ദീപികക്ക് കണ്ടകശനി; സ്പിരിറ്റിനും കല്‍ക്കിക്കും പിന്നാലെ ദ വൈറ്റ് ലോട്ടസും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍
World Cinema
ദീപികക്ക് കണ്ടകശനി; സ്പിരിറ്റിനും കല്‍ക്കിക്കും പിന്നാലെ ദ വൈറ്റ് ലോട്ടസും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 27th February 2026, 5:15 pm

ഇന്ത്യന്‍ സിനിമയിലെ അഭിനേത്രിമാരില്‍ വലിയ മാര്‍ക്കറ്റുള്ള നായികയാണ് ദീപിക പദുകോണ്‍. 2006 ല്‍ പുറത്തിറങ്ങിയ കന്നട ചിത്രമായ ഐശ്വര്യയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. 2007 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഓം ശാന്തി ഓമിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരം സ്വപ്‌നതുല്ല്യമായ പ്രകടനമാണ് പിന്നീട് കാഴ്ചവെച്ചത്. ലൗ ആജ് കല്‍, കോക്ക്‌ടെയില്‍, ചെന്നൈ എക്‌സ്പ്രസ്സ്, പത്മാവദ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു.

ദീപിക പദുകോണ്‍. Photo: Deccan chronicle

എന്നാല്‍ അടുത്തിടെ സിനിമാമേഖലയിലെ ജോലിസമയവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെയാണ് ദീപിക സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത കല്‍ക്കി 2898 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്നും നിര്‍മാതാക്കള്‍ ദീപികയെ പുറത്താക്കിയത് വലിയ വാര്‍ത്തയായിരുന്നു. ദീപികയുടെ ജോലിസമയവും, നിബന്ധനകളുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാലാണ് താരത്തെ ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സമാനമായ രീതിയില്‍ അനിമല്‍ സംവിധായകന്റെ പുതിയ ചിത്രം സ്പിരിറ്റില്‍ നിന്നും പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് താരം പിന്മാറിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ അമേരിക്കന്‍ ഡ്രാമാ സിരീസായ ‘ദ വൈറ്റ് ലോട്ടസി’ല്‍ നിന്നും താരം പിന്മാറിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എമ്മി പുരസ്‌കാരത്തിനര്‍ഹമായ മൈക്ക് വൈറ്റ് സംവിധാനം ചെയ്യുന്ന ദ വൈറ്റ് ലോട്ടസിന്റെ നാലാമത്തെ സീസണില്‍ ദീപിക പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിരീസിലെ റോളിലേക്ക് നിര്‍ബന്ധമായും ഒഡീഷന്‍ ചെയ്യണമെന്ന നിബന്ധന അണിയറപ്രവര്‍ത്തകര്‍ കൊണ്ടുവന്നതോടെയാണ് ദീപിക സിരീസില്‍ നിന്നും പിന്മാറിയതെന്നാണ് പുറത്തുവരുന്ന വിവരം. ട്രിപിള്‍ എക്‌സ് അടക്കമുള്ള മുന്‍നിര ഹോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ട താരത്തോട് ഒഡിഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് ഇഷ്ടമാകാത്തതിനാലാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രഭാസ് നായകനാകുന്ന സ്പിരിറ്റില്‍ ഏകദേശം മുപ്പത് മുതല്‍ നാല്‍പ്പത് കോടി വരെയായിരുന്നു താരം പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിന് പുറമെ ചിത്രത്തിന്റെ പ്രോഫിറ്റില്‍ നിന്നും ആവശ്യപ്പെട്ട ഷെയറും നിഷേധിക്കപ്പെട്ടതോടെ താരം ചിത്രത്തില്‍ നിന്നും പിന്മാറിയതായാണ് വാര്‍ത്തകള്‍. അതേസമയം കല്‍ക്കിയില്‍ ജോലിസമയം ഏഴുമണിക്കൂറായി കുറക്കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം. എന്നാല്‍ മള്‍ട്ടിസ്റ്റാര്‍ കാസ്റ്റുള്ള ചിത്രത്തില്‍ ഇത് സാധ്യമാവില്ലെന്നും ദീപികയുടെ 25ഓളം വരുന്ന അനുചരസംഘത്തിന്റെ ചെലവ് വഹിക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ച് കൊണ്ട് നിര്‍മാതാക്കള്‍ ദീപികയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. പകരം സായി പല്ലവിയെ റോളിലേക്ക് കാസ്റ്റ് ചെയ്യുകയും ചെയ്തു.

ദീപിക പദുകോണ്‍.Photo: HT

തമിഴ് സംവിധായകന്‍ അറ്റ്‌ലി അല്ലു അര്‍ജുനെ നായകനാക്കി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം AA22 വും സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ നായകനാകുന്ന കിങുമാണ് ദീപികയുടെതായി വരാനിരിക്കുന്ന പുതിയ ചിത്രം.

Content Highlight: Deepika padukon opt out of The White lotus season 4

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.