മത്സരം ബഹിഷ്‌കരിക്കുന്നത് യുക്തിയല്ല, പാകിസ്ഥാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി പോരാടണം; വിമര്‍ശനവുമായി ഡാനിഷ് കനേരിയ
Cricket
മത്സരം ബഹിഷ്‌കരിക്കുന്നത് യുക്തിയല്ല, പാകിസ്ഥാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി പോരാടണം; വിമര്‍ശനവുമായി ഡാനിഷ് കനേരിയ
ശ്രീരാഗ് പാറക്കല്‍
Monday, 2nd February 2026, 10:51 pm

ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നതില്‍ ഒരു യുക്തിയും ഇല്ലെന്ന് മുന്‍ പാക് താരം ഡാനിഷ് കനേരിയ ഐ.എ.എന്‍.എസിനോട് പറഞ്ഞു. പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാന്‍ വരില്ലെന്ന് നേരത്തെ അഭ്യര്‍ത്ഥിച്ചതിനാലാണ് ഇരുവരും തമ്മിലുള്ള മത്സരങ്ങള്‍ ശ്രീലങ്കയില്‍ ക്രമീകരിച്ചതെന്നും ഇപ്പോള്‍ മത്സരം ബഹിഷ്‌കരിക്കുന്നതില്‍ യുക്തിയില്ലെന്നും കനേരിയ പറഞ്ഞു.

മാത്രമല്ല ഇന്ത്യയെ സെമിഫൈനലിലോ ഫൈനലിലോ നേരിടേണ്ടി വന്നാല്‍ ഫൈനല്‍ കളിക്കില്ലെന്ന് പറഞ്ഞ് പാകിസ്ഥാന്‍ ട്രോഫി കൈമാറുമോ എന്നും ഡാനിഷ് ചോദ്യമുയര്‍ത്തി. പാകിസ്ഥാന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി പോരാടണമെന്നും മത്സരം ജയിക്കണമെന്നും അപ്പോള്‍ എല്ലാത്തിനും പ്രതികാരം ചെയ്തതായി തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാന്‍ വരില്ലെന്ന് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു, ആ അഭ്യര്‍ത്ഥന സ്വീകരിച്ചു, അതിനാല്‍ അവരുടെ മത്സരങ്ങള്‍ ഒരു നിഷ്പക്ഷ വേദിയായ ശ്രീലങ്കയില്‍ ക്രമീകരിച്ചു. ഈ മത്സരം ബഹിഷ്‌കരിക്കുന്നതില്‍ യുക്തിയില്ല,

ഈ തീരുമാനത്തോടെ പാകിസ്ഥാന്‍ സെമിഫൈനലിലേക്കോ നോക്കൗട്ടിലേക്കോ ഉള്ള പാത കൂടുതല്‍ ദുഷ്‌കരമാക്കി. ഇത് വളരെ തെറ്റായ തീരുമാനമാണെന്ന് ഞാന്‍ കരുതുന്നു. ടി-20 ലോകകപ്പായാലും 50 ഓവര്‍ ലോകകപ്പായാലും ലോകകപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്.

നാളെ ഇന്ത്യയെ സെമിഫൈനലിലോ ഫൈനലിലോ നേരിടേണ്ടി വന്നാല്‍, ഫൈനല്‍ കളിക്കില്ലെന്ന് പറഞ്ഞ് പാകിസ്ഥാന്‍ ട്രോഫി കൈമാറുമോ? നിങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി പോരാടണം, അവിടെ നിന്ന് ജയിക്കണം, അപ്പോള്‍ എല്ലാത്തിനും പ്രതികാരം ചെയ്തതായി തോന്നും. പക്ഷേ മത്സരം ബഹിഷ്‌കരിക്കുന്നത് കൊണ്ട് ഒരു വ്യത്യാസവുമില്ല. തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വം വിവേകത്തോടെ എടുക്കണം,’ ഡാനിഷ് കനേരിയ പറഞ്ഞു.

ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരങ്ങള്‍ ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാനെതിരെ നിലവില്‍ കടുത്ത വിമര്‍ശനങ്ങളാണ് നടക്കുന്നത്. ഇതോടെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് ഐ.സി.സിയും. ഫൈനും സസ്പെന്‍ഷനുമടക്കമുള്ള കാര്യങ്ങള്‍ പാകിസ്ഥാന്‍ നേരിടേണ്ടി വരുമെന്നാണ് ഐ.സി.സി അറിയിച്ചത്.

നാളെയോ മറ്റന്നാളോ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് ഐ.സി.സി പറഞ്ഞത്. മാത്രമല്ല മത്സരത്തിനായി കൊളമ്പോയിലേക്ക് പോകുമെന്നും മത്സരം ഉപേക്ഷിച്ചു എന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ സ്റ്റേഡിയത്തില്‍ തുടരുമെന്നും ബി.സി.സി.ഐ പറഞ്ഞു.

Content Highlight: Danish Kaneria Criticize Pakistan Cricket Team

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ