ഈ സിനിമ വിജയിക്കേണ്ടത് മറ്റാരെക്കാളും എന്റെ ആവശ്യമാണ്: ധ്യാന്‍ ശ്രീനിവാസന്‍
Entertainment
ഈ സിനിമ വിജയിക്കേണ്ടത് മറ്റാരെക്കാളും എന്റെ ആവശ്യമാണ്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th April 2024, 10:52 pm

തിരയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ധ്യാന്‍ അഭിനയിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. വിഷു റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ധ്യാന്‍ ശ്രീനിവാസന്റെ ഹിറ്റ് ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്ന് ധ്യാനിന്റെ പ്രകടനമാണ്.

മറ്റാരെക്കാളും വര്‍ഷങ്ങള്‍ക്കു ശേഷം വിജയിക്കേണ്ടത് തന്റെ ആവശ്യമെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തുടര്‍ച്ചയായി വിജയചിത്രങ്ങള്‍ മാത്രം നല്‍കിക്കൊണ്ടിരിക്കുന്ന തന്റെ ചേട്ടന് താന്‍ കാരണം ഒരു പരാജയം സംഭവിക്കാന്‍ പാടില്ലെന്നുള്ള വാശിയായിരുന്നു അതിന്റെ പിന്നിലെന്നും ധ്യാന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ഹിറ്റാവേണ്ടത് മറ്റാരെക്കാളും എന്റെ ആവശ്യമായിരുന്നു. കാരണം, എന്റെ ചേട്ടന്‍ അതിന് മുമ്പ് ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. അപ്പോള്‍ അത്ര സക്‌സസില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് ഞാന്‍ കാരണം ഒരു പരാജയമുണ്ടാകാന്‍ പാടില്ല എന്ന് എനിക്ക് വാശിയായിരുന്നു. കാരണം, അത്രയും സക്‌സസായി നില്‍ക്കുന്ന ഒരാള്‍ക്ക് പെട്ടെന്നൊരു പരാജയം ഉള്‍ക്കൊള്ളാന്‍ പറ്റില്ല. അത് ഞാന്‍ കാരണമാകാന്‍ ഒട്ടും പാടില്ല എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.

എന്നെ വിശ്വസിച്ച് എന്റെ ഏട്ടന്‍ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തപ്പോള്‍ ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായി. ബാക്കി ആരൊക്കെ മോശമാക്കിയാലും ഞാന്‍ മോശമായി എന്ന് ആരും പറയാന്‍ പാടില്ല എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഏട്ടന്‍ എന്താണോ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അത് 100 ശതമാനം ഞാന്‍ ഈ സിനിമക്ക് വേണ്ടി കൊടുത്തിട്ടുണ്ട്,’ ധ്യാന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan saying that he really wish to Varshangalkku Sesham become hit