ഒ.ടി.ടിയില്‍ വരുമ്പോള്‍ വര്‍ക്കാവാന്‍ സാധ്യതയില്ല, കാമിയോക്ക് തിയേറ്ററില്‍ കിട്ടിയ ഇംപാക്ട് കിട്ടിയേക്കില്ല: അരുണ്‍ അനിരുദ്ധന്‍
Malayalam Cinema
ഒ.ടി.ടിയില്‍ വരുമ്പോള്‍ വര്‍ക്കാവാന്‍ സാധ്യതയില്ല, കാമിയോക്ക് തിയേറ്ററില്‍ കിട്ടിയ ഇംപാക്ട് കിട്ടിയേക്കില്ല: അരുണ്‍ അനിരുദ്ധന്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 23rd May 2026, 9:56 am

സമീപകാലത്ത് മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രൊമോഷനിലും ഹൈപ്പിലും എത്തിയ ചിത്രമായിരുന്നു അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത അതിരടി. ബേസില്‍ ജോസഫും ടൊവിനോ തോമസും പ്രധാനവേഷത്തിലെത്തിയ അതിരടിയ്ക്ക് ബേസില്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ടായിരുന്നു. മെയ് 14ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

ബേസില്‍ ജോസഫിന്റെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ അരുണ്‍ അനിരുദ്ധന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും അതിരടിയ്ക്കുണ്ടായിരുന്നു. ചിത്രത്തെ കുറിച്ച് അരുണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരുണ്‍ അനിരുദ്ധന്‍. Photo: Club Fm

അതിരടി ഒ.ടി.ടിയില്‍ വന്നാല്‍ പലര്‍ക്കും ദഹിക്കാന്‍ സാധ്യതയില്ല എന്ന് പറയുന്നുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒ.ടി.ടിയില്‍ ചിത്രം പലര്‍ക്കും വര്‍ക്കാവാന്‍ സാധ്യതയില്ലെന്നായിരുന്നു സംവിധായകന്റെ മറുപടി. ചിത്രം ഇഷ്ടപ്പെടുമെങ്കിലും കാമിയോ പ്രത്യക്ഷപ്പെടുന്ന സീനിലെയടക്കം ഇംപാക്ട് തിയേറ്ററില്‍ ഇരുന്ന് കാണുമ്പോഴാണ് കൂടുതലും ലഭിക്കുകയെന്നും അദ്ദേഹം പറയുന്നു. ഒ.ടി.ടിയിലേക്ക് ചിത്രമെത്തുമ്പോള്‍ കൂടുതല്‍ ഡീറ്റെയിലിങ് നടത്തിയിട്ടുണ്ടെന്നും അരുണ്‍ പറഞ്ഞു.

അതിരടി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ തിയേറ്ററിന് വേണ്ടി ഒരു ഫെസ്റ്റിവല്‍ പടം ചെയ്യാനാണ് തീരുമാനിച്ചതെന്നും ആളുകള്‍ക്ക് തിയേറ്ററില്‍ വന്ന് എന്‍ജോയ് ചെയ്ത് പോകുന്ന ഒരു പടം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോക്‌സ് ഓഫീസില്‍ നിന്നും ഇതിനോടകം അമ്പത് കോടിയിലധികം സ്വന്തമാക്കിയ അതിരടിയില്‍ സാംബോയി എന്ന കോളേജ് പയ്യനായി ബേസിലും തോട്ടക്കുട്ടന്‍ എന്ന ഗായക ഗുണ്ടയായി ടൊവിനോ തോമസും വേഷമിടുന്നുണ്ട്. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയടി കിട്ടിയത് വാഴ 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹാഷിറിന്റെ കാമിയോ അപ്പിയറന്‍സിനായിരുന്നു. ഡെന്നിച്ചന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

അതിരടി. Photo: District

ഒരു കോളേജില്‍ ഫെസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‌മാന്‍, റിയ ഷിബു, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Director Arun Anirudhan talks about his movie Athiradi and its ott chances

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.