മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു; സ്‌പൈസ്‌ജെറ്റിന് കേന്ദ്രത്തിന്റെ കുരുക്ക്
national news
മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു; സ്‌പൈസ്‌ജെറ്റിന് കേന്ദ്രത്തിന്റെ കുരുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th October 2021, 8:58 am

മുംബൈ: സ്വകാര്യ വിമാന കമ്പനിയായ സ്‌പൈസ്‌ജെറ്റിനെതിരെ കേന്ദ്ര സര്‍ക്കാര്‍. അപകടകരമായ വസ്തുക്കള്‍ സ്‌പൈസ്‌ജെറ്റ് വിമാനങ്ങളില്‍ കൊണ്ടുപോകാനുള്ള ലെസന്‍സ് ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) താത്കാലികമായി സസ്‌പെന്റ് ചെയ്തു.

30 ദിവസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്. ഇക്കാലയളവില്‍ ലിഥിയം-അയേണ്‍ ബാറ്ററിയുള്‍പ്പടെയുള്ള അപകടകരമായ വസ്തുക്കള്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളില്‍ കയറ്റുന്നതിനാണ് ഡി.ജി.സി.എയുടെ വിലക്ക്.

സ്‌പൈസ്‌ജെറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പാകപ്പിഴകള്‍ കണ്ടെത്തിയതോടെയാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടി. വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ സ്‌പൈസ്‌ജെറ്റ് പാലിച്ചില്ലെന്നും ഡി.ജി.സി.എ കണ്ടെത്തി.

എന്നാല്‍ കേന്ദ്രം പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും, ചെറിയ വീഴ്ച മാത്രമാണ് സംഭവിച്ചത് എന്നുമായിരുന്നു സ്‌പൈസ്‌ജെറ്റ് വക്താവ് അറിയിച്ചത്. സസ്‌പെന്‍ഷനെ കുറിച്ചോ, മറ്റ് നടപടികളെ കുറിച്ചോ സ്‌പൈസ്‌ജെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ചെറിയ വീഴ്ച മാത്രമാണ് ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അപകടകരമല്ലാത്ത വസ്തു എന്ന പേരിലാണ് ആ കാര്‍ഗോ കയറ്റുമതി ചെയ്തത്. ഡി.ജി.സി.എ നിര്‍ദേശിച്ച എല്ലാ നിര്‍ദേശങ്ങളും സ്‌പൈസ്‌ജെറ്റ് പാലിച്ചിട്ടുണ്ട്,’ സ്‌പൈസ്‌ജെറ്റ് അറിയിച്ചു.

വ്യക്തികളുടെ ആരോഗ്യത്തിനോ, സുരക്ഷയ്‌ക്കോ, പ്രകൃതിയ്‌ക്കോ ദോഷകരമാവുന്ന വസ്തുക്കളെയാണ് ഡി.ജി.സി.എ അപകടകരമായ വസ്തുക്കളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള കാര്‍ഗോ ഗുഡ്‌സ് കൊണ്ടുപോകുന്നതിനുള്ള നിയമം ലംഘിച്ചതിനാണ് സ്‌പൈസ്‌ജെറ്റിനെതിരെ നടപടിയെന്ന് ഡി.ജി.സി.എ വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: DGCA temporarily suspends SpiceJet’s license to carry dangerous goods