രാജ്യത്ത് പട്ടിണി ഉണ്ടെന്ന് സമ്മതിക്കാന്‍ മടിച്ച് കേന്ദ്രം;ആഗോള പട്ടിണി പട്ടികയില്‍ പിന്നിലായിപ്പോയത് അശാസ്ത്രീയമായ രീതി ഉപയോഗിച്ചതുകൊണ്ടെന്ന് ന്യായീകരണം
national news
രാജ്യത്ത് പട്ടിണി ഉണ്ടെന്ന് സമ്മതിക്കാന്‍ മടിച്ച് കേന്ദ്രം;ആഗോള പട്ടിണി പട്ടികയില്‍ പിന്നിലായിപ്പോയത് അശാസ്ത്രീയമായ രീതി ഉപയോഗിച്ചതുകൊണ്ടെന്ന് ന്യായീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th October 2021, 10:23 pm

ന്യൂദല്‍ഹി: ആഗോള പട്ടിണി പട്ടികയില്‍ 94ാം സ്ഥാനത്ത് നിന്ന് 101ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ന്യായീകരണവുമായി കേന്ദ്രസര്‍ക്കാര്‍.

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ റാങ്ക് താഴ്ന്നത് ഞെട്ടിക്കുന്നതാണെന്നും റാങ്കിംഗിനായി ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമെന്നുമാണ് കേന്ദ്രം പറയുന്നത്.

കൃത്യമായ ശ്രദ്ധപുലര്‍ത്താതെയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നാണ് കേന്ദ്രം വാദിക്കുന്നത്.

116 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയിലാണ് ഇന്ത്യ ബഹുദൂരം പിന്നില്‍പോയത്.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെല്ലാ പട്ടികയില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണ്. സോമാലിയ, സിയേറ ലിയോണ്‍ തുടങ്ങിയ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്.

പോഷകാഹാരക്കുറവ്, കുട്ടികളെ ഉപേക്ഷിക്കല്‍, ശിശു മന്ദത, ശിശുമരണനിരക്ക് എന്നീ നാല് സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി പട്ടിക നിര്‍ണയിക്കുന്നത്. ഈ വര്‍ഷത്തെ റാങ്കിംഗ് അനുസരിച്ച് സൊമാലിയയിലാണ് ഉയര്‍ന്ന പട്ടിണിയുള്ളത്.

ന്യൂ ഗിനിയ(102), അഫ്ഗാനിസ്ഥാന്‍(103), നൈജീരിയ(103), കോംഗോ(105), മൊസാംബിക്ക്(106), സിയറ ലിയോണ്‍(106), തിമോര്‍-ലെസ്റ്റെ(108), ഹെയ്തി(109), ലൈബീരിയ (110), മഡഗാസ്‌കര്‍(111), ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ(112), ചാഡ്(113), സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്(114), യെമന്‍(115), സൊമാലിയ(116) എന്നിങ്ങനെയാണ് ഇന്ത്യക്ക് പിന്നിലുള്ള രാജ്യങ്ങളുടെ സ്ഥാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Dip in India’s rank in Global Hunger Index ‘shocking’, methodology used is ‘unscientific’: Government