അങ്ങനെ ഡി.സിയും ഒ.ടി.ടിയിലേക്ക്.... ദാസിന്റെയും ചന്ദ്രയുടെയും കഥ എപ്പോള്‍ എവിടെ കാണാനാകും?
Indian Cinema
അങ്ങനെ ഡി.സിയും ഒ.ടി.ടിയിലേക്ക്.... ദാസിന്റെയും ചന്ദ്രയുടെയും കഥ എപ്പോള്‍ എവിടെ കാണാനാകും?
അമര്‍നാഥ് എം.
Sunday, 30th August 2026, 10:52 pm

ഈ വര്‍ഷം തമിഴിലെ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ഡി.സി. ലോകേഷ് കനകരാജ് ആദ്യമായി നായകവേഷം കൈകാര്യം ചെയ്ത ചിത്രം സിനിമാപ്രേമികള്‍ക്ക് മറക്കാനാകാത്ത ട്രീറ്റായി മാറി. കണ്ടുമടുത്ത ക്ലീഷേ കഥയുടെ ഗംഭീരമായ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവുമാണ് ഡി.സിയുടെ പ്രധാന ഹൈലൈറ്റ്.

ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. ഈ വര്‍ഷം 100 കോടി ക്ലബ്ബില്‍ ഇടംനേടിയ നാലാമത്തെ ചിത്രമാണ് ഡി.സി. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തിലും വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലേക്കെത്തിയിരിക്കുകയാണ്. അടുത്തയാഴ്ച ഡി.സി ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും.

സെപ്റ്റംബര്‍ നാലിനാണ് ഡി.സിയുടെ ഒ.ടി.ടി റിലീസ്. സണ്‍ നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, സോണി ലിവ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പകരം നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നതെന്നത് പലരുടെയും ശ്രദ്ധ നേടുന്നുണ്ട്.

ഒ.ടി.ടി റിലീസിന് ശേഷം ചിത്രം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. പലയിടത്തും സര്‍പ്രൈസ് ഹിറ്റായി മാറിയ ഡി.സിക്ക് തമിഴ്‌നാട്ടില്‍ മാത്രം വേണ്ടത്ര കളക്ഷന്‍ ലഭിച്ചിട്ടില്ലെന്നും സിനിമാപേജുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. വേള്‍ഡ്‌വൈഡായി 100 കോടിയിലേറെ നേടിയ ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്ന് ആകെ 22 കോടിക്കടുത്ത് മാത്രമാണ് ലഭിച്ചത്.

കേരളത്തില്‍ ഈ വര്‍ഷം ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണ് ഡി.സി. 17 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്. തമിഴ്‌നാടിന് പുറത്ത് ഗംഭീര വരവേല്പ് ലഭിച്ച ഡി.സിക്ക് സ്വന്തം നാട്ടില്‍ വേണ്ടത്ര തിളങ്ങാന്‍ പറ്റാതെ പോയത് സിനിമാപേജുകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നല്ല സിനിമകള്‍ ഒരിക്കലും തമിഴ് പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നതിന്റെ അവസാന എന്‍ട്രിയായി ഡി.സി മാറി.

വിഖ്യാതമായ ദേവ്ദാസ് നോവലിന്റെ വ്യത്യസ്തമായ ചലച്ചിത്രഭാഷ്യമാണ് ഡി.സി. ദേവ്ദാസായി ലോകേഷ് വേഷമിട്ടപ്പോള്‍ വാമികയാണ് ചന്ദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വയലന്‍സും ആക്ഷനുമൊപ്പം പ്രണയവും മിക്‌സ് ചെയ്ത കഥപറച്ചിലാണ് ചിത്രത്തിന്റേത്. സ്ഥിരം ശൈലിയില്‍ നിന്ന് മാറി ചെയ്ത അനിരുദ്ധിന്റെ സംഗീതവും ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കി.

Content Highlight: DC movie announced its OTT release

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം