പെരുമാറ്റം അതിര് വിടരുത്; പൊലീസിന് ഡി.ജി.പിയുടെ നിര്‍ദേശം
Kerala News
പെരുമാറ്റം അതിര് വിടരുത്; പൊലീസിന് ഡി.ജി.പിയുടെ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd August 2021, 9:12 pm

തിരുവനന്തപുരം: ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലാകണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു.

സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍മാര്‍ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

കൊവിഡ്, ട്രാഫിക് ഡ്യൂട്ടികള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ പലപ്പോഴും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടി വരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ അതിരുവിട്ടു പെരുമാറാന്‍ പാടില്ല.

കൊവിഡ്, ട്രാഫിക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

കൊവിഡ് പ്രതിസന്ധിയില്‍ പ്രയാസത്തിലായ പൊതുജനത്തിനെതിരെയുള്ള പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരുന്നു.

ഇന്‍ഷുറന്‍സ് തീര്‍ന്നെന്ന കാരണത്താല്‍ ബൈക്ക് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ എസ്.ഐയെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഇത്.

നേരത്തെ കൊല്ലം ചടയമംഗലത്ത് ഇന്ത്യന്‍ ബാങ്കിന് മുമ്പില്‍ ക്യൂ നിന്നവര്‍ക്ക് പിഴയിട്ട സംഭവം ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാര്‍ഥി ഗൗരി നന്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതും പാരിപ്പള്ളി പരവൂര്‍ റോഡില്‍ പാമ്പുറത്തു അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ വില്‍ക്കാനുള്ള മീന്‍ പൊലീസ് നശിപ്പിച്ചതും വലിയ വാര്‍ത്തായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: DGP Circular to Kerala Police