സ്വന്തം തട്ടകത്തില്‍ കയറി പവന്‍ കല്ല്യാണിനെ അടിച്ചിട്ട് ധുരന്ധര്‍ 2; വൈറലായി പ്രീ ബുക്കിങ് റിപ്പോര്‍ട്ടുകള്‍
Indian Cinema
സ്വന്തം തട്ടകത്തില്‍ കയറി പവന്‍ കല്ല്യാണിനെ അടിച്ചിട്ട് ധുരന്ധര്‍ 2; വൈറലായി പ്രീ ബുക്കിങ് റിപ്പോര്‍ട്ടുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 17th March 2026, 9:58 pm

നാലുമണിക്കൂറോളമുള്ള ദൈര്‍ഘ്യവും ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള വിലക്കും മറികടന്ന് തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആദിത്യ ധറിന്റെ ധുരന്ധര്‍. യാതൊരു ഹൈപ്പുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം 1400 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വിജയവും ധുരന്ധര്‍ സ്വന്തമാക്കിയിരുന്നു.

ധുരന്ധര്‍. Photo: Book My Show

ഇതിന്റെ ഹൈപ്പ് കെട്ടടങ്ങുന്നതിന് മുമ്പാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 19ന് തിയേറ്ററുകളിലേക്കെത്തുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യഷ് നായകനാകുന്ന ടോക്‌സിക്ക് റിലീസ് മാറ്റിവെച്ചെങ്കിലും യാതൊരു കുലുക്കവുമില്ലാതെയാണ് ധുരന്ധര്‍ 2 തിയേറ്ററുകളിലേക്കെത്തുന്നത്. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പര്‍ താരമായ പവന്‍ കല്ല്യാണിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമായ ഉസ്താദ് ഭഗത് സിങ്ങിനെ പ്രീ ബുക്കിങ്ങില്‍ ധുരന്ധര്‍ മലര്‍ത്തിയടിക്കുന്ന കാഴ്ച്ചക്കാണ് സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്.

സമൂഹ മാധ്യമമായ എക്‌സിലെ സിനിമാ പേജുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആന്ധ്രയിലും തെലങ്കാനയിലും പ്രീ ബുക്കിങ്ങില്‍ പവന്‍ കല്ല്യാണ്‍ ചിത്രത്തെക്കാള്‍ ധുരന്ധര്‍ 2 ബഹുദൂരം മുന്നിലാണെന്ന കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഉസതാദ് ഭഗത് സിങ്ങിന്റെ ബുക്കിങ് ഓപ്പണ്‍ ചെയ്ത് ആദ്യ മണിക്കൂറിലുള്ള കണക്കുകള്‍ പ്രകാരം ഒരു കോടിയോളമാണ് ചിത്രം ടോളിവുഡില്‍ നിന്നും നേടിയിരിക്കുന്നത്. അതേസമയം ധുരന്ധര്‍ രണ്ട് കോടിയിലധികം സ്വന്തമാക്കിയിട്ടുണ്ട്.

ഉസ്താദ് ഭഗത് സിങ്‌. Photo: Mythri Movie Makers

വേള്‍ഡ് വൈഡ് കളക്ഷനിലും ഈ അന്തരം പ്രകടമാണ്. ന്യൂസ് 24 പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഗോളതലത്തില്‍ ധുരന്ധര്‍ ഇതിനോടകം 130 കോടി സ്വന്തമാക്കിയപ്പോള്‍ പവന്‍ കല്ല്യാണിന്റെ ചിത്രമാകട്ടെ അഞ്ച് കോടിയുമായി ബഹുദൂരം പിന്നിലാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഉസ്താദ് ഭഗത് സിങ്ങിന്റെ ട്രെയ്‌ലറിനെതിരെ വലിയ ട്രോളുകളാണ് ഉയരുന്നത്. യാതൊരു വികാരവും താരത്തിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ എന്നത്തെയും പോലെ തമന്റെ മ്യൂസിക്കിന് വലിയ പ്രശംസയും ലഭിക്കുന്നുണ്ട്.

 

Content Highlight: Dhurandhar 2 Surpasses Pawan kalyan’s Ustad Bagath Singh in Pre Booking Sale

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.