പൃഥ്വിരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് എമ്പുരാന്‍. മലയാളത്തിലെ സര്‍വ്വമാന കളക്ഷന്‍ റെക്കോഡും മറികടന്ന് മുന്നേറുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിലെ എമ്പുരാനെ എന്ന പാട്ടിലെ കുട്ടിയുടെ ശബ്ദം പൃഥ്വിരാജിന്റെ മകളായ അലംകൃതയുടേതായിരുന്നു.
ഇപ്പോള്‍ ആദ്യമായി സൂം മീറ്റിലൂടെ അലംകൃതയുമായി സംസാരിച്ച അനുഭവം പങ്കുവെക്കുകയാണ് ദീപക് ദേവ്. അലംകൃത മുംബൈയില്‍ നിന്നും പൃഥ്വിരാജ് ഒഡീസയില്‍ നിന്നുമാണ് സൂം കോളില്‍ ചേര്‍ന്നതെന്നും അച്ഛന്റെ ശത്രുവാണ് താനെന്ന് പറഞ്ഞാണ് പൃഥ്വിരാജ് തന്നെ പരിചയപെടുത്തിയതെന്നും ദീപക് പറയുന്നു. ഒറിജിനല്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദീപക് ദേവ്.
‘മകള്‍ ബോംബെയില്‍ ഇരുന്ന് പാടുമ്പോള്‍ അച്ഛന്‍ ഒറീസയിലാണ്. അച്ഛന്‍ ഒറീസയില്‍ നിന്ന് സൂമില്‍ ഒരു വിന്‍ഡോയില്‍, മകള്‍ വേറെ സ്ഥലത്ത് മറ്റൊരു വിന്‍ഡോയില്‍. ഞങ്ങള്‍ മൂന്ന് പേരും സൂം കോളില്‍ വന്നപ്പോള്‍ ആദ്യം തന്നെ ഞാനാണ് മ്യൂസിക് ഡയറക്ടര്‍ എന്ന് പറഞ്ഞ് കൊച്ചിനെ പേടിപ്പിക്കാന്‍ പറ്റില്ലല്ലോ.
അങ്ങനെ കുട്ടിയെ കംഫര്‍ട്ടബിള്‍ ആക്കാന്‍ വേണ്ടി ഞാന്‍ ‘ഹൗ ആര്‍ യു..എവിടെയാ പഠിക്കുന്നനെ’ എന്നൊക്കെ ചോദിച്ചു. അപ്പോള്‍ അച്ഛന്‍ പൃഥ്വിരാജ് അതിന്റെ ഇടക്ക് കേറി വന്നിട്ട് പറയുകയാണ്, ‘അലി, ഇത് ദീപക് ദേവാണ്. മ്യൂസിക് ഡയറക്ടര്‍ ആണ്. അവന്‍ എന്റെ ശത്രുവാണ്, സൂക്ഷിക്കണം. അധികം അടുപ്പിക്കരുത്’ എന്ന്. അത് കേട്ടപ്പോള്‍ കൊച്ചെന്നെ ഞെട്ടി നോക്കുകയാണ്.
പൃഥ്വി..ചതിക്കല്ലേ എന്ന് ഞാന്‍ പറഞ്ഞിട്ടും എന്നെ സൂക്ഷിക്കണമെന്ന് അവന്‍ മോളോട് പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ മോള്‍ നല്ല സ്വീറ്റായിരുന്നു. എമ്പുരാനെ..എമ്പുരാനെ..എന്ന രണ്ട് വാരി മാത്രമാണ് അലി പാടുന്നത്. അത് കഴിഞ്ഞ ഉടനെ ആനന്ദ് ശ്രീരാജിന്റെ വോയ്സില്‍ എമ്പുരാനെ എന്ന് പാടും. നിഷ്‌കളങ്കത ഒരു സൈഡിലും ഡിവിലിഷ് മറ്റൊരു സൈഡിലും. അതായിരുന്നു കണ്‍സെപ്റ്റ്,’ ദീപക് ദേവ് പറയുന്നു.