സിനിമാസംഘടനയായ AMMAയുടെ നേതൃസ്ഥാനത്തേക്ക് വരികയെന്നത് വാസ്തവത്തില്‍ തന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലാത്ത ഒരു കാര്യമായിരുന്നുവെന്ന് പറയുകയാണ് നടന്‍ ദേവന്‍. താന്‍ ഒരിക്കലും അതിനെ കുറിച്ച് ചിന്തിക്കുകയോ സ്വപ്‌നം കാണുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരികയും മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജിവെക്കുകയും ചെയ്തതോടെയാണ് AMMA സംഘടനയില്‍ അഡ്‌ഹോക് കമ്മിറ്റി വരുന്നതെന്നും നടന്‍ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ സംഘടനയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മോഹന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്.
ഈ അഡ്‌ഹോക്ക് കമ്മിറ്റിയാണ് ആറ് മാസം AMMAയെ ഭരിച്ചതെന്നും ദേവന്‍ പറയുന്നുണ്ട്. അതിന് ശേഷമാണ് ജനറല്‍ ഇലക്ഷന് വേണ്ടി തങ്ങള്‍ പോകുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃസ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ ഒഴിഞ്ഞതിനെ കുറിച്ചും ദേവന്‍ പറയുന്നു.
‘അന്ന് ഞാന്‍ അവിടെ ഉണ്ടായിരുന്നു. ആ സ്‌റ്റേജില്‍ വെച്ച് മോഹന്‍ലാല്‍ വളരെ വ്യക്തമായി ‘ഞാന്‍ ഇനി നേതൃസ്ഥാനത്തില്ല’ എന്ന് അനൗണ്‍സ് ചെയ്തു. നമുക്ക് വേറെയൊരു ഇലക്ഷന്‍ നടത്തി, പുതിയ ഭാരവാഹികളെ കണ്ടെത്താമെന്നാണ് അദ്ദേഹം പറഞ്ഞത്.
മോഹന്‍ലാല്‍ നേതൃസ്ഥാനത്ത് നിന്ന് ഒഴിയാന്‍ തീരുമാനിച്ചെന്ന് പറഞ്ഞപ്പോള്‍, അവിടെ ഉണ്ടായിരുന്ന നൂറ് ശതമാനം ആളുകളും എഴുന്നേറ്റു നിന്നു. അവരൊക്കെ പറഞ്ഞത് ‘ലാലേട്ടന്‍ പോകരുത്. നമുക്ക് ലാലേട്ടനെ ആവശ്യമുണ്ട്’ എന്നായിരുന്നു,’ ദേവന്‍ പറഞ്ഞു.
ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ എല്ലാവരും അത് തന്നെയാണ് അപ്പോള്‍ പറഞ്ഞതെന്നും എന്നാല്‍ മോഹന്‍ലാല്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘അന്ന് അദ്ദേഹവും ഞങ്ങളുമായിട്ടുള്ള തര്‍ക്കം തന്നെ ഒരു അരമണിക്കൂറോളം നീണ്ടുനിന്നു. അങ്ങനെയാണ് വീണ്ടും ഇലക്ഷന്‍ വരുന്നത്. ഇങ്ങനെ പറഞ്ഞപ്പോഴും എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു.
അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ മോഹന്‍ലാല്‍ വരുമെന്നും അദ്ദേഹത്തിന് അങ്ങനെ നമ്മളെ ഇട്ടിട്ട് പോകാന്‍ പറ്റില്ലെന്നുമായിരുന്നു പ്രതീക്ഷ. ലാലിനോ മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോയൊന്നും അമ്മയെ ഉപേക്ഷിച്ചു പോകാന്‍ മനസ് വരില്ല. അമ്മയുമായി എല്ലാവരും അത്രയും അറ്റാച്ച്ഡാണ്,’ ദേവന്‍ പറയുന്നു.
Content Highlight: Devan Talks About AMMA And Mohanlal