ന്യൂദല്‍ഹി: തലസ്ഥാനത്ത് എസ്.ഐ.ആറിനെതിരെയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയും നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളിറക്കി ദല്‍ഹി പൊലീസ്.
പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകരെ പൊലീസ് ലൈംഗികമായി സ്പര്‍ശിച്ചു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ദല്‍ഹി പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എക്‌സില്‍ പങ്കുവെച്ചത്.
‘കഥകള്‍ പറയുന്നത് പ്രധാനമാണ്, അതുപോലെ തന്നെ പ്രധാനമാണ് എങ്ങനെ കഥ പറയുന്നു എന്നുള്ളത്’ എന്ന കാപ്ഷനോടെയാണ് ദല്‍ഹി പോലീസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ട എല്ലാ മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ സ്ഥാപനങ്ങള്‍ നല്‍കുന്ന സാധുവായ തിരിച്ചറിയല്‍ കാര്‍ഡുകളും കൂടാതെ സാധുവായ പി.ഐ.ബി/ഡി.ഐ.പി അക്രഡിറ്റേഷന്‍ കാര്‍ഡുകളും കൈവശം കരുതണം, അത് വ്യക്തമായി കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം എന്നതാണ് ആദ്യ മാര്‍ഗനിര്‍ദേശങ്ങള്‍.
മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യമോ പ്രവര്‍ത്തനങ്ങളോ പൊലീസ് നടപടികള്‍ക്ക് തടസമാകാതിരിക്കാനും നിയമപാലന ഉദ്യോഗസ്ഥരുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും പൊലീസ് പറയുന്നു.
സംഘര്‍ഷ സാധ്യതയുള്ള സാഹചര്യങ്ങളില്‍ സ്ഥലത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ യുക്തിസഹമായ സുരക്ഷിത അകലം പാലിക്കണമെന്നം പ്രതിഷേധക്കാരില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വേര്‍തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ വേണം നില്‍ക്കാന്‍ എന്നതാണ് അവസാന മാര്‍ഗനിര്‍ദേശം.
ഒക്ടോബര്‍ മൂന്നിന് നടന്ന പ്രതിഷേധത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് കൈകാര്യം ചെയ്യുന്ന രീതിയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
ഇതിനുപിന്നാലെ ന്യായീകരണവുമായി ദല്‍ഹി പൊലീസ് രംഗത്തെത്തി. പ്രതിഷേധിക്കുന്ന സ്ത്രീകളെ ശാരീരീകമായി ഉപദ്രവിക്കുന്നു എന്ന വാദം തെറ്റാണെന്നും വനിതാ പൊലീസ് ആണ് സ്ത്രീകളെ കൈകാര്യം ചെയ്യുന്നതെന്നും ദല്‍ഹി ഡി.സി.പി വ്യക്തമാക്കി.
ഐ.ഡി കാര്‍ഡ് ഉണ്ടായിട്ടും മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞിട്ടും അവരെ ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്ത പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.
ഇതിനിടെ പൊലീസുകാര്‍ നെയിം പ്ലേറ്റ് ഊരിവെച്ച് പ്രതിഷേധക്കാരെ നേരിടാനെത്തുന്നു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ധര്‍മേന്ദ്ര പ്രധാനെതിരെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടയിലും നെയിം പ്ലേറ്റ് ഇല്ലാത്ത പൊലീസിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
ആദ്യം നിങ്ങള്‍ നെയിം ടാഗ് ധരിക്കൂ എന്ന് ദെല്‍ഹി പോലീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ മറുപടി നല്‍കിയിട്ടുണ്ട്. പൊലീസിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരില്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ആരോപണം നേരിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധപ്രകടനം നടത്തിയ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പരാതി സ്വീകരിച്ച ദല്‍ഹി പൊലീസ് നിഷ്പക്ഷമായ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
Content Highlight: Delhi police lays down rules for reporters covering protests.
