കര്‍മ എന്താണെന്ന് അന്ന് മനസിലായി; അവനെ നന്നാക്കാന്‍ നിന്ന എന്നെ സുഷിന്‍ ചീത്തയാക്കി: ദീപക് ദേവ്
Entertainment
കര്‍മ എന്താണെന്ന് അന്ന് മനസിലായി; അവനെ നന്നാക്കാന്‍ നിന്ന എന്നെ സുഷിന്‍ ചീത്തയാക്കി: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th March 2025, 5:38 pm

സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ദീപക് ദേവ്. ക്രോണിക് ബാച്ച്ലര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീത സംവിധായകനായി തന്റെ കരിയര്‍ തുടങ്ങിയത്.

ആദ്യ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായി മാറിയപ്പോള്‍ തുടക്കകാലത്ത് തന്നെ തിരക്കുള്ള സംഗീത സംവിധായകനായി മാറാന്‍ ദീപക്കിന് സാധിച്ചു. പിന്നാലെ എത്തിയ ഉദയനാണ് താരം, നരന്‍ തുടങ്ങിയ സിനിമകളിലെ ഗാനങ്ങളെല്ലാം വമ്പന്‍ സ്വീകാര്യത നേടിയിരുന്നു.

ഇപ്പോള്‍ സുഷിന്‍ ശ്യാമുമൊത്തുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ദീപക് ദേവ്. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ എന്തൊക്കെ കുരുത്തകേടുകള്‍ വിദ്യാസാഗറിന്റെ അടുത്ത് കളിച്ചിട്ടുണ്ടോ അതൊക്കെ സുഷിന്‍ തന്റെ അടുത്ത് കളിച്ചിട്ടുണ്ടെന്നാണ് ദീപക് പറയുന്നത്. അന്നാണ് കര്‍മയെന്നത് ശരിയാണെന്ന് മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സുഷിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് എപ്പോഴും ഓര്‍മ വരുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ആ കാര്യം അവനോട് തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് എന്നെ തന്നെ ഓര്‍മ വരുന്ന സംഭവമാണ് അത്.

എന്തൊക്കെ കുരുത്തകേടുകള്‍ ഞാന്‍ വിദ്യാസാഗറിന്റെ അടുത്ത് കളിച്ചിട്ടുണ്ടോ അതൊക്കെ സുഷിന്‍ എന്റെ അടുത്ത് കളിച്ചിട്ടുണ്ട്. അന്നാണ് കര്‍മ എന്നത് ശരിയാണെന്ന് മനസിലാകുന്നത്.

നമ്മള്‍ കൊടുത്താല്‍ അത് കിട്ടിയിരിക്കും. അവന്റെ അമ്മയാണ് അവനെ എന്റെ അടുത്തേക്ക് കൊണ്ടുവരുന്നത്. ബോര്‍ഡിങ് സ്‌കൂളിലെ പ്രിന്‍സിപാളിന്റെ അടുത്ത് കൊണ്ടുവരുന്നത് പോലെയായിരുന്നു അത്.

‘ഇവന്‍ മ്യൂസിക്ക് എന്ന് പറഞ്ഞ് നടക്കുകയാണ്. തലശ്ശേരിയില്‍ മ്യൂസിക്കും കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല. അറിയുന്ന ആരുടെയെങ്കിലും കൂടെ ഇവനെ കുറച്ച് നാള്‍ നിര്‍ത്തണം. ദുഃശീലങ്ങളൊന്നും ഇല്ല. അതൊക്കെ ഒരു പേടിയുണ്ട്’ എന്നായിരുന്നു അമ്മ അന്ന് പറഞ്ഞത്.

ഒന്നും പേടിക്കണ്ട. എന്റെ അടുത്തല്ലേ. ഞാന്‍ ശരിയാക്കിയെടുത്തോളാം എന്ന് ഞാന്‍ മറുപടി പറഞ്ഞു. പിന്നെ എനിക്കുള്ള സകല ദുഃശീലങ്ങളും കിട്ടിയത് ഇവന്റെ അടുത്ത് നിന്നാണ്. ഇവനെ നന്നാക്കാന്‍ നിന്ന എന്നെ കൂടെ അവന്‍ ചീത്തയാക്കി എന്ന് പറയുന്നതാകും നല്ലത്,’ ദീപക് ദേവ് പറയുന്നു.

Content Highlight: Deepak Dev Talks About Sushin Shyam