ഡാന്‍സേഴ്‌സ് മാറിയതിന് മമ്മൂക്ക വയലന്റായി പിണങ്ങി പോയി, ഷൂട്ടിങ് നിര്‍ത്തിവെച്ച് എല്ലാവരും സോറി പറഞ്ഞപ്പോള്‍ തിരികെ വന്നു: ഉണ്ണി
Entertainment news
ഡാന്‍സേഴ്‌സ് മാറിയതിന് മമ്മൂക്ക വയലന്റായി പിണങ്ങി പോയി, ഷൂട്ടിങ് നിര്‍ത്തിവെച്ച് എല്ലാവരും സോറി പറഞ്ഞപ്പോള്‍ തിരികെ വന്നു: ഉണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th January 2023, 8:50 am

മലയാള സിനിമകള്‍ക്കും മറ്റു ഭാഷ സിനിമകള്‍ക്കും ഡാന്‍സര്‍മാരെ എത്തിക്കുക എന്ന വലിയ ദൗത്യം വര്‍ഷങ്ങളായി ചെയ്തു വരുന്ന ഫെഫ്ക്ക ഡാന്‍സേര്‍സ് യൂണിയന്‍ പ്രസിഡന്റാണ് ഉണ്ണി. മമ്മൂട്ടി അഭിനയിക്കുന്ന സിനിമ സെറ്റിലെ അനുഭവങ്ങള്‍  പങ്കുവെക്കുകയാണ് അദ്ദേഹം.

മമ്മൂട്ടിയുടെ അടുത്ത് ചെന്ന് സംസാരിക്കാന്‍ പോലും പലര്‍ക്കും പേടിയാണെന്ന് ഉണ്ണി പറഞ്ഞു. ഫോട്ടോ എടുക്കാന്‍ പോലും അദ്ദേഹത്തിനോട് ചെന്ന് ചോദിക്കാന്‍ ഭയമാണെന്നും പെട്ടെന്ന് എല്ലാ കാര്യത്തിനോടും റിയാക്ട് ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ഉണ്ണി പറഞ്ഞു.

വൃന്ദാ മാസ്റ്റര്‍ കോറിയോഗ്രഫറായാ ഒരു സെറ്റില്‍ വെച്ച് ഡാന്‍സേഴ്‌സിന്റെ പൊസിഷന്‍ മാറിയതിന് മമ്മൂട്ടി വഴക്കിട്ടതിനെക്കുറിച്ചും ഉണ്ണി പറഞ്ഞു. സെറ്റിലുള്ള എല്ലാവരും ചെന്ന് സോറി പറഞ്ഞതിന് ശേഷമാണ് മമ്മൂക്ക പിന്നെ അഭിനയിക്കാന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂട്ടി സാറിന്റെ അടുത്തേക്ക് പോകാന്‍ എല്ലാവര്‍ക്കും ഭയങ്കര പേടിയാണ്. പുള്ളിടെ അടുത്ത് പോയി സംസാരിക്കാനൊന്നും ആര്‍ക്കും ധൈര്യം കാണില്ല. ഫോട്ടോ എടുക്കാന്‍ പോലും പേടിച്ചിട്ടാണ് പുള്ളിയോട് ചോദിക്കുക.

അദ്ദേഹം എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ആര്‍ക്കും അറിയില്ല. പെട്ടെന്ന് എല്ലാ കാര്യത്തിനോടും റിയാക്ട് ചെയ്യുന്ന ആളാണ് മമ്മൂട്ടി സാര്‍. പക്ഷെ എന്റെ ഒരു കാഴ്ചപ്പാടില്‍ വളരെ ശാന്തനും സമാധാനത്തോടെ പെരുമാറുകയും ചെയ്യുന്നവ്യക്തിയാണ്.നല്ല ക്യാരക്ടര്‍ ഉള്ള വ്യക്തിയാണ് അദ്ദേഹം.

ഡാന്‍സിന് വേണ്ടി കൊണ്ടു പോവുന്നതിന് മുമ്പ് തലേ ദിവസം തന്നെ മമ്മൂക്കയുടെ സെറ്റാണെങ്കില്‍ ആര്‍ട്ടിസ്റ്റിനെ വിളിച്ച് പറയും ബഹളം ഉണ്ടാക്കാതെ നന്നായിട്ട് നില്‍ക്കണമെന്ന്. പടത്തിന്റെ പേരെന്താണെന്ന് എനിക്ക് ഓര്‍മയില്ല. വൃന്ദാ മാസ്റ്ററായിരുന്നു കോറിയോഗ്രാഫര്‍.

അവിടെ രണ്ട് ഗ്യാങുണ്ട്, വില്ലന്റെ ഗ്യാങും നായകന്റെ ഗ്യാങും. ഏതൊ ഒരു സമയത്ത് മമ്മൂക്ക വന്ന് നോക്കിയപ്പോള്‍ വില്ലന്റെ ഭാഗത്തുള്ള ഡാന്‍സേഴ്‌സ് തന്നെ നായകന്റെ ഭാഗത്ത് നിന്നും ഡാന്‍സ് കളിക്കുന്നു. പുള്ളി പെട്ടെന്ന് വയലന്റായി. നിന്നോടാരാടാ ഇവിടെ വന്ന് നില്‍ക്കാന്‍ പറഞ്ഞത് നിന്നെ അപ്പുറത്തല്ലെ നിര്‍ത്തിയതെന്നും ചോദിച്ച് അയാളെ ചീത്ത പറഞ്ഞു.

അദ്ദേഹം ഭയങ്കരമായിട്ട് വയലന്റായി. പിന്നെ ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടി വന്നു. പിന്നെ ഞങ്ങളെല്ലാവരും ചെന്ന് സോറി പറഞ്ഞു. ഡയറക്ടര്‍ സാറും സോറി പറഞ്ഞു. അപ്പോഴാണ് മമ്മൂക്ക തിരിച്ച് വന്നത്. പുള്ളി സെറ്റിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കും. ഒരാള്‍ മാറിയതിനാണ് അദ്ദേഹം അത്രയും ചൂടായത്. പക്ഷെ അദ്ദേഹം കണ്ടെത്തിയ കാര്യം പ്രധാനമായിരുന്നു. ആരും കാണാത്ത പല തെറ്റുകളും അദ്ദേഹം കണ്ടുപിടിക്കും,” ഉണ്ണി പറഞ്ഞു.

content highlight: dancers union president about mammootty