'ഐ ആം ആസ്‌കിങ് യു, യു ആര്‍ എം.പി'; കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ കെ.എല്‍.എഫ് വേദിയില്‍ ബ്രിട്ടാസിനോട് പ്രകാശ് രാജ്
Kerala News
'ഐ ആം ആസ്‌കിങ് യു, യു ആര്‍ എം.പി'; കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ കെ.എല്‍.എഫ് വേദിയില്‍ ബ്രിട്ടാസിനോട് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th January 2023, 11:54 pm

കോഴിക്കോട്: കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം
സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് സി.പി.ഐ.എം എം.പി ജോണ്‍ ബ്രട്ടാസിനോട് മറുപടി പറയാന്‍ ആവശ്യപ്പെട്ട് നടന്‍ പ്രകാശ് രാജ്.

കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍(കെ.എല്‍.എഫ്) വേദിയിലാണ് സംഭവം. ഓഡിയന്‍സിന്റെ ഭാഗത്തുനിന്നാണ് കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്റെ അഭിപ്രായം ആരാഞ്ഞ് ചോദ്യം ഉയര്‍ന്നത്.

അദ്യം അദ്ദേഹത്തിന് കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടായില്ല. തുടര്‍ന്ന് പരിപാടി നിയന്ത്രിച്ച ജോണ്‍ ബ്രിട്ടാസ് എം.പി വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളും പരാതികളും പ്രകാശ് രാജിന് വിശദീകരിച്ച് നല്‍കി.

ഇതിന് മറുപടിയായി ‘നിങ്ങളല്ലേ പാര്‍ലമെന്റ് അംഗം, നിങ്ങളെന്ത് ചെയ്തു? ആരോപണ വിധേയനായ ഡയറക്ടര്‍ ശങ്കര്‍ മോഹനനെ പുറത്താക്കിക്കൂടെ,’ എന്നാണ് പ്രകാശ് രാജ് ചോദിച്ചത്. ഈ സമയം വലിയ കയ്യടിയാണ് സദസില്‍ നിന്നുണ്ടായത്.

തുടര്‍ന്ന് തന്റെ സര്‍ക്കാര്‍ വിഷയത്തില്‍ ശക്തമായി ഇടപെടുമെന്നും ഓഡിയന്‍സിന്റെ ഭാഗത്തുനിന്നുള്ള ചോദ്യം തന്നോടല്ലെന്നും പ്രകാശ് രാജിനോടാണെന്നും ബ്രിട്ടാസ് പറഞ്ഞു. ഇതോടെ ‘ഞാന്‍ ഓഡിയന്‍സായി നിങ്ങളോട് ചോദിക്കുന്നു? (ഐ ആം ആസ്‌കിങ് യു, ഐ ആം ദി ഓഡിയന്‍സ് എന്നാണ് ബ്രിട്ടാസിന് അഭിമുഖമായി നിന്നുകൊണ്ട് പ്രകാശ് രാജ് തിരിച്ചുചോദിച്ചത്.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പ് ഞായറാഴ്ച്ച സമാപിച്ചു.
ഭരണഘടന വധഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ കെ.എല്‍.എഫ് പോലുള്ള സാഹിത്യോത്സവങ്ങള്‍ അവക്കെതിരെയുള്ള ചെറുത്തുനില്‍പ്പാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.