ഒരുത്തനെ നമുക്ക് ഇഷ്ടമായിരിക്കില്ല, പക്ഷേ നമ്മള്‍ ചിരിച്ചേ നില്‍ക്കാന്‍ പാടുള്ളൂ; സിനിമാ മോഹികള്‍ക്ക് ഉപദേശവുമായി ധ്യാന്‍ ശ്രീനിവാസന്‍
Malayalam Cinema
ഒരുത്തനെ നമുക്ക് ഇഷ്ടമായിരിക്കില്ല, പക്ഷേ നമ്മള്‍ ചിരിച്ചേ നില്‍ക്കാന്‍ പാടുള്ളൂ; സിനിമാ മോഹികള്‍ക്ക് ഉപദേശവുമായി ധ്യാന്‍ ശ്രീനിവാസന്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 5th July 2026, 7:38 pm

സിനിമകളെക്കാള്‍ അഭിമുഖങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്‍. സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ധ്യാന്‍, അടി കപ്യാരെ കൂട്ടമണി, കുഞ്ഞിരാമായണം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാകുകയായിരുന്നു. ലൗ ആക്ഷന്‍ ഡ്രാമ വലിയ ഹിറ്റാക്കി കൊണ്ട് സംവിധാനത്തിലും ധ്യാന്‍ വിജയം കുറിച്ചിരുന്നു.

എന്നാല്‍ നായകനായി താരം അഭിനയിച്ച ചിത്രങ്ങളെല്ലാം വലിയ പരാജയമായിരുന്നു തിയേറ്ററുകളില്‍ ഏറ്റുവാങ്ങിയത്. യാതൊരു വിജയ സാധ്യതയുമില്ലാത്ത ചിത്രങ്ങളില്‍ തുടര്‍ച്ചയായി വേഷമിടുന്നതിന് താരത്തിനെതിരെ വിമര്‍ശനനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളുടെയെല്ലാം പ്രൊമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കുന്ന പ്രൊമോഷനിലൂടെയാണ് ധ്യാന്‍ ശ്രീനിവാസന്‍ മലയാളികള്‍ക്ക് പ്രിയങ്കരനാകുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍. Photo: X.com

അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധ്യാന്‍ ശ്രീനിവാസസന്‍ നല്‍കിയ ഉപദേശമാണ് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കൃത്യമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു ധ്യാനിന്റെ വാക്കുകള്‍.

‘മലയാള സിനിമയുടെ ഫോര്‍മാറ്റ് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. ബേസില്‍ ‘തിര’യില്‍ അസിസ്റ്റ് ചെയ്ത പോലെ ഒരു സിനിമയെങ്കിലും നിങ്ങള്‍ ചെയ്യേണ്ടത് വളരെ അത്യാവിശ്യമാണ്. നിങ്ങള്‍ ഒരുപാട് പഠിച്ചതുകൊണ്ടോ കുറേ ഷോട് ഫിലിം എടുത്ത് കൊണ്ടോ മലയാള സിനിമയുടെ രീതികള്‍ നിങ്ങള്‍ക്ക് മനസിലാവില്ല. നിങ്ങളുടെ കഥ ഇഷ്ടപ്പെട്ട് നിങ്ങള്‍ക്ക് ഒരു ഓഫര്‍ വന്നെന്ന് വരാം. പക്ഷേ ഒരു സിനിമയുണ്ടാകുന്നത് ഒരു പത്ത് മുപ്പത് ദിവസങ്ങള്‍ കൊണ്ടാണ്. ഈ ദിവസങ്ങളില്‍ നിങ്ങള്‍ എങ്ങനെ ആര്‍ടിസ്റ്റിനെ ഡീല്‍ ചെയ്യുന്നു എന്നടക്കം ഒരുപാട് സമ്മര്‍ദങ്ങളെ കൈകാര്യം ചെയ്യാനാണ് നിങ്ങള്‍ പഠിക്കേണ്ടത്.

ധ്യാന്‍ ശ്രീനിവാസന്‍. Photo: X.com

നിശ്ചിത സമയത്തിനുള്ളില്‍ പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലിയായി ഷൂട്ട് പൂര്‍ത്തിയാക്കി നല്‍കുക എന്നതാണ് ഓണ്‍ ലൊക്കേഷനില്‍ ഒരു സംവിധായകന്റെ പ്രധാനപ്പെട്ട ജോലി. എന്നാല്‍ ചില സമയത്ത് സമ്മര്‍ദം കൂടുന്ന സമയത്ത് നമുക്ക് ദേഷ്യം വരും, മറ്റുള്ളവരോട് ചൂടാകും. ഇത്തരത്തില്‍ ഉടക്കി കഴിഞ്ഞാല്‍ അവന്‍ ദേഷ്യക്കാരനാണെന്ന് ചീത്തപ്പേര് വരും. അതുകൊണ്ട് സിനിമയില്‍ ഏറ്റവും കൂടുതല്‍ നമുക്ക് വേണ്ടത് ക്ഷമയാണ്. ഒരുത്തനെ നമുക്ക് ഇഷ്ടമല്ലെങ്കിലും ചിരിച്ചേ നില്‍ക്കാന്‍ പാടുള്ളൂ. നമ്മുടെ ആവശ്യമാണ് ഈ സിനിമ നടക്കേണ്ടത് എന്ന് ആലോചിക്കുക. ചെറിയ പ്രായത്തില്‍ തന്നെ നിങ്ങളുടെ ഇടയില്‍ ഒരു കൂട്ടായ്മ സൃഷ്ടിച്ചെടുക്കുക. എപ്പോഴെങ്കിലും നിങ്ങള്‍ക്ക് പരസ്പരം ഒരു ആവ്യം വരും,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Dhyan Sreenivasan gives instructions to youngsters who loves to direct films

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.