മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഫാസില്‍. ചിത്രത്തില്‍ മോഹന്‍ലാലിന് അതിഥി വേഷമായിരുന്നുവെന്നും എന്നാല്‍ ഒരു ഷോട്ട് പോലും എടുക്കാനില്ലാതെ മോഹന്‍ലാല്‍ 18 ദിവസത്തോളം ആ സിനിമയുടെ സെറ്റില്‍ വന്നിരുന്നെന്നും ഫാസില്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എടുക്കാന്‍ ഉദ്ദേശിച്ചിരുന്ന സമയത്ത് ഷോലെ ഒരു ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. ചുരുണ്ട മുടിയും അസാധാരണമായ സൗന്ദര്യവുമൊക്കെയായി എത്തിയ ഗബ്ബര്‍ സിങ് ടിപ്പിക്കല്‍ വില്ലന്‍ സങ്കല്പങ്ങളെയെല്ലാം തകര്‍ത്തു കളഞ്ഞിരുന്നു. അത് എനിക്കൊരു പ്രചോദനമായി. അങ്ങനെ മോഹന്‍ലാല്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന രീതിയിലുള്ള കുടയൊക്കെ കൈയില്‍ പിടിച്ച് ഓഡിഷന് വന്നപ്പോള്‍ ഞങ്ങള്‍ക്ക് അവനില്‍ എന്തോ ഒരു പ്രത്യേകത തോന്നി.
അതുകൊണ്ടാണ് ഞാനും ജിജോയും അവന് 90 മാര്‍ക്കിന് മുകളില്‍ നല്‍കിയത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അവന്റെ ഇമേജ് അത്ര ഓക്കെ ആയിരുന്നില്ല. അതുകൊണ്ട് അവര്‍ നല്‍കിയ മാര്‍ക്ക് വളരെ കുറവായിരുന്നു. പിന്നീട് ഞാന്‍ മോഹന്‍ലാലിനെ ഓഡിഷന്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് അപാരമായ കഴിവുണ്ടെന്ന് എനിക്ക് തോന്നി.
ക്യാമറക്ക് മുന്നിലെത്തുന്നതിന് മുമ്പ് കുറച്ച് ദിവസം സെറ്റില്‍ ഉണ്ടാകാന്‍ കഴിഞ്ഞു എന്നതാണ് മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഭാഗ്യം. പുതുമുഖങ്ങളായിരുന്നതിനാല്‍ സീനുകള്‍ ക്രമത്തിനനുസരിച്ച് ഷൂട്ട് ചെയ്താല്‍ മതിയെന്ന് ഞാനാണ് നിര്‍ദേശിച്ചത്. അതുകൊണ്ടുതന്നെ അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്ന മോഹന്‍ലാല്‍ തുടക്കം മുതലേ സെറ്റില്‍ ഉണ്ടായിരുന്നു.
ഒരു ഷോട്ട് പോലും എടുക്കാതെ 18 ദിവസത്തോളം അദ്ദേഹം സെറ്റില്‍ ചെലവഴിച്ചു. ശങ്കറും പൂര്‍ണിമയും എങ്ങനെയാണ് അഭിനയിക്കുന്നതെന്നും അവരെങ്ങനെയാണ് അഭിനയം കൂടുതല്‍ മെച്ചപ്പെടുത്തുന്നതെന്നുമൊക്കെ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു. അതെല്ലാം മോഹന്‍ലാല്‍ മനസിലാക്കുകയും ചെയ്തു.
അങ്ങനെ മോഹന്‍ലാലിന്റെ ഊഴം വന്നപ്പോഴേക്കും എല്ലാത്തിനും അദ്ദേഹം തയ്യാറായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന് സിനിമ എന്താണെന്ന് മനസിലായിരുന്നു. എങ്ങനെ അഭിനയിക്കണമെന്ന കാര്യവും അ?ദ്ദേഹത്തിന് അറിയാമായിരുന്നു. വളരെ മെയ്വഴക്കത്തോടെയും നാച്ചുറലായും അദ്ദേഹം അഭിനയിച്ചു. ഈ ഗുണങ്ങളാണ് അദ്ദേഹത്തെ ഇന്നത്തെ താരമാക്കിയത്,’ ഫാസില്‍ പറയുന്നു.