ബലാത്സംഗമായാല്‍ പോലും ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാനാവില്ല; ഗര്‍ഭഛിദ്ര നിയമ ഭേദഗതിയെ എതിര്‍ത്ത് കത്തോലിക്ക സഭ
Kerala News
ബലാത്സംഗമായാല്‍ പോലും ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കാനാവില്ല; ഗര്‍ഭഛിദ്ര നിയമ ഭേദഗതിയെ എതിര്‍ത്ത് കത്തോലിക്ക സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th October 2021, 8:41 am

ചങ്ങനാശ്ശരി: ഗര്‍ഭഛിദ്ര നിയമ ഭേദഗതിയെ എതിര്‍ത്ത് കത്തോലിക്ക സഭ. ‘അവിഹിതഗര്‍ഭ’മാണെന്ന കാരണത്താല്‍ പോലും ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ലെന്നാണ് സഭയുടെ വാദം.

ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പരാമര്‍ശം.

ഗര്‍ഭച്ഛിദ്രം ഏറ്റവും അധാര്‍മികവും അനീതിപരവും ക്രൂരവുമാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. 24 ആഴ്ച വരെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതിന് പിന്നാലെയാണ് ലേഖനം.

ജനിച്ച കുഞ്ഞിന്റെ ജീവന്‍ എടുക്കുന്നത് കുറ്റമാണെങ്കില്‍ അമ്മയുടെ ഉദരത്തില്‍ വെച്ച് ജീവന്‍ എടുക്കുന്നതും കുറ്റമല്ലേ എന്ന് ലേഖനത്തില്‍ ചോദിക്കുന്നു.

ആരോഗ്യപരമായ കാരണങ്ങളുടെ പേരിലും ഗര്‍ഭസ്ഥശിശുവിനെ ഇല്ലായ്മ ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നു.

”വിവാഹേതരബന്ധം മൂലമോ ബലാത്സംഗത്താലോ ജനനനിയന്ത്രണോപാധികള്‍ പരാജയപ്പെട്ടതുകൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അവിഹിതഗര്‍ഭമാണെന്ന കാരണത്താല്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ല.

ഇപ്രകാരമൊക്കെ സംഭവിച്ചതിനു ഗര്‍ഭസ്ഥശിശു എന്തുപിഴച്ചു. തനിക്ക് ഒരു പങ്കുമില്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ കൊലശിക്ഷയ്ക്കു വിധിക്കപ്പെടുകയാണ് ഒരു മനുഷ്യശിശു. ഏറ്റവും അധാര്‍മികവും അനീതിപരവും ക്രൂരവുമാണിത്.

ആരോഗ്യപരമായ കാരണങ്ങളുടെ പേരിലും ഗര്‍ഭസ്ഥശിശുവിനെ ഇല്ലായ്മ ചെയ്യുന്നതിന് ന്യായീകരണമില്ല. ഭിന്നശേഷിക്കാരായ ചിലര്‍ വിലപ്പെട്ട സംഭാവനകള്‍ ലോകത്തിനു നല്‍കിയിട്ടുള്ളത് നമുക്കറിയാം,” ലേഖനത്തില്‍ പറയുന്നു.

മനുഷ്യജീവന് മഹത്വവും വിലയും കല്‍പിക്കുന്നുണ്ടെങ്കില്‍ കേന്ദ്രം നിയമം പിന്‍വലിക്കണമെന്നാണ് കത്തോലിക്ക സഭ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: catholica sabha against abortion