ന്യൂദൽഹി: ദൽഹി യൂണിവേഴ്സിറ്റിയിൽ മനുസ്മൃതി ഒരുകാരണവശാലും പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ യോഗേഷ് സിങ്. മനുസ്മൃതിയെക്കുറിച്ച് പഠിപ്പിക്കുന്ന ധർമശാസ്ത്ര പഠനങ്ങൾ എന്ന പുതിയ കോഴ്സ് ഉൾപ്പെടുത്തിയതിന് പിന്നാലെ ദൽഹി സർവകലാശാലക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയുമായി വൈസ് ചാൻസലർ എത്തിയത്.
‘ദൽഹി സർവകലാശാലയിൽ മനുസ്മൃതിയുടെ ഒരു ഭാഗവും ഞങ്ങൾ ഒരു തരത്തിലും പഠിപ്പിക്കില്ല. മുൻ കാലങ്ങളിലും സർവകലാശാല തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാൻസലറുടെ ഓഫീസ് ഈ നിർദേശം നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. വകുപ്പുകൾ അത് പാലിക്കണം. മനുസ്മൃതി വായന വിഷയമായി പട്ടികപ്പെടുത്തിയ സംസ്കൃത വകുപ്പിന്റെ ഡിസിപ്ലിൻ-സ്പെസിഫിക് കോർ പേപ്പറായ ‘ധർമശാസ്ത്ര പഠനങ്ങൾ’ നീക്കം ചെയ്തിട്ടുണ്ട്,’ സിങ് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള ബിരുദ പാഠ്യപദ്ധതിയായ ധർമശാസ്ത്ര പഠനങ്ങളിൽ മനുസ്മൃതിയെക്കൂടാതെ രാമായണം, മഹാഭാരതം തുടങ്ങിയവയും മറ്റ് ഹിന്ദു മതഗ്രന്ഥങ്ങളും കോഴ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഈ പ്രബന്ധം നിലവിലെ അക്കാദമിക് സെഷനിൽ ഒരു പ്രധാന കോഴ്‌സായി അവതരിപ്പിച്ചിരുന്നു. നാല് ക്രെഡിറ്റുകൾ ഉൾക്കൊള്ളുന്ന കോഴ്സ് ആയിരുന്നു ഇത്.
ആപസ്തംബ ധർമസൂത്രം, ബൗധായന ധർമസൂത്രം, ബൗധായന ധർമസൂത്രം, വസിഷ്ഠ ധർമസൂത്രം, മനുസ്മൃതി, യാജ്ഞവൽക്യ സ്മൃതി, നാരദ സ്മൃതി, കൗടില്യ അർത്ഥശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നിയമ വിദ്യാർത്ഥികൾക്ക് മനുസ്മൃതി പരിചയപ്പെടുത്തണമെന്ന് ഒരു ഫാക്കൽറ്റി നിർദേശിച്ചപ്പോഴും സമാനമായ ഒരു വിവാദം ഉയർന്നുവന്നിരുന്നു. എന്നാൽ മറ്റ് ഫാക്കൽറ്റി അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് പിന്നീട് ആ നീക്കം പിൻവലിച്ചു.
Content Highlight: Delhi University Vice Chancellor Says Manusmriti Removed From Curriculum, Won’t Teach in Future