ദല്‍ഹി ജല്‍ ബോര്‍ഡ് അഴിമതി കേസ്; സത്യേന്ദര്‍ ജെയിന്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍: ബി.ജെ.പിയുടെ പ്രതികാര നടപടിയെന്ന് ആംആദ്മി പാര്‍ട്ടി
India
ദല്‍ഹി ജല്‍ ബോര്‍ഡ് അഴിമതി കേസ്; സത്യേന്ദര്‍ ജെയിന്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍: ബി.ജെ.പിയുടെ പ്രതികാര നടപടിയെന്ന് ആംആദ്മി പാര്‍ട്ടി
അഞ്ജു ചന്ദ്രന്‍
Wednesday, 19th August 2026, 3:28 pm

ന്യൂദല്‍ഹി: മലിനജല സംസ്‌കരണ പ്ലാന്റ് ( എസ്.ടി.പി) പദ്ധതികളുടെ ടെന്‍ഡര്‍ പ്രക്രിയയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിനടക്കം ആറുപേരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ദല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ജല ബോര്‍ഡിന്റെ മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ നവീകരണത്തിനായി നല്‍കിയ ടെന്‍ഡറുകളില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ടെന്‍ഡര്‍ നടപടികളില്‍ ഒരു സ്വകാര്യ കമ്പനിക്ക് അനുകൂലമായി വ്യവസ്ഥകള്‍ മാറ്റിയെന്നും ഇത് കരാര്‍ ലഭിക്കുന്നതിന് വഴിയൊരുക്കിയെന്നും അന്വേഷണ സംഘം പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

കരാര്‍ അനുവദിക്കുന്നതിലും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകളും സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് കേസിലെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ജെയിന്‍ യൂറോടെക് എന്‍വയോണ്‍മെന്റിന് അനുകൂലമായി ടെന്‍ഡര്‍ വ്യവസ്ഥകളില്‍ കൃത്രിമം കാണിച്ചതായും മുന്‍ ഡി.ജെ.ബി സി.ഇ.ഒ ഉദിത് പ്രകാശ് റായിക്കും ബന്ധുക്കള്‍ക്കും 1.52 കോടി രൂപ കൈമാറിയതായി അന്വേഷണ സംഘം പറഞ്ഞു.

സത്യേന്ദ്ര ജെയിനിന്റെ അറസ്റ്റ് രാഷ്ട്രീയ പകപ്പോക്കലാണെന്നും കേസിന്റെ അവസാനം അത് തെളിയിക്കപ്പെടുമെന്നും ആംആദ്മി നേതാക്കള്‍ പ്രതികരിച്ചു..

ഡി.ജെ.ബിയിലെ മുന്‍ കരാര്‍ കണ്‍സള്‍ട്ടന്റായ അങ്കിത് ശ്രീവാസ്തവ, എ.എന്‍ എന്റ്രര്‍പ്രൈസസിന്റെ ഉടമ നാഗേന്ദ്ര യാദവ്, യൂറോടെക് എന്‍വയോണ്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജ കുമാര്‍ , ശ്രീജന്‍ഹറിന്റെ ഉടമ പങ്കജ് വര്‍മ എന്നിവരാണ് അറസ്റ്റിലായത്.

Content Highlights: Delhi Jal Board corruption case; six people, including Satyendar Jain, arrested: Aam Aadmi Party calls it an act of political vendetta by the BJP.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.