പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയും ശശീന്ദ്രനും ഇടപെട്ടുവെന്ന ഹരജി ലോകായുക്ത തള്ളി
Kerala News
പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയും ശശീന്ദ്രനും ഇടപെട്ടുവെന്ന ഹരജി ലോകായുക്ത തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd August 2021, 8:51 pm

തിരുവനന്തപുരം: എന്‍.സി.പി നേതാവിന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഇടപെട്ടുവെന്ന പരാതി ലോകായുക്ത തള്ളി. തിരുവനന്തപുരം സ്വദേശിയായ അഡ്വ. ജിജ ജെയിംസ് മാത്യുവാണ് പരാതി നല്‍കിയത്.

മുഖ്യമന്ത്രിയെയും വനംമന്ത്രിയെയും പുറത്താക്കാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. ഗവര്‍ണറേയും മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ഹരജിയില്‍ വിമര്‍ശിക്കുന്നുണ്ട്.

മന്ത്രി ഗുരുതരമായ തെറ്റ് ചെയ്തിട്ടും ഭരണാധികാരിയെന്ന നിലയുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനു പകരം സഹപ്രവര്‍ത്തകനെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. ശശീന്ദ്രന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരോപണം ചീറ്റിപ്പോയെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകളും ഹരജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കുണ്ടറയില്‍ എന്‍.സി.പി നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവം ഒന്ന് തീര്‍പ്പാക്കാന്‍ വിളിച്ചതോടെയായിരുന്നു ശശീന്ദ്രന്‍ വിവാദത്തില്‍പ്പെട്ടത്. ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

ഇത് വിവാദമായതോടെ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യം ഉയര്‍ത്തിയിരുന്നു. അതേസമയം പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ശശീന്ദ്രന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും രാജിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരിച്ചത്.

എന്‍.സി.പിയും വിഷയത്തില്‍ മന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pinaray Vijayan AK Saseendran NCP Kundara Rape Case Lokayuktha