കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാപ്പാട് സ്വദേശിയായ ലീഗ് പ്രവര്‍ത്തകന്‍ സാദിഖ് അവീറാണ് അറസ്റ്റിലായത്.
ഡി.വൈ.എഫ്.ഐ കാപ്പാട് മേഖലാ കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. സൈബര്‍ പൊലീസാണ് ലീഗ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. വടകരയില്‍ വെച്ചാണ് സാദിഖ് അവീര്‍ അറസ്റ്റിലായത്.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് ക്യാമ്പയിന്‍ നടത്തുകയാണെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പരാതി.
കഴിഞ്ഞ ദിവസം സാദിഖിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാദിഖ് നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ നേതാക്കള്‍ക്കെതിരെ അശ്ലീല പ്രയോഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ ആരോപണം.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഉള്‍പ്പെടെ ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചിട്ടുണ്ട്.