരിച്ചു. പിന്നെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുടെ ഷൂട്ട് ആരംഭിക്കുന്നു. വെറും ഇരുപത്തിരണ്ട് ദിവസം കൊണ്ടാണ് ആ സിനിമയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയത്. ഇന്നത്തെ കാലത്ത് ഇരുപതാം നൂറ്റാണ്ട് പോലൊരു സിനിമ ഇരുപത്തിരണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ പറ്റില്ല.

ലാലിന്റെ വലിയ സംഭാവനയാണ് ചുരുങ്ങിയ സമയംകൊണ്ട് ആ സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ലാല്‍ എപ്പോഴും ഒരു സംവിധായകന്റെ നടനാണ്. ഒരു സംവിധായകന്‍ ചിന്തിക്കുന്നത് പോലെയാണ് ലാല്‍ അഭിനയിക്കുന്നത്,’ കെ.മധു പറഞ്ഞു.

1987ലാണ് ഇരുപതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍, അംബിക, ഉര്‍വശി തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.

content highlight: director k madhu about irupatham noottandu