തിരുവനന്തപുരം: പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമെന്ന് മോഷണക്കുറ്റത്തിന് പൊലീസ് തടഞ്ഞുവെച്ച ദലിത് സ്ത്രീയായ ബിന്ദു. അപമാനം കാരണം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്നും എന്നാല്‍ മക്കളെക്കുറിച്ച് ഓര്‍ത്തതുകൊണ്ട് മാത്രമാണ് അത് വേണ്ടായെന്ന് വെച്ചതെന്നും ബിന്ദു പറഞ്ഞു.
വ്യാജമോഷണക്കുറ്റം ആരോപിച്ച് രാവന്തിയോളം പൊലീസുകാര്‍ സ്റ്റേഷനില്‍ തടഞ്ഞ് വെച്ചിട്ടും ഒരു തുള്ളി വെള്ളം പോലും തന്നില്ല. ദാഹം സഹിക്കവയ്യാതായപ്പോള്‍ ശുചിമുറിയിലെ വെള്ളം കുടിക്കാമെന്ന് കരുതിയെങ്കിലും അതിലും വെള്ളം ഉണ്ടായിരുന്നില്ലെന്ന് ബിന്ദു പറഞ്ഞു.
തന്റെ ശരീരത്തിന്റെ നിറവും ജാതിയും കാരണമാണ് തനിക്കെതിരെ ഇത്തരം ഒരു കുറ്റം ചുമത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചതെന്നും ബിന്ദു വ്യക്തമാക്കി. ഇനി എത്ര കാലം കഴിഞ്ഞാലാണ് ചെയ്യാത്ത കുറ്റത്തിന് താനും കുടുംബവും നേരിട്ട അപമാനം മാറുകയെന്നറിയില്ല.
ബിന്ദുവിനെതിരെ മോഷണക്കുറ്റം ആരോപിച്ച് സ്റ്റേഷനില്‍ തടഞ്ഞ് വെച്ച സംഭവത്തില്‍ പേരൂര്‍ക്കട എസ്.ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തത്. വീഴ്ച്ചയുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. എസ്.ഐക്കെതിരായ നടപടിയില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ബിന്ദു എന്നാല്‍ മറ്റ് രണ്ട് പൊലീസുകാര്‍കൂടി സംഭവത്തില്‍ കുറ്റക്കാരാണെന്നും അവര്‍ക്കെതിരേയും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞിരുന്നു.
500 രൂപ ദിവസക്കൂലിക്ക് വീട്ടുജോലി ചെയ്തിരുന്ന വീട്ടിലെ മാല കാണാനില്ല എന്ന പരാതിയെത്തുടര്‍ന്നാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. ഏപ്രില്‍ 23ന് മൂന്ന് മണിയോടെ സ്റ്റേഷനിലെത്തിച്ചു. അപ്പോള്‍ മുതല്‍ തന്റെ നിരപരാധിത്വം പൊലീസുകാരോട് പലകുറി പറഞ്ഞെങ്കിലും ആരും ചെവിക്കൊള്ളാന്‍ തയ്യാറായില്ല.
രാത്രി വനിത പൊലീസെത്തി വിവസ്ത്രയാക്കി പരിശോധന നടത്തിയെങ്കിലും ഒന്നു കണ്ടെത്താന്‍ സാധിച്ചില്ല. വീട്ടിലുള്ള മക്കളെ വിളിച്ച് അറിയിക്കാന്‍ ഫോണ്‍ ചോദിച്ചെങ്കിലും പൊലീസുകാര്‍ കൊടുത്തില്ല. സ്റ്റേഷനിലുള്ള സമയത്താകട്ടെ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളാണ് സി.ഐയും എസ്.ഐയും തന്നെ വിളിച്ചിരുന്നതെന്നും ബിന്ദു പറഞ്ഞു.
തുടര്‍ന്ന് രാത്രിയോടെ ബിന്ദു താമസിക്കുന്ന പനവൂര്‍ ആട്ടുകാല്‍ തോട്ടരികത്തു വീട്ടില്‍ എത്തിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഇതോടെ നാട്ടുകാര്‍ക്കിടയില്‍ താനൊരു കള്ളിയാണെന്ന പ്രതീതിയുണ്ടായതായും ബിന്ദു കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ കൗമാരക്കാരായ മക്കളോടൊപ്പം ഭര്‍ത്താവ് പ്രദീപനോട് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പറഞ്ഞു. അനുവദിക്കാത്തതിന് അവരുടെ മുന്നില്‍വെച്ചും അസഭ്യവര്‍ഷം തുടര്‍ന്നു. കുടുംബത്തോടൊപ്പം കേസില്‍ കുടുക്കുമെന്നായി പിന്നെ പൊലീസിന്റെ ഭീഷണി.
ഇങ്ങനെ പുലര്‍ച്ചെ മൂന്ന് മണിവരെ ജാതിപ്പേര് വിളിച്ചും അസഭ്യം പറഞ്ഞും പൊലീസുകാര്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നതായി ബിന്ദു പറഞ്ഞു. ഒടുവില്‍ ഒരു പേപ്പര്‍ വിരിച്ച് തറയില്‍ ഇരുത്തി. രാവിലെയായപ്പോള്‍ ജോലി ചെയ്തിരുന്ന വീട്ടിലെ ഉടമ ഓമന സ്‌റ്റേഷനിലെത്തി മാല വീട്ടില്‍ നിന്ന് കിട്ടിയതായി പറഞ്ഞു.
എന്നാല്‍ ഇക്കാര്യം പൊലീസ് ബിന്ദുവിനോട് പറഞ്ഞില്ല. പകരം മക്കളെയോര്‍ത്ത് നിന്നെ പരാതിക്കാര്‍ വെറുതെ വിടുന്നതായാണ് എസ്.ഐ. പ്രസാദ് പറഞ്ഞത്. പീന്നിട് പൊലീസ് വീട്ടിലേക്ക് പോയിക്കൊള്ളാന്‍ പറഞ്ഞെങ്കിലും സ്റ്റേഷനില്‍ പിടിച്ച് വെച്ച ഫോണ്‍ തിരികെ നല്‍കാതെ പോവില്ലെന്ന് പറഞ്ഞതോടെ വീണ്ടും 12 മണിയോടെ സ്‌റ്റേഷനില്‍ നിര്‍ത്തി.
അതേസമയം ബിന്ദുവിനോട് മോശമായി പെറുമാറിയ പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് മുന്‍ മന്ത്രിയും സി.പി.ഐ.എം എം.എല്‍.എയുമായ കെ.കെ. ശൈലജ ഇന്നലെ പറഞ്ഞിരുന്നു.
രാത്രിയില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ പാടുള്ളതല്ലെന്നും ചില പൊലീസുകാരുടെ ഇത്തരം പെരുമാറ്റമാണ് സേനയ്ക്കാകെ അപമാനമുണ്ടാക്കുന്നതാണെന്നും കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി.
Content Highlight: Dalit women Bindhu who accused false theft case describe the atrocities she faced in Peroorkkada Police station