ഗിരീഷിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം പ്രതീക്ഷിക്കാം, അത് പ്രേമലു 2 അല്ല: ദിലീഷ് പോത്തന്‍
Entertainment
ഗിരീഷിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ മാസം പ്രതീക്ഷിക്കാം, അത് പ്രേമലു 2 അല്ല: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 1:32 pm

സിനിമാ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ നസ്‌ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രേമലു 2.

പ്രേമലുവിന് ലഭിച്ച വമ്പന്‍ വിജയത്തിന് പിന്നാലെയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം ഭാവനാസ്റ്റുഡിയോസ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രേമലു 2 ഉടന്‍ ഉണ്ടാവില്ലെന്നും ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ.ഡിയുടേതായി വരാനിരിക്കുന്നത് മറ്റൊരു ചിത്രമാണെന്നും പറയുകയാണ് നിര്‍മാതാവ് കൂടിയായ ദിലീഷ് പോത്തന്‍.

ഈ മാസം തന്നെ അതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ റോന്തിനെ കുറിച്ച് സംസാരിക്കവേയായിരുന്നു പ്രേമലുവിന്റെ അപ്‌ഡേറ്റ് അദ്ദേഹം പങ്കുവെച്ചത്.

‘ ഭാവനാ സ്റ്റുഡിയോസിന്റെ അടുത്ത പടം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഒരു പടമാണ്. അതിന്റെ ഡീറ്റെയില്‍സ് തൊട്ടുപിറകെ വരും. എന്തായാലും ഈ മാസം ഉണ്ടാകും. അത് പ്രേമലു 2 ആയിരിക്കില്ല. മറ്റൊരു ഗിരീഷ് എ.ഡി ചിത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കാം,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലിനും ജോജിക്കും ശേഷം മറ്റൊരു സിനിമ സംവിധാനം ചെയ്യാത്തതെന്ന ചോദ്യത്തിനും ദിലീഷ് മറുപടി പറയുന്നുണ്ട്.

‘ കഥ നമുക്ക് കിട്ടും. അതിനെ പൂര്‍ണമായ ഒരു സിനിമയുടെ സ്വഭാവത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരുന്ന പ്രോസസിലാണ് തോറ്റുപോകുന്നത്. കഥയും പ്ലോട്ടുമൊക്കെ പല ഘട്ടത്തിലായി ചര്‍ച്ച ചെയ്തിരുന്നു.

സിനിമയുടെ ഫൈനല്‍ രൂപത്തിലേക്ക് വളര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടെ നമുക്ക് അതിലുള്ള വിശ്വാസം നഷ്ടപ്പെടുകയും താത്പര്യം കുറയുകയും ചെയ്യും. അതോടെ അതിനെ പാതിവഴിയില്‍ വെച്ച് നിര്‍ത്തിപ്പോകുന്നതാണ്.

ഇപ്പോള്‍ ഒരു പരിപാടി ഏകദേശം വീണ്ടും വട്ടത്തില്‍ വന്നിട്ടുണ്ട്. ഇത്തവണ അത് ഒക്കുമായിരിക്കും. ഏകദേശം ഒരു ഫോമിലേക്ക് എത്തിയിട്ടുണ്ട്.

പിന്നെ അതിനിടെ ഒരു അഭിമുഖത്തില്‍ ഇനിയൊരു മാസ് സിനിമയാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന് ഞാന്‍ ഒരു ആവേശത്തില്‍ പറഞ്ഞുപോയതാണ്.

മാസ് എന്ന ഒരു വാക്കിനെ ഓരോരുത്തരും ഉള്‍ക്കൊള്ളുന്നത് വ്യത്യസ്ത രീതിയിലാണ്. ഒരു അഭിമുഖത്തില്‍ അത് പറഞ്ഞ ശേഷം എന്നോടുള്ള ചോദ്യത്തിലും സിനിമയെ കുറച്ചുള്ള എക്‌സ്‌പെക്ടേഷനിലും എനിക്ക് മനസിലായി ഞാന്‍ ഉദ്ദേശിച്ച മാസ് അല്ല ഇവര്‍ മനസിലാക്കിയത് എന്ന്.

ഞാന്‍ ഉദ്ദേശിച്ച മാസ് എന്റെ മുന്‍സിനിമകളേക്കാള്‍ കുറച്ചുകൂടി കൊമേഴ്‌സ്യല്‍ സ്വഭാവത്തില്‍ എന്നതായിരുന്നു. ഉണ്ടാക്കി കഥ ചെയ്യുക എന്ന രീതിയില്‍. കുറച്ചുകൂടി കണ്‍വെന്‍ഷണല്‍ സ്‌ട്രേക്ചറിലേക്ക് അടുപ്പിച്ച് എന്നാല്‍ എന്റേതായ ഒരു സ്‌പേസില്‍ നിന്ന് കൊണ്ടുള്ള സിനിമ,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight: Dileesh Pothan about Premalu 2 and Gireesh AD