എനിക്കില്ലാത്ത പേടിയെന്തിനാണ് നിങ്ങള്‍ക്കെന്ന് പൃഥ്വി എന്നോട് ചോദിച്ചു: ദീപക് ദേവ്
Entertainment
എനിക്കില്ലാത്ത പേടിയെന്തിനാണ് നിങ്ങള്‍ക്കെന്ന് പൃഥ്വി എന്നോട് ചോദിച്ചു: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th March 2025, 8:03 am

പൃഥ്വിരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് എമ്പുരാന്‍. മലയാളത്തിലെ സര്‍വ്വമാന കളക്ഷന്‍ റെക്കോഡും മറികടന്ന് മുന്നേറുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്.

ചിത്രത്തിന്റെ മ്യൂസിക്കിനെ പറ്റി സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ എമ്പുരാന്റെ മ്യൂസിക്കുമായി ബന്ധപ്പെട്ട നടക്കുന്ന ചര്‍ച്ചകളോട് പ്രതികരിക്കുകയാണ് സംഗീത സംവിധായകന്‍ ദീപക് ദേവ്. ലൂസിഫര്‍ എന്ന ചിത്രം തനിക്ക് വളരെ ചലഞ്ചിങ് ആയിരുന്നുവെന്നും എന്നാല്‍ ആ ചിത്രത്തിലെ പാട്ടുകള്‍ക്കും സ്‌കോറുകള്‍ക്കും മികച്ച അഭിപ്രായം വന്നിരുന്നുവെന്നും ദീപക് ദേവ് പറയുന്നു.

എന്നാല്‍ എമ്പുരാനിലേക്ക് വരുമ്പോള്‍ തന്നെ കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ടിരുന്നുവെന്നും തനിക്ക് പകരം വേറെ ആരെയെങ്കിലും നോക്കുന്നുണ്ടോയെന്ന് പൃഥ്വിരാജിനോട് ചോദിച്ചിരുന്നുവെന്നും ദീപക് പറഞ്ഞു. തനിക്കില്ലാത്ത പേടിയെന്തിനാണ് ദീപക്കിനെന്ന് പൃഥ്വിരാജ് അപ്പോള്‍ ചോദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദീപക് ദേവ്.

‘പുതിയ മുഖം എന്ന സിനിമതൊട്ട് പൃഥ്വിയും ഞാനും പരിചയമുണ്ട്. പിന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ലൂസിഫറിന് മുമ്പ് പൃഥ്വിരാജ് എന്റെ അടുത്ത് പറഞ്ഞു, ഇത് വളരെ ചലഞ്ചിങ് ആയിരിക്കും. ഇതുവരെയുള്ള ദീപക് ദേവല്ല ലൂസിഫറില്‍ വേണ്ടത്, വേറെ ഒരാളെയാണ് എന്ന്. അങ്ങനെ ലൂസിഫര്‍ ചെയ്യുന്ന സമയത്ത് എനിക്കത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

എന്നെത്തന്നെ ഞാന്‍ വീണ്ടും കണ്ടുപിടിക്കുന്നതുപോലെയായിരുന്നു അത്. കംഫര്‍ട്ട് സോണില്‍ നിന്നുമാത്രം സിനിമ ചെയ്ത ഞാന്‍, ഞാനുമായി ഒട്ടും കണക്ട് ആകാത്ത ഒരു ഴോണറില്‍ പോയി വീഴുകയായിരുന്നു. അതില്‍ ഞാന്‍ നന്നായി എക്സ്പ്ലോര്‍ ചെയ്തു. അതിന്റെ റിസള്‍ട്ട് വന്നപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി.

മിക്‌സിങ് നടക്കുന്ന സമയമായപ്പോള്‍ പൃഥ്വി പറഞ്ഞു, ‘ഇപ്പോള്‍ കണ്ടില്ലേ ഇങ്ങനത്തെ സാധനമെല്ലാം അകത്തുണ്ടായിരുന്നു. ആരെങ്കിലും പിടിച്ച് പുറത്ത് കൊണ്ടുവന്നാല്‍ മാത്രമേ അതൊക്കെ വരൂ’ എന്ന്.

കംഫര്‍ട്ട് സോണില്‍ നിന്നുമാത്രം സിനിമ ചെയ്ത ഞാന്‍, ഞാനുമായി ഒട്ടും കണക്ട് ആകാത്ത ഒരു ഴോണറില്‍ പോയി വീഴുകയായിരുന്നു

എമ്പുരാന്റെ മ്യൂസിക്കിനെ പറ്റിയുള്ള ചര്‍ച്ചകള്‍ ഞാനും കാണുന്നുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഒരു ട്രൂ ഫ്രണ്ടും കൂടെ ആയതുകൊണ്ട് ഇതെല്ലം അദ്ദേഹത്തിന് അയച്ചുകൊടുത്തിട്ട് പറഞ്ഞു, ഇങ്ങനെ ഒരു ചര്‍ച്ച നടക്കുന്നുണ്ട്. ആളുകള്‍ വേറെ ആരെയെങ്കിലും പ്രതീക്ഷിച്ചിട്ട് ഞാന്‍ ചെയ്തത് ഇഷ്ടപ്പെട്ടില്ലെങ്കിലോ, വേറെ പ്രശ്‌നം ആയാലോ, അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ തന്നെ വേറെ നോക്കുന്നതല്ലേ നല്ലതെന്ന്.

അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ‘നിങ്ങള്‍ ലൂസിഫര്‍ ചെയ്ത ആളല്ലേ, അതിന് മുമ്പും ഇതുതന്നെ അല്ലെ ചെയ്തുകൊണ്ടിരുന്നത്. നിങ്ങളുടെ കഴിവെന്താണെന്ന് എനിക്കറിയാം. എനിക്കില്ലാത്ത പേടിയെന്തിനാണ് നിങ്ങള്‍ക്ക്’ എന്ന്,’ ദീപക് ദേവ് പറയുന്നു.

Content Highlight: Deepak Dev talks about the discussions going on in music of Empuraan Movie